ന്യൂഡൽഹി: കർഷകരുടെ വിളകൾക്ക് ലഭിേക്കണ്ട അടിസ്ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ നർനോളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അടിസ്ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടാർ രാഷ്ട്രീയം അവസാനിപ്പിക്കും. അടിസ്ഥാന താങ്ങുവില ആരും അവസാനിപ്പിക്കാൻ പോകുന്നില്ല. എം.എസ്.പി നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഭാവിയിലും ഇവിടെതന്നെയുണ്ടാകും' -ഖട്ടാർ പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ഖട്ടാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. 'കർഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാർഗം ചർച്ചയാണ്. ഈ പ്രശ്നം ഉടൻ പരിഹരിക്കും. കാർഷിക നിയമത്തിലെ എല്ലാ ഭാഗങ്ങളെക്കുറിച്ചും കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രം തയാറാണ്' -ഖട്ടാർ ശനിയാഴ്ച എ.എൻ.ഐയോട് പറഞ്ഞിരുന്നു.
അതേസമയം മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് പ്രക്ഷോഭത്തിൽ കൂടുതലായി അണിനിരന്നത്.
കേന്ദ്രസർക്കാറിനെതിരായ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കർഷകർ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നുമുതൽ 11 മണിക്കൂർ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരുംഡിസംബർ 27ന് പ്രധാനമന്ത്രിയുടെ അടുത്ത 'മൻ കീ ബാത്തി'നിടെ എല്ലാവരും പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജഗ്ജീത് സിങ് ധല്ലേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.