ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണിത്. പലകുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണിതെന്നും സാനിയ ട്വിറ്ററിൽ കുറിച്ചു.
‘ഒരു കായികതാരം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഇത് കണ്ടുനിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവർ നമ്മുടെ രാജ്യത്തിനായി ബഹുമതികൾ കൊണ്ടുവന്നു. അവരോടൊപ്പം നിൽക്കേണ്ട സമയമാണിത്. ഇത് വളരെ സെൻസിറ്റീവ് ആയ കാര്യവും ഗുരുതരമായ ആരോപണവുമാണ്. അധികം വൈകാതെ ഈ വിഷയത്തിൽ സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം’-സാനിയ കുറിച്ചു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. വനിത താരമായിട്ടും തങ്ങളെ കേൾക്കാൻ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്നും പുനിയ പറഞ്ഞു.
കോൺഗ്രസ് നേതാവ് ശശി തരൂർ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര, ക്രിക്കറ്റ് ഇതിഹാസം കപിൽദേവ്. നടി പൂജാ ഭട്ട്, മഹ്ബൂബ മുഫ്തി തുടങ്ങി നിരവധി പ്രമുഖർ ഉഷയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.