കൊൽക്കത്ത: മമത ബാനർജിക്കെതിരെ മോശം പരാമർശം നടത്തിയതിന് അറസ്റ്റിലായ കോൺഗ്രസ്‍ വക്താവ് കൗസ്തവ് ബാഗിക്ക് ജാമ്യം ലഭിച്ചു. 1000 രൂപയുടെ പേഴ്സണൽ ബോണ്ടിലാണ് ജാമ്യം ലഭിച്ചത്. കോടതിയിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ മൊട്ടയടിച്ച ബാഗി മമത അധികാരത്തിൽ നിന്നും പുറത്ത് പോകുന്നത് വരെ മുടി വളർത്തില്ലെന്ന് അറിയിച്ചു.
ഒരു രേഖയും ഇല്ലാതെയാണ് പൊലീസ് പുലർച്ചെ മൂന്ന് മണിക്ക് എന്റെ വീട്ടിലെത്തിയത്. തുടർന്ന് മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്തവർ വൈകാതെ കോടതിയുടെ സംഗീതം കേൾക്കുമെന്നും ബാഗി പറഞ്ഞു.
ബുർടോള പൊലീസ് സ്റ്റേഷനിൽ സുമിത് സിങ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിതഗ്രാഹ് പൊലീസിനൊപ്പമെത്തിയാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്. ബാഗിയെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടുവെങ്കിലും കോടതി ജാമ്യം അനുവദിച്ചു. ബാഗിക്കായി സി.പി.എം നേതാവായ ബികാസ് രഞ്ജൻ ഭട്ടാചാര്യയാണ് കോടതിയിൽ ഹാജരായത്. നേരത്തെ ബാഗി മമത ബാനർജിയെ വ്യക്തിപരമായി ആക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.