സോണിയയോട് മാപ്പ് പറഞ്ഞ് ഗെഹ്ലോട്ട്; കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ല

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റു സ്ഥാനത്തേക്ക് നെഹ്റുകുടുംബം കണ്ടുവെച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പിന്മാറി. ഡൽഹിയിലെത്തി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ശേഷമാണ് അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചത്. ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനത്തോടെ, മുഖ്യമന്ത്രിയാകാമെന്ന യുവനേതാവ് സചിൻ പൈലറ്റിന്‍റെ പ്രതീക്ഷ പാടേ തെറ്റി.

നിയമസഭ കക്ഷി യോഗം ബഹുഭൂരിപക്ഷം എം.എൽ.എമാർ ബഹിഷ്കരിച്ചതടക്കം കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് മാപ്പു ചോദിച്ചു. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം നിയമസഭകക്ഷി യോഗത്തിൽ പാസാക്കാൻ കഴിയാത്തതിന് താൻ ഉത്തരവാദിയല്ലെന്ന വിശദീകരണവും നൽകി.

മുഖ്യമന്ത്രിസ്ഥാനം ഇട്ടെറിഞ്ഞ് കോൺഗ്രസ് പ്രസിഡന്‍റാകാൻ ഗെഹ്ലോട്ട് തയാറല്ലായിരുന്നു. നെഹ്റുകുടുംബം നിർബന്ധിച്ചപ്പോൾ അര സമ്മതം മൂളിയത് രണ്ടു സ്ഥാനങ്ങളും വഹിക്കാമെന്ന പ്രതീക്ഷയോടെയാണ്. ഒരാൾക്ക് ഒരു പദവിയെന്ന നയം രാഹുൽ ഗാന്ധി ഓർമപ്പെടുത്തിയതോടെ, വിശ്വസ്തനായ മറ്റൊരാൾക്ക് മുഖ്യമന്ത്രിസ്ഥാനം ഏൽപിച്ചു കൊടുക്കണമെന്ന ആവശ്യമുയർത്തി.ഗെഹ്ലോട്ടിന് ശേഷം സചിൻ പൈലറ്റ് എന്ന് യുവനേതാവിന് വാക്കു കൊടുത്തിരുന്ന നെഹ്റുകുടുംബം അതിനു തയാറായില്ല. ഇതോടെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനായി കരുനീക്കം. സംസ്ഥാനത്ത് കോൺഗ്രസിനുള്ള 108 എം.എൽ.എമാരിൽ 90ഓളം പേർ ഗെഹ്ലോട്ടിന് വേണ്ടി കൂട്ടരാജി പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതോടെ, രണ്ടു ഡസൻ എം.എൽ.എമാരുടെ പിന്തുണ മാത്രമുള്ള സചിനും ഹൈകമാൻഡിനും മറുവഴി ഇല്ലാതായി. അടുത്ത വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിൽ അനവസരത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് കോൺഗ്രസിന്‍റെ സാധ്യത കളഞ്ഞു കുളിക്കുമെന്ന ഉപദേശമാണ് മറ്റു മുതിർന്ന നേതാക്കൾ നെഹ്റുകുടുംബത്തിന് നൽകിയത്. ഹൈകമാൻഡ് അയഞ്ഞതോടെ ഗെഹ്ലോട്ട് ഡൽഹിയിലെത്തി സോണിയയെ കണ്ടു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സോണിയ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമ പ്രവർത്തകർക്ക് നൽകിയ മറുപടി. എന്നാൽ, മുഖ്യമന്ത്രി പദവി ഉറപ്പിച്ചാണ് ഗെഹ്ലോട്ടിന്‍റെ പിന്മാറ്റമെന്ന് വ്യക്തം.

ദിഗ്വിജയ് X തരൂർ ?

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരം ദിഗ്വിജയ് സിങ്ങും ശശി തരൂരും തമ്മിൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പിന്മാറുന്നുവെന്ന് കണ്ടതോടെ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ്സിങ് എ.ഐ.സി.സി ആസ്ഥാനത്തെത്തി നാമനിർദേശ ഫോറം വാങ്ങി.

നാമനിർദേശ പത്രിക നൽകാനുള്ള സമയം വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കാനിരിക്കേ, ഗെഹ്ലോട്ടിന് പകരം ഒരു നേതാവിനെ പ്രസിഡന്‍റ് സ്ഥാനാർഥിയാക്കാൻ നെഹ്റുകുടുംബം നിർബന്ധിതമായി. അത് ദിഗ്വിജയ് സിങ് തന്നെയാകണമെന്നില്ല. ദിഗ്വിജയ് സിങ്ങിന്‍റെ കാര്യത്തിൽ പൂർണ തൃപ്തി ഇല്ലാത്തതുകൊണ്ട് സസ്പെൻസ് അവസാന ദിവസത്തേക്കും നീളുകയാണ്. ദിഗ്വിജയ് സിങ്ങും ശശി തരൂരും തമ്മിലുള്ള മത്സരത്തിനാണ് നിലവിൽ കളമൊരുങ്ങിയത്. ഇരുവരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തനിക്ക് വേണ്ടിയല്ല എന്ന വിശദീകരണത്തോടെ എ.ഐ.സി.സി ട്രഷറർ പവൻകുമാർ ബൻസൽ കഴിഞ്ഞ ദിവസം രണ്ടു ഫോറങ്ങൾ വാങ്ങിയിരുന്നു. കൂടുതൽ സ്ഥാനാർഥികൾ പത്രിക നൽകിയേക്കാമെന്ന സൂചന ഇതു നൽകുന്നുണ്ട്. പത്രിക വാങ്ങിയതിനു പിന്നാലെ ദിഗ്വിജയ്സിങ് ശശി തരൂരിനെ ചെന്നു കണ്ടു. സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന് വിശദീകരിച്ച് ഈ കൂടിക്കാഴ്ചയുടെ ചിത്രം തരൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പാർട്ടിയെ പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കേണ്ട പ്രസിഡന്റിനു വേണ്ടി അവസാന നിമിഷം തെരച്ചിൽ നടത്തുന്ന സ്ഥിതിയാണിപ്പോൾ കോൺഗ്രസിൽ.

Tags:    
News Summary - Won't contest Congress chief polls, apologise to Sonia Gandhi: Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.