കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ്​ യുവതി; വട്ടംചുറ്റി ​പൊലീസ്​

നാഗ്​പൂർ: കാമുകനെ വിവാഹം കഴിക്കാനായി വ്യജ ബലാത്സംഗ കഥ മെനഞ്ഞ്​ യുവതി. വെട്ടിലായി പൊലീസും. മഹാരാഷ്​ട്രയിലാണ്​ സംഭവം. യുവതിയുടെ പരാതിയിൽ നൂറ്​ കണക്കിന്​ പൊലീസുകാരാണ്​ വെള്ളം കുടിച്ചത്​. 19കാരിയായ യുവതിയാണ്​ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി കാണിച്ച്​ പൊലീസിൽ വ്യാജ പരാതി നൽകിയത്​. യുവതിയുടെ പരാതിയെ തുടർന്ന്​ തിങ്കളാഴ്ച രാവിലെ 11 മണിയോടെ കലംന പൊലീസ് കേസ്​ രജിസ്റ്റർ ചെയ്​തു.

നഗരത്തിലുടനീളമുള്ള 250ലധികം സി.സി ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കൂട്ടബലാത്സംഗ കഥ വ്യാജമാണെന്ന്​ തെളിഞ്ഞത്​. നാഗ്​പൂരിലെ ചിഖാലി പ്രദേശത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് രണ്ട് പേർ തന്നെ ബലാത്സംഗം ചെയ്തതായാണ്​ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്​. രാവിലെ ഒരു സംഗീത ക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോൾ രണ്ട് പേർ വെള്ള നിറത്തിലുള്ള വാനിൽ വന്ന് വഴി ചോദിച്ചതായും തുടർന്ന് ബലം പ്രയോഗിച്ച് വാനിലേക്ക് കയറ്റിയ ശേഷം തുണികൊണ്ട് മുഖം മറച്ച്​ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി പരാതിയിൽ പഞ്ഞു.

പൊലീസ് കമ്മീഷണർ അമിതേഷ് കുമാറും അഡീഷണൽ സി.പി സുനിൽ ഫുലാരിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കേസിന്‍റെ അന്വേഷണത്തിനായി സിതാബുൾഡി പൊലീസ് സ്റ്റേഷനിലെത്തി. നഗരത്തിലെ സി.സി ടി.വികളുടെയും വാനുകളുടെയും ദൃശ്യങ്ങൾ പരിശോധിക്കാനും യുവതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും 1,000ലധികം പൊലീസുകാർ ഉൾപ്പെടുന്ന 40 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. യുവതിയെ മെഡിക്കൽ പരിശോധനക്കായി മയോ ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആറുമണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കും 50ലധികം പേരെ ചോദ്യം ചെയ്തതിനും ശേഷമാണ് യുവതി കൂട്ടബലാത്സംഗ കഥ കെട്ടിച്ചമച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്​. 

Tags:    
News Summary - Woman Fakes Gang-Rape Story To Marry Boyfriend, Triggers Massive Op: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.