കൊൽക്കത്ത: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചെറിയ പാർട്ടികൾ ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും മമത ബാനർജി അഭ്യർഥിച്ചു.
തൃണമൂൽ കോൺഗ്രസ് ചെയർപേഴ്സണായി വീണ്ടും മമത ബാനർജിയെ തെരഞ്ഞെടുത്തു. പാർട്ടി ഒറ്റക്കെട്ടായി എതിരില്ലാതെയാണ് മമതയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തതെന്ന് പാർട്ടി സെക്രട്ടറി ജനറൽ പാർത്ത ചാറ്റർജി പറഞ്ഞു.
ബി.ജെ.പിയെ വിമർശിച്ചായിരുന്നു മമതയുടെ വാക്കുകൾ. ഇതുവരെ ഏഴ് -എട്ട് ബി.ജെ.പി നേതാക്കളുമായി സംസാരിച്ചു. അവർ തൃണമൂൽ കോൺഗ്രസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും മമത പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിനെക്കുറിച്ചും അവർ സംസാരിച്ചു. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും യാതൊന്നും നൽകാത്ത ബജറ്റാണിതെന്നായിരുന്നു പ്രതികരണം. ഏജൻസികളിലല്ല ജനങ്ങളിലാണ് ടി.എം.സി വിശ്വസിക്കുന്നത്. ഡൽഹിയിൽ ആദ്യ വർക്കിങ് കമ്മിറ്റി യോഗം ചേരുമെന്നും മമത പറഞ്ഞു.
ബി.ജെ.പിക്ക് മൂന്ന് ആഭരണങ്ങളാണുള്ളത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ പണം. ബി.ജെ.പിക്ക് ബംഗാളിൽ ദല്ലാളുകളുണ്ട്. അവർ പെഗസസ് സോഫ്റ്റ്വെയറിനേക്കാൾ അപകടകാരികളാണെന്നും ഗവർണർ ജഗദീപ് ധാൻകറിനെ പേരെടുത്ത് പരാമർശിക്കാതെ മമത പറഞ്ഞു.
1998ൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധം ഉപേക്ഷിച്ച ശേഷമാണ് മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. അന്നുമുതൽ മമത പാർട്ടി ചെയർപേഴ്സൺ സ്ഥാനം അലങ്കരിച്ചു. 2001ലും 2006ലും ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് പിന്നാലെ 2011ൽ തൃണമൂൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. തുടർച്ചയായ മൂന്നാംതവണയും പാർട്ടി അധികാരത്തിലെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.