ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ബി.ജെ.പി അഴിമതിയുടെ വെയർഹൗസാണെന്ന് ഇരുവരും സംയുക്തമായി ഗാസിയാബാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നിങ്ങൾ സുതാര്യത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോൾ പിന്നെ എന്തിനാണ് ബി.ജെ.പിക്ക് പണം നൽകിയവരുടെ പേരുകൾ മറച്ചുവെക്കുന്നത്. അവർ പണം തന്ന തീയതികൾ എന്തിനാണ് മറച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയാണിതെന്നും രാഹുൽ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രകടനം എന്തായിരിക്കുമെന്ന ചോദ്യത്തിന് താൻ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നില്ലെന്നായിരുന്നു രാഹുലിന്‍റെ മറുപടി. എന്നാൽ, ബി.ജെ.പിക്ക് 150ലധികം സീറ്റുകളിൽ ജയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റുകൾ പ്രവചിക്കില്ല. 20 ദിവസം മുമ്പ് വരെ ബി.ജെ.പി 180 സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു കരുതിയത്. അവർ 150 സീറ്റുകളിലൊതുങ്ങുമെന്നാണ് ഇപ്പോൾ തോന്നുന്നത്. സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പാർട്ടി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി തീരുമാനിച്ചാൽ അമേത്തിയിൽ മത്സരിക്കുമെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന അമേത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടിരുന്നു. ബി.ജെ.പിയുടെ സ്മൃതി ഇറാനി 55,120 വോട്ടുകൾക്കാണ് രാഹുലിനെ തോൽപിച്ചത്. ഭരണഘടനയെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ വരുന്ന തെരഞ്ഞെടുപ്പ് പ്രത്യായശാസ്ത്രത്തിന്‍റെ തെരഞ്ഞെടുപ്പ് കൂടിയാണ്. ഒരുവശത്ത് ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും മുൻ കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിൽ എസ്.പിയും കോൺഗ്രസും ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായാണ് മത്സരിക്കുന്നത്. 17 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള 63 സീറ്റുകളിൽ എസ്.പിയും സഖ്യത്തിലെ മറ്റു പാർട്ടികളും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.