ലഖ്നോ: ബലാത്സംഗം, വഞ്ചന, മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം രണ്ട് മുസ്ലിം സഹോദരങ്ങൾക്കെതിരായി നൽകിയ പരാതി യുവതി പിൻവലിച്ചു. മുസാഫർനഗർ ജില്ലയിലെ 24 കാരിയായ സിഖ് യുവതി ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് താൻ പരാതി നൽകിയതെന്ന് വ്യക്തമാക്കി. ആരോപണങ്ങൾ തള്ളിയ യുവതി മജിസ്ട്രേറ്റിന് മുന്നിൽ സത്യം തുറന്ന് പറയുകയായിരുന്നു.
അയൽവാസിയായ യുവാവ് മതംമാറാനായി നിർബന്ധിച്ച ശേഷം തന്നെ വിവാഹം ചെയ്തതായാണ് യുവതി ആദ്യം പൊലീസിൽ പരാതി നൽകിയത്. നിക്കാഹ് (വിവാഹം) കഴിക്കാനായി മുസ്ലിം യുവതിയാണെന്ന് കാണിക്കാൻ വ്യാജ രേഖകൾ തയാറാക്കിയെന്നും ഇയാൾക്കെതിരെ ആരോപണമുയർത്തി. പ്രതിയാക്കപ്പെട്ട യുവാവ് ഇപ്പോൾ ജയിലിലാണ്. ഇയാളുടെ സഹോദരൻ ഒളിവിൽ കഴിയുകയാണ്.
'മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയ മൊഴിയിൽ യുവതി യുവാവിനും സഹോദരനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിയാക്കപ്പെട്ടയാൾ തന്നെ വിവാഹം ചെയ്തില്ലെന്നും അവർ തുറന്നു പറഞ്ഞു. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് അവർ വ്യക്തമാക്കി' -പൊലീസ് പറഞ്ഞു. എന്നാൽ ഏത് സംഘടനയാണ് പിന്നിെലന്ന് അവർ പറഞ്ഞിട്ടില്ല.
യുവാവ് അവരെ മർദ്ദിക്കുകയോ പണം തട്ടുകയോ ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. യുവാവിനെ ജയിൽ മോചിതനാക്കാൻ കോടതിയെ സമീപിക്കാനിരിക്കുകയാണ് പൊലീസ്.
വിവാഹത്തിെൻറ മറവിൽ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കടം വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും കാണിച്ച് ഞായറാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരിയുടെ അച്ഛനും യുവാവും പലചരക്ക് കടകൾ നടത്തുന്നവരാണ്. യുവാവിനെ മേയിൽ വിവാഹം ചെയ്തതായാണ് യുവതി അവകാശപ്പെട്ടത്.
എന്നാൽ ഈ മാസം തെൻറ 'ഭർത്താവ്' ഒരു മുസ്ലിം യുവതിയെ വിവാഹം കഴിച്ചതായി പരാതിക്കാരിക്ക് മനസിലായി. അവൾ എതിർത്തപ്പോൾ സഹോദരൻമാർ ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായായിരുന്നു പരാതി. പരാതിയെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരാതിയുടെ കൂടെ വിവാഹത്തിെൻറ രേഖകൾ യുവതി ഹാജരാക്കിയിരുന്നു. ഇതിെൻറ ആധികാരികത പരിശോധിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എ.എസ്.പി അർപിത് വിജയവർഗിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.