കണക്കുകൾ സാക്ഷി; യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നു

ന്യൂഡൽഹി: 2014 നും 2020 നും ഇടയിൽ യു.എ.പി.എ പ്രകാരം രാജ്യത്ത് 10,552 പേർ അറസ്റ്റിലായെന്നാണ് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. എന്നാൽ, ഇതിൽ 253 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഓരോ വർഷവും ശരാശരി 1,507 പേർ അറസ്റ്റിലാകുന്നു എന്ന് കണക്കാക്കിയാൽ ശിക്ഷിക്കപ്പെടുന്നത് 36 പേർ മാത്രമാണ്. ഇവരിൽ ഭൂരിഭാഗവും പ്രഫ. സായിബാബയെപ്പോലെ ദീർഘകാലം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് പുറത്തിറങ്ങിയത്. യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ.

നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിയോജിപ്പുകളെ അടിച്ചമർത്താൻ ഭരണകൂടം യു.എ.പി.എ ദുരുപയോഗം ചെയ്യുകയാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. കേസെടുത്ത് പ്രതികളെ ജയിലിലിടുന്നതല്ലാതെ കേസുകളിൽ അന്വേഷണം നടക്കുന്നില്ലെന്നാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. 2014ൽ അന്വേഷണം പൂർത്തിയാകാനുണ്ടായിരുന്നത് 1857 കേസുകളിലായിരുന്നു. 2015 ആയപ്പോൾ ഇത് 2549 കേസുകളായി. 2020ൽ ഇത് 4021 ആയി വർധിച്ചു. ഓരോ വർഷവും ശരാശരി 3,579 കേസുകൾ അന്വേഷണം കാത്തുകിടക്കുകയാണെന്നർഥം. ആകെയുള്ള കേസുകളുടെ 85 ശതമാനം വരുമിത്.

ഓരോവർഷവും കുറ്റപത്രം സമർപ്പിക്കുന്നത് ശരാശരി 165 കേസുകളിൽ മാത്രമാണ്. എന്നുവെച്ചാൽ ആകെയുള്ള കേസുകളുടെ 16 ശതമാനത്തിൽ മാത്രം. 2018 നും 2020നും ഇടയിൽ യു.എ.പി.എ പ്രകാരം മൊത്തം 4,960 അറസ്റ്റുകൾ നടന്നിട്ടുണ്ടെന്നും ഇതേ കാലയളവിൽ 149 പേരെ ഈ നിയമപ്രകാരം ശിക്ഷിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സി.പി.ഐ എം.പി പി. സന്തോഷ് കുമാറിന്റെ ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തിയിരുന്നു.

2015നും 2019നും ഇടയിൽ 7,050 പേരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 30.6 ശതമാനം പേർ മണിപ്പൂരിലും 19.8 ശതമാനം ഉത്തർപ്രദേശിലുമാണ്. 14.22 ശതമാനം അസമിലും 8.04 ശതമാനം ബിഹാറിലും 7.31 ശതമാനം ഝാർഖണ്ഡിലും 7.16 ശതമാനം ജമ്മു-കശ്മീരിലും അറസ്റ്റിലായി.

ആറു വർഷത്തിനിടെ രാജ്യത്ത് നടന്ന മൊത്തം അറസ്റ്റിന്റെ 87 ശതമാനത്തിലധികം ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. 2014 മുതൽ 2020 വരെയുള്ള കാലയളവിൽ യു.എ.പി.എ പ്രകാരം ജയിലിലായിരുന്ന 493 പേരെ വെറുതെവിട്ടു. 253 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

Tags:    
News Summary - Witness the figures; UAPA is abused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.