ന്യൂഡൽഹി: ആഗോള രാഷ്ട്രീയത്തിലെ സങ്കീർണ സാഹചര്യങ്ങൾക്കിടെ ഡൽഹിയിൽ ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. യുക്രെയ്ൻ സംഘർഷത്തിന്റെ പ്രത്യാഘാതം, ആശാവഹമല്ലാത്ത സാമ്പത്തിക സ്ഥിതി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കൂട്ടായ്മ രാജ്യങ്ങളുടെ കടക്കെണി, ക്രിപ്റ്റോ കറൻസി, നിർമിതബുദ്ധി എന്നിവയുടെ നിയന്ത്രണത്തിനുള്ള രാജ്യാന്തര സഹകരണം, വികസ്വര രാജ്യങ്ങൾക്കുള്ള വായ്പ എന്നീ വിഷയങ്ങൾ കൂടി ചർച്ച ചെയ്യും. കൂട്ടായ്മയുടെ അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യ ആദ്യമായാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്
രണ്ടു ദിവസത്തെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ രാഷ്ട്രനേതാക്കൾ എത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, അർജന്റീന പ്രസിഡന്റ് അൽബർട്ടോ ഫെർണാണ്ടസ്, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സയിദ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജീവ എന്നിവരാണ് എത്തിയത്. വിമാനത്താവളത്തിൽ വിവിധ കേന്ദ്ര മന്ത്രിമാർ രാഷ്ട്രനേതാക്കളെ സ്വീകരിച്ചു. പരമ്പരാഗത നൃത്തങ്ങളോടെയാണ് ലോക നേതാക്കളെ വരവേറ്റത്.
രണ്ടു ദിവസം ഫലപ്രദമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നെത്തും. ഭാര്യ അക്ഷത മൂർത്തിക്കൊപ്പമെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷിസുനകിനെ കേന്ദ്ര മന്ത്രി അശ്വിനി ചൗബേ സ്വീകരിച്ചു. അതേസമയം, ആഫ്രിക്കൻ യൂനിയനെ ജി20 അംഗമാക്കാനുള്ള നിർദേശത്തിന് രാജ്യങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്. ആഫ്രിക്കൻ യൂനിയനെ ഉൾപ്പെടുത്തിയാൽ കൂട്ടായ്മയുടെ പേര് ജി21 എന്നാക്കുമോ എന്ന് വ്യക്തമല്ല. ആഫ്രിക്കൻ യൂനിയനെ സ്ഥിരാംഗമാക്കാൻ ഇന്ത്യയുടെ നിർദേശത്തെ കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളും പിന്തുണക്കുകയായിരുന്നു. ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ആഫ്രിക്കൻ യൂനിയനെ സ്ഥിരാംഗമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ ജി20 രാഷ്ട്രത്തലവന്മാർക്ക് കത്തയച്ചിരുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫ്രിക്കൻ യൂനിയൻ. ആഫ്രിക്കൻ യൂനിയനെ ജി20 കൂട്ടായ്മയിൽ സ്ഥിരാംഗമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.