ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിനും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കും കാരണം ദൈവത്തിൻെറ പ്രവൃത്തികളാണെന്ന ധനമന്ത്രി നിര്‍മല സീതാരാമൻെറ വിവാദ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രാജ്യത്തിെൻറ നികുതിവരുമാനം കുറയാൻ കാരണമായ കോവിഡ് മഹാമാരി ദൈവത്തിൻെറ പ്രവൃത്തിയാണെങ്കിൽ അതിന് മുമ്പ് 2017-2018, 2018-2019,2019-2020 സാമ്പത്തിക വര്‍ഷത്തിലുണ്ടായ സാമ്പത്തിക തകർച്ചക്ക് കാരണമെന്താണെന്ന് ദേവദൂത എന്ന നിലയിൽ നിർമല സീതാരാമൻ മറുപടി നൽകാമോ എന്ന് ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.
ത്രൈമാസ ജി.ഡി.പി വളർച്ചാ നിരക്കിൽ ക്രമാനുഗതമായ ഇടിവ് ചൂണ്ടിക്കാട്ടിയ ചിദംബരം 2018-19 ലെ രണ്ടാം പാദത്തിലെ 7.1 ശതമാനത്തിൽ നിന്ന് ജി.ഡി.പി 2019-20ൻെറ നാലാം പാദത്തിൽ 3.1 ശതമാനമായി കുറഞ്ഞുവെന്നും നിരീക്ഷിച്ചു.
ജി.എസ്.ടി (ചരക്ക് സേവന നികുതി) ശേഖരണത്തിലെ കുറവ് പരിഹരിക്കുന്നതിന് നരേന്ദ്ര മോദി സർക്കാർ നൽകിയ രണ്ട് ഓപ്ഷനുകളും അസ്വീകാര്യമാണെന്നും ചിദംബരം ചുണ്ടിക്കാട്ടി. റിസർവ് ബാങ്കിൽ നിന്നും കൂടുതൽ കടം വാങ്ങാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന തരത്തിലാണ് പുതിയ നിർദേശം. ഇത് സാമ്പത്തിക ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്നതാണിതെന്നും ചിദംബരം ട്വീറ്റിൽ പറയുന്നു. സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാർ സ്വയം ഒഴിഞ്ഞുനിൽക്കുകയാണ്. ഇത് കടുത്ത വഞ്ചനയും നിയമ ലംഘനവുമാണെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോവിഡ് മൂലമുണ്ടായ ലോക്ഡൗണാണെന്ന വാദം പൊളളയാണെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.