ന്യൂഡൽഹി: 1.1 ഡിഗ്രി സെൽഷ്യസിൽ തലസ്ഥാനം തണുത്തുവിറച്ച പുതുവർഷപ്പുലരിയിലും വീര്യം കൈവിടാതെ സമരം തുടർന്ന കർഷകർ ഇൗ മാസം നാലിന് നടക്കുന്ന ചർച്ചയിലും അനുകൂല നടപടിയില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കലാണ് മുഖ്യ ആവശ്യമെന്നും രണ്ടെണ്ണം പിൻവലിക്കുന്നതു കൊണ്ട് തൃപ്തരാകുമെന്ന് കരുതേണ്ടതില്ലെന്നും അവർ സർക്കാറിനെ ഒാർമിപ്പിക്കുകയും ചെയ്തു. ചർച്ച മുൻനിർത്തി മാറ്റിവെച്ച ട്രാക്ടർ റാലി ഇൗ മാസം ആറിന് നടത്തുമെന്നും കർഷക നേതാക്കൾ സിംഘു അതിർത്തിയിൽ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിനിടെ ഒരു കർഷകൻകൂടി ഗാസിപുരിയിലെ സമരഭൂമിയിൽ മരിച്ചു.
കർഷകരുന്നയിച്ച പ്രശ്നങ്ങളിൽ കേവലം അഞ്ച് ശതമാനം മാത്രമാണ് സർക്കാർ ഇതുവരെയും ചർച്ച ചെയ്തതെന്ന് ഹരിയാനയിലെ കർഷക നേതാവ് വികാസ് പറഞ്ഞു.
നാലിന് നടക്കുന്ന യോഗത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഹരിയാനയിലെ മാളുകളും പെട്രോൾ പമ്പുകളും അടപ്പിക്കും. ഹരിയാന -രാജസ്ഥാൻ അതിർത്തിയിൽ ഇപ്പോഴുള്ള കർഷകരും ഡൽഹിയിലേക്ക് നീങ്ങുെമന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
നാല് ഉപാധികളുമായി ബുധനാഴ്ച ആറാം വട്ട ചർച്ചക്കെത്തിയ കർഷകരുടെ പ്രധാന രണ്ട് ആവശ്യങ്ങൾ പരിഗണിക്കാതെ അവസാനത്തെ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ അംഗീകരിച്ചിരുന്നത്. ചുരുങ്ങിയ താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം ഉറപ്പുനൽകാമെന്ന് വ്യക്തമാക്കിയിട്ടും നിയമ പരിരക്ഷ നൽകാൻ തയാറാവാത്തത് വിവാദ നിയമങ്ങളിൽനിന്ന് വഴിമാറ്റാനുള്ള തന്ത്രമാണെന്ന സംശയം ചില നേതാക്കളിലുണ്ടായിട്ടുണ്ട്.
ഡൽഹി ഹരിയാന അതിർത്തി കൊടുംശൈത്യത്തിലമർന്നതോടെ കൂടുതൽ തമ്പുകളുമായി സന്നദ്ധ സംഘടനകൾ രംഗത്തുവന്നു. രണ്ടുപേർ മുതൽ അഞ്ചുപേർക്കു വരെ താമസിക്കാവുന്ന കൊച്ചു ടെൻറുകൾ സിംഘുവിന് പുറമെ ടിക്രിയിലും ഗാസിപുരിലും സ്ഥാപിച്ചു. സമരത്തിന് കൂടുതൽ സ്ത്രീകളും കുടുംബങ്ങളുമെത്തിയതോടെ അവർക്കായി ബേയാ ടോയ്ലറ്റുകളും സിംഘു അതിർത്തിയിൽ സ്ഥാപിച്ചു.
ഹോഷിയാപുരിൽ ബി.ജെ.പി മന്ത്രിയുടെ വീടിന് മുന്നിൽ കർഷകർ ചാണകം കൊണ്ടുവന്ന് തള്ളിയത് സംഘർഷത്തിനിടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.