ന്യൂഡൽഹി: മണിപ്പൂരിൽ ആഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മണിപ്പൂരിലെ പത്ത് ഗോത്രവർഗ എം.എൽ.എമാർ. മെയ്തെയ് ആധിപത്യമുള്ള ഇംഫാലിൽ വെച്ച് നിയമസഭാ സമ്മേളനം നടക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച പത്ത് എം.എൽ.എമാരിൽ ഏഴ് പേരും ബി.ജെ.പി എം.എൽ.എമാരാണ്. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സമുദായാംഗങ്ങൾ താമസിക്കുന്ന അഞ്ച് മലയോര ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അല്ലെങ്കിൽ അതിന് തുല്യമായ തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പത്ത് എം.എൽ.എമാർ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരേയും ഇവർ വിമർശനം ഉന്നയിച്ചിരുന്നു. കുക്കി - സോ വിഭാഗത്തിൽപ്പെട്ടവർക്ക് ഇംഫാലിലേക്ക് പോകുന്നതിൽ പ്രയാസമുണ്ടെന്നും മെമ്മോറാണ്ടത്തിൽ പരാമർശിച്ചിരുന്നു. കുക്കി-സോ വിഭാഗത്തിൽ പെടുന്ന ആർക്കും ഇംഫാലിലേക്ക് പോകാൻ സാധിക്കുന്നില്ല. ഇംഫാലിൽ നിയമിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിക്കായി പോലും അവിടേക്ക് എത്താൻ സാധിക്കുന്നില്ല. കുക്കി-സോ വിഭാഗത്തിൽപ്പെട്ട ഐ.എ.എസ്, ഐ.പി.എസ് പോലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതുതന്നെയാണ് അവസ്ഥ. ഇംഫാൽ താഴ്വര നിലവിൽ മരണത്തിന്‍റെ താഴ്വരയായി മാറിക്കഴിഞ്ഞുവെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.
മണിപ്പൂരിൽ സമാധാനാന്തരീക്ഷം ഉണ്ടാകണമെങ്കിൽ പ്രത്യേക ഭരണം ഏർപ്പെടുത്തണമെന്ന് നേരത്തെ കുക്കി-സോ എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 21ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ മണിപ്പൂരിന്‍റെ പ്രദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ആഗസ്റ്റ് 18നുണ്ടായ വെടിവെപ്പിൽ ഗ്രാമത്തിലെ വളണ്ടിയർമാർ കൊല്ലപ്പെട്ടിരുന്നു. ഉക്രുൽ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിയിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.