നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങുമെന്ന് സിദ്ദു മൂസെവാലയുടെ മാതാവ്

മൻസ: മക​ന്റെ കൊലപാതകികളെ ഇനിയും പിടികൂടിയില്ലെങ്കിൽ താനും ഭർത്താവും പ്രതിഷേധം ആരംഭിക്കുമെന്ന് പഞ്ചാബി ഗായകൻ സിദ്ധു മൂ​സെ വാലയുടെ അമ്മ ചരൺ കൗർ. കൊലപാതകം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. യഥാർഥ കുറ്റവാളികളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാൻ ആവശ്യമായ സമയം കഴിഞ്ഞുവെന്നും കൗർ പറഞ്ഞു.

ഭർത്താവ് ബൽക്കൗർ സിങ്ങിനൊപ്പം പഞ്ചാബിലെ മാൻസയിലുള്ള വീട്ടിൽ ഗായകന്റെ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സർക്കാറുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും തങ്ങൾ പൂർണമായും സഹകരിച്ചു. എന്നിട്ടും നീതി ലഭിച്ചിട്ടില്ല. മൂന്ന് മാസത്തിലേറെയായി, സർക്കാരിനും ഭരണകൂടത്തിനും മതിയായ സമയം നൽകി, പക്ഷേ അവർ ഞങ്ങളുടെ സൗമ്യതയെ മുതലെടുക്കുകയാണ്. മൂസെവാലയുടെ മൃതദേഹം രണ്ടു ദിവസത്തേക്ക് സംസ്കരിക്കാൻ വിസമ്മതിച്ചിരുന്നുവെങ്കിൽ അവർ എ​​ന്തെങ്കിലും ചെയ്തേനെ. താനൊരു സാധാരണക്കാരിയാണ്. എന്നാൽ മകന് നീതികിട്ടുന്നതിനായി സിംഹമാകേണ്ടി വരുമെന്നും കൗർ പറഞ്ഞു.

മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ചാണ് സിദ്ദു മൂസെവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ദു വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ആറ് വെടിവെപ്പുകാരിൽ മൂന്ന് പേർ അറസ്റ്റിലായി, രണ്ട് പേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, ഒരാളെ കാണാതായിട്ടുണ്ട്.

മൂസെവാലയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പായി ജൂൺ 8 ന് നടന്ന അവസാന പ്രാർഥനയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗായകന്റെ പിതാവ്, മകന്റെ തെറ്റ് എന്താണെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് പറഞ്ഞിരുന്നു. മകന് നീതി ലഭിക്കുന്നതുവരെ തങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

തന്റെ സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവർ ഒരു ദിവസം ശത്രുക്കളായി മാറുമെന്ന് മകന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും അവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും മൂസെവാലയുടെ പിതാവ് അവകാശപ്പെട്ടിരുന്നു.

ലോറൻസ്-ബിഷ്‌ണോയി സംഘത്തിലെ അംഗമായ കനേഡിയൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ വർഷം നടന്ന യുവ അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് മൂസെവാലയുടെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Will Start Protest If We Don't Get Justice-Sidhu Moosewala's Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.