ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് പാർലമെന്റിന് മുന്നിൽ ഞായറാഴ്ച വനിത ഖാപ് പഞ്ചായത്ത് നടക്കും.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽനിന്നുള്ള വനിതകളാണ് ഖാപ് പഞ്ചായത്തിനായി ഡൽഹിയിൽ എത്തുക. ജന്തർമന്തറിൽനിന്ന് 11.30ന് പാർലമെന്റിലേക്ക് മാർച്ചായി പുറപ്പെടും. ഇതോടൊപ്പം ഡൽഹിയുടെ അതിർത്തികളിൽനിന്ന് കർഷകരടക്കമുള്ള സംഘം പാർലമെന്റിലേക്ക് മാർച്ച് നടത്തും.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിനത്തിൽ ചേരുന്ന വനിത മഹാപഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി. രാജ്യത്തെ മുഴുവൻ അമ്മമാരും സഹോദരിമാരും മഹാപഞ്ചായത്തിൽ പങ്കെടുക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു.
മാർച്ച് സമാധാനപരമായിരിക്കുമെന്നും പൊലീസ് നടപടിയുണ്ടായാലും അഹിംസാമാർഗത്തിൽ പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചു.അതിനിടെ, സമരത്തിന് പിന്തുണ അറിയിച്ച് യോഗ ഗുരു ബാംബ രാംദേവ് രംഗത്തുവന്നു. ബ്രിജ് ഭൂഷണെ പോലുള്ള ആളുകളെ ഉടനെ അറസ്റ്റ് ചെയ്ത് തടവിലാക്കണം. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കുമെതിരെ അയാള്‍ അപവാദ പ്രചാരണം നടത്തുന്നു. അത് അങ്ങേയറ്റം അപലപനീയമാണെന്നും രാംദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.