ന്യൂഡൽഹി: സുപ്രീംകോടതി നേരിട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കും പാർലമെൻറിൽ പ്രതിപക്ഷം ഉയർത്തിയ മുറവിളികൾക്കും മുന്നിൽ ഒഴിഞ്ഞു മാറിയ മോദി സർക്കാർ, പെഗസസ് അന്വേഷണത്തിനു നിയോഗിച്ച പ്രത്യേക സമിതിയോട് എത്രത്തോളം സഹകരിക്കും? സുപ്രധാനമായ സുപ്രീംകോടതി ഇടപെടലിനു പിന്നാലെ, ഈ ചോദ്യം ബാക്കിയായി. ഇസ്രായേൽ കമ്പനിയുടെ പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരപ്പണി നടത്തിയെന്നോ ഇല്ലെന്നോ സർക്കാർ കോടതിയിൽ പറഞ്ഞില്ല. വാങ്ങിച്ചോ ഉപയോഗിച്ചോ എന്ന് പറഞ്ഞില്ല. സുപ്രീംകോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും പേരിനൊരു സത്യവാങ്മൂലം നൽകുക മാത്രമാണു ചെയ്തത്. അതാകട്ടെ, അവ്യക്തത ബാക്കിനിർത്തി. ഈ സാഹചര്യത്തിലാണ് പരാതികൾ മുഖവിലയ്െക്കടുത്ത്, സർക്കാർ നിയമിതമല്ലാത്ത ഒരു സമിതിയെ വെക്കാൻ സുപ്രീംകോടതി നിർബന്ധിതമായത്.
പാർലമെൻറിലാകട്ടെ, വർഷകാല സമ്മേളനം മുഴുവനായിത്തന്നെ ഒലിച്ചു പോയിട്ടും സർക്കാർ പ്രതിപക്ഷത്തിെൻറ ആവശ്യത്തിനു വഴങ്ങിയില്ല. പെഗസസ് വിഷയത്തിൽ ഒരു പ്രസ്താവനയും ചർച്ചയുമെന്ന പ്രതിപക്ഷത്തിെൻറ ന്യായമായ ആവശ്യം അവഗണിച്ചപ്പോഴാണ് തുടർച്ചയായ സഭാ സ്തംഭനം ഉണ്ടായത്. ഏതു ഫയലും, ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്താൻ അധികാരം നൽകിക്കൊണ്ടാണ് സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി സുപ്രീംകോടതി രൂപവത്കരിച്ചിട്ടുള്ളത്. എന്നാൽ ഈ സമിതിയെ സർക്കാർ എത്രത്തോളം വകവെക്കുന്നു എന്നതാണ് പ്രധാനം. സുപ്രീംകോടതിക്ക് മുദ്രവെച്ച കവറിലാക്കി പോലും വിവരം നൽകാതിരുന്ന സർക്കാർ, പ്രത്യേക സമിതിക്കു മുന്നിലും 'ദേശസുരക്ഷ' അടവുനയമായി സ്വീകരിക്കാൻ തന്നെയാണ് സാധ്യത.
സമിതി അംഗങ്ങളാകാൻ സമീപിച്ചപ്പോൾ പലരും ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന കാര്യം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് സർക്കാറിനെ പിണക്കാൻ പലർക്കുമുള്ള പ്രയാസത്തേക്കാൾ, ഉൾഭയം കൂടിയാണ് പുറത്തു വരുന്നത്. കമ്മിറ്റിയംഗമാകാൻ ഉൾപ്പേടിയോ വിമുഖതയോ കാണിക്കുന്ന സാഹചര്യങ്ങൾക്കിടയിലൂടെയാണ് പ്രത്യേക സമിതി മുമ്പാകെ കേന്ദ്രസർക്കാറിെൻറ ആജ്ഞാനുവർത്തികൾ മാത്രമായ ഉദ്യോഗസ്ഥർ ഫയലുകളും വിശദാംശങ്ങളും സമിതിക്ക് നൽകുമെന്ന് പ്രതീക്ഷിക്കേണ്ടത്.
സർക്കാർ സമ്മതിച്ചാലും ഇല്ലെങ്കിലും പെഗസസ് ഉപയോഗിച്ചു, സ്വകാര്യത ലംഘിച്ചു എന്ന നിഗമനത്തോടു ചേർന്നു നിന്നാണ് സുപ്രീംകോടതി നടപടി. ഭരണകൂടങ്ങൾക്കു മാത്രം ഇസ്രായേൽ കൈമാറുന്നതാണ് പെഗസസ് എന്ന സോഫ്ട്വെയർ. അത് ഉപയോഗിച്ചോ ഇല്ലയോ എന്ന മറുപടിയിൽ നിന്ന് ഒഴിവാകാൻ സർക്കാറിനു മുന്നിലെ ഏക പോംവഴി 'ദേശസുരക്ഷ' പ്രയോഗമാണ്. അതേകാര്യം തന്നെ പ്രത്യേക സമിതിക്കു മുമ്പാകെയും സർക്കാർ ആവർത്തിക്കും. എന്നാൽ സർക്കാറിെൻറ കൈ കറ പുരണ്ടതാണെന്ന ജനബോധം ഊട്ടിയുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധി. കോടതി പരാമർശങ്ങളത്രയും മോദിസർക്കാറിനെ ആഞ്ഞടിച്ച ചൂരൽ പ്രയോഗങ്ങളാണ്. സ്വകാര്യത വിഷയത്തിൽ ജനകീയ വിധിയായി അതുമാറി. സത്യം പുറത്തു കൊണ്ടുവരാനുള്ള വലിയ ചുവടാണ് സുപ്രീംകോടതി നടത്തിയത്. സർക്കാർ നിർദേശിച്ച ഒരു സമിതി വേണ്ടെന്നു വെച്ച് സുപ്രീംകോടതി സ്വന്തംനിലക്ക് സമിതി രൂപവത്കരിച്ചത് സർക്കാറിനോടുള്ള അവിശ്വാസം കൂടിയാണ് പ്രകടമാക്കിയത്.
സ്വകാര്യതയും മൗലികാവകാശങ്ങളും ആവർത്തിച്ചു ലംഘിക്കുകയും സമൂഹ മാധ്യമങ്ങൾക്ക് കുച്ചുവിലങ്ങിടുകയും ചെയ്തുകൊണ്ടിരിക്കേ, അതിനെല്ലാം ദേശസുരക്ഷയുടെ പേരു പറയുന്ന രീതിയിലെ അനീതി സുപ്രീംകോടതി തന്നെ തുറന്നുകാണിക്കുകയാണുണ്ടായത്. മോദി സർക്കാറിന് സുപ്രീംകോടതിയിൽ നിന്നു കിട്ടിയത് പ്രഹരമാെണങ്കിൽ, പ്രതിപക്ഷത്തിനു കിട്ടിയത് വലിയ രാഷ്ട്രീയ ആയുധമാണ്. വരും ദിനങ്ങളിലും അടുത്ത പാർലമെൻറ് സമ്മേളനത്തിലും സർക്കാറിനെ വലിയ പ്രതിരോധത്തിലാക്കുന്നതാണ് സുപ്രീംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.