പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ല; പ്രത്യുത്പാദനം വ്യക്തിസ്വാതന്ത്ര്യം -ബോംബെ ഹൈകോടതി

മുംബൈ: പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. പ്രത്യുൽപാദന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ ആർട്ടിക്കിൾ 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുണ്ടലിക് യേവത്കർ എന്നയാളും ഭാര്യ ഉജ്വലയും തമ്മിലുള്ള കേസിലാണ് നിർണായകമായ വിധി.

വിവാഹമോചനം ആവശ്യപ്പെട്ട് പുണ്ടലിക് സമർപ്പിച്ച ഹരജിയിൽ, തന്റെ സമ്മതമില്ലാതെ ഭാര്യ ഗർഭം അവസാനിപ്പിച്ചത് ക്രൂരതയാണെന്ന് ഇയാൾ വാദിച്ചിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അതുൽ ചന്ദൂർക്കറും ഊർമിള ജോഷി ഫാൽക്കെയും ഉൾപ്പെട്ട ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു. ഗർഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് കോടതി വ്യക്തമാക്കി. 'ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിഭാവനം ചെയ്യുന്ന സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുൽപാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശം. ഒരു കുട്ടിക്ക് ജന്മം നൽകാൻ അവളെ നിർബന്ധിക്കാനാവില്ല" -കോടതി പറഞ്ഞു.

2001ലാണ് പുണ്ടലികും ഉജ്വലയും വിവാഹിതരായത്. അന്നുമുതൽ ജോലിക്ക് പോകണമെന്ന് ഭാര്യ വാശി പിടിക്കുന്നുവെന്നും ആദ്യകുട്ടി ജനിച്ച ശേഷം പിന്നീടുള്ള ഗർഭം അലസിപ്പിച്ച് ക്രൂരത കാണിക്കുന്നുവെന്നും ഭർത്താവ് ആരോപിച്ചു. 2004ൽ ഉജ്വല മകനോടൊപ്പം ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോയതായും തന്നെ ഉപേക്ഷിച്ചുവെന്നും ഹരജിക്കാരൻ പറഞ്ഞു. ഗർഭഛിദ്രം എന്ന ക്രൂരതയുടെയും ഒളിച്ചോട്ടത്തിന്റെയും അടിസ്ഥാനത്തിൽ വിവാഹമോചനം വേണമെന്നായിരു​ന്നു ആവശ്യം. എന്നാൽ, വിവാഹശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ പേരിൽ ഗർഭഛിദ്രം നടത്തുന്നത് ക്രൂരതയായി കണക്കാക്കനാവില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളിക്കളഞ്ഞു.

താൻ ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നുള്ളത് മാതൃത്വത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് യുവതി വാദിച്ചു. കൂടാതെ, തന്റെ രണ്ടാമത്തെ ഗർഭം അസുഖത്തെത്തുടർന്നാണ് അലസിപ്പിച്ചതെന്നും തന്റെ ചാരിത്ര്യത്തെ ഭർതൃവീട്ടുകാർ സംശയിച്ചതിനാലാണ് സ്വന്തം വീട്ടിൽ പോയതെന്നും ഇവർ വ്യക്തമാക്കി. അങ്ങനെ പോയശേഷം തിരികെ കൊണ്ടുവരാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും അവർ കോടതി​യെ ബോധിപ്പിച്ചു. സ്ത്രീ ഇതിനകം ഒരു കുഞ്ഞിനെ പ്രസവിച്ചതിനാൽ മാതൃത്വം സ്വീകരിക്കാൻ അവൾ വിമുഖത കാണിക്കുന്നുവെന്ന് പറയാനാവില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Woman cannot be forced to give birth; reproductive choice part of Article 21: Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.