ന്യൂഡൽഹി: പിന്നിയ ജീൻസ് ധരിച്ച യുവതികൾ സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണെന്ന് ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ തിരത് സിങ് റാവത്ത്. വിമാനയാത്രക്കിടെ മക്കളോടൊപ്പം കാൽമുട്ട് കാണുന്ന വിധത്തിലുള്ള ജീൻസ് ധരിച്ച എൻ.ജി.ഒ പ്രവർത്തകയായ യുവതിയെ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
''ഈ വേഷത്തിൽ ആ യുവതി ആളുകളെ കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പോകുേമ്പാൾ അത് സമൂഹത്തിനും കുട്ടികൾക്കും എന്ത് സന്ദേശമാണ് നൽകുക? എല്ലാം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത്. നമ്മൾ ചെയ്യുന്നതാണ് കുട്ടികൾ അനുകരിക്കുക. വീട്ടിൽ ശരിയായ സംസ്കാരം പഠിപ്പിച്ചാൽ ഒരു കുട്ടി, അവൻ എത്ര ആധുനികനാണെങ്കിലും ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുകയില്ല. സ്ത്രീകൾ നഗ്നമായ കാൽമുട്ടുകൾ കാണിക്കുന്നു, കീറിയ ഡെനിം ധരിക്കുന്നു. സമ്പന്നരായ കുട്ടികളെപ്പോലെയുണ്ട്. ഇതൊക്കെയാണ് ഇപ്പോൾ നൽകുന്ന മൂല്യങ്ങൾ. വീട്ടിൽ നിന്നല്ലെങ്കിൽ ഇത് എവിടെ നിന്നാണ് അവർക്ക് കിട്ടുന്നത്? -ഡെറാഡൂണിൽ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേ തിരത് ചോദിച്ചു.
ഇന്ത്യയിലെ യുവാക്കളിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം വർധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. താൻ സ്‌കൂളിൽ പഠിക്കുന്ന കാലതത് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും റാവത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്ത്രീവിരുദധ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ബി.ജെ.പിയിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ച ഒഴിവിലാണ് 56 കാരനായ തിരത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.