ലഖ്നോ: ഉത്തർപ്രദേശിൽ 50കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യു.പിയിലെ ബദായൂനിലാണ് സംഭവം. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റിട്ടുള്ളതായും കാലുകൾ ഒടിഞ്ഞിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജനുവരി മൂന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സ്ത്രീ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. പിന്നീട് ക്ഷേത്രത്തിലെ പുരോഹിതനും മറ്റു രണ്ടുേപർ കൂടി ചേർന്ന് സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. സംഭവത്തെപറ്റി ചോദിക്കാൻ തുടങ്ങുന്നതിന് മുമ്പ് അവർ വീട്ടിൽനിന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സ്ത്രീ കിണറിൽ വീണിരുന്നുവെന്നും കരച്ചിൽ കേട്ട് മറ്റു രണ്ടുപേർ കൂടി രക്ഷപ്പെടുത്തിയെന്നാണ് പുരോഹിതന്‍റെ പ്രതികരണം. മറ്റു ബന്ധുക്കളാരും കൂടെയില്ലാതിരുന്നതിനാൽ സ്ത്രീയെ വീട്ടിലെത്തിക്കുകയുമായിരുന്നുവെന്ന് പുരോഹിതൻ പറഞ്ഞു.
അതേസമയം പുരോഹിതനെതിരെ സ്ത്രീയുടെ കുടുംബം രംഗത്തെത്തി. പുരോഹിതന്‍റെ നേതൃത്വത്തിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി പറയുന്നുണ്ട്. സ്വകാര്യഭാഗങ്ങളിൽ പരിക്കേൽക്കുകയും രണ്ടുകാലുകളും ഒടിയുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. കേസിൽ വീഴ്ചവരുത്തിയ എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.