മുംബൈ: പങ്കാളി അതിക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽകറെ 2020ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോർട്ട്. ശരീരത്തിൽ ഗുരുതരമായ ക്ഷതമേറ്റതു മൂലമാണ് ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കാൾസെന്റർ ജീവനക്കാരിയായ ശ്രദ്ധ വാൽകറെ പങ്കാളിയായ അഫ്താബ് അമീൻ പൂനവാലയാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. പിന്നീട് ഓരോ ഭാഗങ്ങളായി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
2020 ഡിസംബർ മൂന്നിനും ആറിനും ഇടയിലാണ് ശ്രദ്ധയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുക്കിനും കവിളിലും കഴുത്തിലും ക്ഷതമേറ്റ നിലയിലുള്ള ശ്രദ്ധയുടെ ചിത്രം സുഹൃത്താണ് ഇപ്പോൾ പുറത്തുവിട്ടത്. കടുത്ത നടുവേദനയനുഭവിച്ചിരുന്ന ശ്രദ്ധയുടെ ശരീരത്തിൽ കടുത്ത പരിക്കുകളുമുണ്ടായിരുന്നു. നട്ടെല്ലിന് തേയ്മാനം അനുഭവിച്ചിരുന്ന ശ്രദ്ധ കടുത്ത ട്രോമയിലൂടെയാണ് കടന്നുപോയതെന്നും അവരെ ചികിത്സിച്ചിരുന്ന ഓസോൺ മൾട്ടിസ്‍പെഷ്യാലിറ്റി സെന്ററിലെ ഡോക്ടർ പറയുന്നു. എന്നാൽ തുടർചികിത്സക്കായി ശ്രദ്ധ പിന്നീട് ആശുപത്രിയിൽ എത്തിയില്ല.
കടുത്ത ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നു ശ്രദ്ധയെന്ന് സുഹൃത്തും പൊലീസിനോട് പറഞ്ഞു. ''ശാരീരികമായി കടുത്ത പീഡനങ്ങളാണ് ശ്രദ്ധ നേരിട്ടിരുന്നത്. തന്റെ അടുത്ത സുഹൃത്തിനോട് അവൾ ഇത് വെളിപ്പെടുത്തിയിരുന്നു. ആ സുഹൃത്ത് ഞങ്ങളോടും ഇക്കാര്യം പറഞ്ഞു. മർദനം തുടർന്നിട്ടും ശ്രദ്ധ അഫ്താബിനൊപ്പം തന്നെ കഴിഞ്ഞു. അവനെ വിട്ടുപോകാൻ ശ്രദ്ധക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കഴിയുന്നില്ല എന്നാണ് സുഹൃത്തിനോട് പറഞ്ഞത്.''-ശ്രദ്ധയുടെ കോളജ് കാലത്തെ സുഹൃത്തായ രജത് ശുക്ല പറഞ്ഞു. മൂന്നുവർഷം മുമ്പ് ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധ അഫ്താബിനെ കണ്ടുമുട്ടിയത്. പല വിഷയങ്ങളെ ചൊല്ലിയും ഇരുവരും കലഹിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.