അമരാവതി: നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദിവാസി യുവാവിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ഏലൂരിൽ ട്രൈബൽ വെൽഫെയർ ആശ്രമത്തിലാണ് സംഭവം. ആദിവാസി വിഭാഗക്കാരനായതാണ് വിദ്യാർഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകുമെന്നും ജീവൻ വേണ്ടവർ ഉടനെ തിരിച്ചുപൊകണമെന്നും മൃതദേഹത്തിനരികെ നിന്നും ലഭിച്ച കത്തിൽ കുറിച്ചിരുന്നതായാണ് റിപ്പോർട്ട്.
വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം ഹോസ്റ്റൽ പരിസരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നിലയിൽ കണ്ടെത്തിയ കത്തിൽ ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടായേക്കാമെന്നും ജീവൻ വേണ്ടവർ ഉടനെ സ്ഥലംവിടണമെന്നുമുള്ള ഭീഷണിസന്ദേശവുമുണ്ടായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരൻ ഇതേ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു വിദ്യാർഥിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. എല്ലാവരും ഉറങ്ങുന്നതിനിടെ ജനൽ വഴി ഹോസ്റ്റൽ മുറിക്ക് അകത്ത് കടന്ന സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഹോസ്റ്റൽ വാർഡനോ വാച്ച്മാനോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികളായ മറ്റ് വിദ്യാർഥികൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.