ന്യൂഡൽഹി: യെസ് ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രാവൽ കമ്പനിയായ കോക്സ് ആൻഡ് കിങ്സ് സി.എഫ്.ഒ അനിൽ ഖണ്ഡേവാളിനേയും ഓഡിറ്റർ നരേഷ് ജെയിനിനേയും ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരമാണ് അറസ്റ്റ്.
യെസ് ബാങ്കിൽ നിന്ന് വ്യാജ വായ്പ എടുത്തതുമായി ബന്ധപ്പെട്ട് കോക്സ് ആൻഡ് കിങ്സ് ഇ.ഡി നിരീക്ഷണത്തിലായിരുന്നു. 3642 കോടി രൂപ യെസ് ബാങ്കിൽ നിന്ന് കോക്സ് ആൻഡ് കിങ്സ് വായ്പയെടുത്തിരുന്നു. കോക്സ് ആൻഡ് കിങ്സ് ലിമിറ്റഡിെൻറ പേരിൽ 563 കോടിയും ഇസിഗോ വൺ ട്രാവൽ ആൻഡ് ടൂർ എന്ന കമ്പനിയുടെ പേരിൽ 1012 കോടിയും വായ്പയെടുത്തിരുന്നു. കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസ് 422 കോടിയും പ്രോമേഥോൺ എൻറർപ്രൈസ് ലിമിറ്റഡ് 1152 കോടിയും മാൽവീറൻ ട്രാവൽ ലിമിറ്റഡ് യു.കെ എന്ന സ്ഥാപനത്തിെൻറ പേരിൽ 493 കോടിയും വായ്പയെടുത്തിരുന്നു.
കമ്പനിക്ക് വായ്പ അനുവദിച്ചതിൽ വ്യാപക ക്രമക്കേടുകളാണ് ഇ.ഡി കണ്ടെത്തിയത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളുണ്ടാക്കി കോക്സ് ആൻഡ് കിങ്സ് തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡി നിഗമനം. ഇതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ നിർമിച്ച് നൽകിയായിരുന്നു തട്ടിപ്പ്. ബാങ്ക് വായ്പ മറച്ചുവെച്ച് ഉടമസ്ഥതയിലുള്ള സഹസ്ഥാപനം കോക്സ് ആൻഡ് കിങ്സ് വിറ്റുവെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.