അഹ്മദാബാദ്: മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ എട്ടുവർഷം പിന്നിടുമ്പോഴാണ് ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിന്റെ പാതയിലെത്തുന്നത്. മോർബി തൂക്കുപാലം ദുരന്തം ബി.ജെ.പി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇക്കുറി ത്രികോണ മത്സരമാണ് ഗുജറാത്തിൽ. കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും ബി.ജെ.പിക്കെതിരെ കളത്തിലുണ്ട്. രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബർ ഒന്നിനും രണ്ടാംഘട്ടം അഞ്ചിനും.
രണ്ടു ദശകത്തിലേറെയായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. 1995ൽ കോൺഗ്രസിനെ തറപറ്റിച്ച് 182ൽ 121 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. അന്ന് കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ബി.ജെ.പിയുടെ പടയോട്ടം.
കേശുഭായ് പട്ടേൽ ബാറ്റൺ പിന്നീട് നരേന്ദ്ര മോദിക്ക് കൈമാറി. പിന്നീട് വന്ന അഞ്ച് തെരഞ്ഞെടുപ്പിലും ബി.ജെ.പി നൂറിൽ കൂടുതൽ സീറ്റ് നേടി. എന്നാൽ, 2017ലെ തെരഞ്ഞെടുപ്പിൽ അവരുടെ കണക്ക് കൂട്ടൽ ചെറുതായി പിഴച്ചു. ബി.ജെ.പിക്ക് ലഭിച്ചത് 99 സീറ്റാണ്. എതിരാളിയായ കോൺഗ്രസിന് 78 സീറ്റും. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം 21 സീറ്റുകൾ മാത്രം. കടുത്ത ഭരണവിരുദ്ധ വികാരമാണ് അന്ന് ബി.ജെ.പിയുടെ സീറ്റ് നൂറിൽ താഴെ ആക്കിയത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. 1990നും ശേഷം കോൺഗ്രസ് പുറത്തെടുത്ത ഏറ്റവും നല്ല പ്രകടനമായിരുന്നു അതെന്നും വിലയിരുത്താം.
ആ തെരഞ്ഞെടുപ്പിനു ശേഷം ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി. 62 ആണ് ഇപ്പോൾ കോൺഗ്രസ് എം.എൽ.എമാരുടെ അംഗസംഖ്യ. ബി.ജെ.പിക്ക് 111 എം.എൽ.എമാരുണ്ട്. എൻ.സി.പിക്കും ഭാരതീയ ട്രൈബൽ പാർട്ടിക്കും ഓരോന്ന് വീതം എം.എൽ.എമാരും ഒരു സ്വതന്ത്രനുമാണ് ഗുജറാത്ത് നിയമസഭയിലുള്ളത്.
ഇക്കുറി അരയും തലയും മുറുക്കി ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. 2017ൽ കോൺഗ്രസ്-ബി.ജെ.പി ഇതര കക്ഷികൾക്ക് ആരെ കിട്ടിയത് രണ്ടു ശതമാനത്തിൽ താഴെ വോട്ടാണ്. പതിവ് പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശബ്ദമായാണ് ഇക്കുറി കോൺഗ്രസിന്റെ പ്രചാരണം. വീടുകൾ കയറിയിറങ്ങിയുള്ള വോട്ട് പിടിത്തവും ബൂത്ത്തലത്തിലുള്ള പ്രവർത്തനങ്ങളിലുമാണ് കോൺഗ്രസ് ശ്രദ്ധിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. വോട്ടുറപ്പിക്കാൻ ഹിന്ദുത്വ കാർഡിറക്കിയാണ് എ.എ.പിയുടെ വോട്ട്പിടിത്തം. എന്നാൽ ഇത് തങ്ങൾക്ക് അനുകൂലമാവുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.എ.പി സൂറത്തിലടക്കമുള്ള മേഖലകളിൽ നേട്ടമുണ്ടാക്കിയിരുന്നു. പഞ്ചാബിൽ ഭരണംപിടിച്ച സാഹചര്യം പോലെ ഗുജറാത്തിലുമുണ്ടെന്നാണ് എ.എ.പി കരുതുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച രാഘവ് ഛദ്ദയാണ് ഗുജറാത്തിലും എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.