ബംഗളൂരു: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസും ജനതാദൾ-എസും ചേർന്ന സഖ്യം ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം രൂപംകൊണ്ട സഖ്യം അധികാരത്തിലേറിയതോടെ മന്ത്രിസഭ രൂപവത്കരണത്തിന് തീർത്ത സമവാക്യം തന്നെയാകും ലോക്സഭ സീറ്റ് നിർണയത്തിനും കൈക്കൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യധാരണ പ്രകാരം, 34 അംഗ മന്ത്രിസഭയിൽ മൂന്നിൽ രണ്ടുഭാഗം കോൺഗ്രസിനാണ്.
വിവിധ ബോർഡുകളിലെയും കോർപറേഷനുകളിലെയും സ്ഥാനവും ഇൗ ഫോർമുല പ്രകാരമാണ് വീതിച്ചത്. കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിൽ 18 മുതൽ 20 സീറ്റ് വരെ കോൺഗ്രസിനും എട്ടു മുതൽ 10 വരെ സീറ്റ് ജനതാദൾ-എസിനും നൽകും. എന്നാൽ, ഏതൊക്കെ സീറ്റുകളിൽ ജെ.ഡി.എസ് സ്ഥാനാർഥികളെ നിർത്തുമെന്നത് തീരുമാനമായിട്ടില്ല.
ഇരു പാർട്ടികളുടെയും സീറ്റുകളുടെ എണ്ണം സംബന്ധിച്ച് വരുംമാസങ്ങളിൽ കോൺഗ്രസ് നേതൃത്വം വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് വീരപ്പമൊയ്ലി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.