ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി), കോളജ് അധ്യാപക യോഗ്യത പരീക്ഷ (യു.ജി.സി നെറ്റ്) എന്നിവയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ. നെറ്റ് പരീക്ഷ റദ്ദാക്കി, നീറ്റ് പരീക്ഷ ഇനി എന്നാണ് റദ്ദാക്കപ്പെടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ജനൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ചോദിച്ചു. പരീക്ഷ പേപ്പറുകൾ ചോർന്നതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്നും മോദി സർക്കാറിന്റെ ദാർഷ്ട്യത്തിന്റെ പരാജയത്തിന്റെ ഫലമാണിതെന്നും ഖാർഗെ ‘എക്സി’ൽ കുറിച്ചു.
ബി.ജെ.പി സർക്കാറിന്റെ അലംഭാവവും അഴിമതിയും യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായാണ് ബാധിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തക്ക് പിന്നാലെ നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ എന്നും പ്രിയങ്ക ചോദിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയുടെ ഭാവി ദൈവികമായ പ്രധാനമന്ത്രി നശിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.