ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണപൊട്ടിയ ജന രോഷത്തിൽ പ്രകമ്പനം കൊണ്ട് രാജ്യം. തങ്ങളെ വിഭജിച്ച് ഭരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ജനം തെരുവിലിറങ്ങി. നിരോധനാജ്ഞ പ്രഖ്യാപിച്ചും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തും ഇൻറർനെറ്റ് വിച്ഛേദിച്ചും പ്രക്ഷോഭം തടയാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. മംഗലാപുരത്ത് പ്രക്ഷോഭകർക്കു നേരെയുണ്ടായ വെടിവെപ്പിൽ രണ്ടുപേരും ലഖ്നോവിലെ പരിവർത്തൻ ചൗക്കിൽ വെടിവെപ്പിൽ ഒരാളും മരിച്ചു.
മംഗളൂരു കുദ്രോളിയിലെ നൗഫൽ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് മരിച്ചതെന്ന് പാണ്ഡേശ്വരം പൊലീസ് അറിയിച്ചു. െപാലീസുകാരടക്കം എട്ടുപേർക്ക് പരിക്കേറ്റു. മുഹമ്മദ് വക്കീൽ(25)ആണ് യു.പിയിൽ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രക്ഷോഭകർക്കുനേരെ െപാലീസ് വെടിയുതിർത്തത്. വെടിയേറ്റുവീണ ഇവരെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഡൽഹിയിൽ ജന്തർമന്തറിനും മാണ്ഡി ഹൗസിനും പുറമെ ചെേങ്കാട്ടയും സമരകേന്ദ്രമായി. ജമ്മു, പട്ന, ലഖ്നോ, സംഭാൽ, മുംബൈ, ഗുവാഹതി, അഹ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു, മംഗളൂരു, ചെന്നൈ തുടങ്ങി ഒട്ടേറെ നഗരങ്ങളിലും കേരളത്തിൽ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ചെറുപട്ടണങ്ങളിലും പ്രതിഷേധം അലയടിച്ചു. ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ നേതാക്കളായ ഡി. രാജ, ആനിരാജ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ആയിരത്തിലേറെ പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അദ്ദേഹത്തിെൻറ മുഖത്തിനുനേരെ പൊലീസ് മുഷ്ടിചുരുട്ടി ഇടിക്കാനോങ്ങിയത് വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗുഹയെ വലിച്ചിഴച്ച് പൊലീസ് വാനിലേക്ക് മാറ്റുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ ഹാമിദ് മുഹമ്മദ് ഖാനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു.
ലഖ്നോവിൽ ഉത്തർപ്രദേശ് പൊലീസ് നടത്തിയ ബലപ്രയോഗം സംഘർഷത്തിലും തീവെപ്പിലും കലാശിച്ചു. ഒരാൾ മരിച്ചത് പൊലീസിെൻറ വെടിവെപ്പിലാണോ അതോ ഒറ്റപ്പെട്ട സംഭവമാണോ എന്ന് പറയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ന്യൂസ് 18 ചാനലിെൻറ ഒ.ബി വാനും നിരവധി വാഹനങ്ങളും അഗ്നിക്കിരയായ ലഖ്നോവിൽ കല്ലേറും കണ്ണീർവാതക പ്രയോഗവും അരങ്ങേറി. യു.പിയിലെത്തന്നെ സംഭാലിൽ രണ്ട് ബസുകൾ കത്തിച്ചു.ഡൽഹിയിൽ സ്വരാജ് അഭിയാെൻറയും യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റിെൻറയും ജാമിഅ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ചെേങ്കാട്ടയിൽനിന്നും സി.പി.എം, സി.പി.െഎ അടക്കമുള്ള ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ മാണ്ഡി ഹൗസിൽനിന്നും പുറപ്പെട്ട പ്രതിഷേധ മാർച്ച് ശഹീദ് പാർക്കിൽ സംഗമിക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനുള്ള അനുമതി നിഷേധിച്ച പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 30 മെട്രോ സ്റ്റേഷനുകളും അത്രതന്നെ റോഡുകളുമടച്ചിട്ടു. നിരോധനാജ്ഞ ലംഘിച്ച് രാവിലെ മുതൽ നൂറുകണക്കിന് പ്രക്ഷോഭകർ ചെേങ്കാട്ടക്ക് മുന്നിലെത്തി. 11 മണിയോടെത്തന്നെ അറസ്റ്റും തുടങ്ങി. നിരവധി കൈവഴികളിലൂടെ പ്രക്ഷോഭകർ ചെേങ്കാട്ടയിലേക്ക് വന്നതോടെ ഇവിടങ്ങളിൽ ഇൻറർനെറ്റ് വിച്ഛേദിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ തലസ്ഥാന ബ്യൂറോകൾ പ്രവർത്തിക്കുന്ന െഎ.ടി.ഒയിലും ബഹാദുർ ഷാ സഫർ മാർഗിലും ഇൻറർനെറ്റിന് നിരോധനം ഏർപ്പെടുത്തി. യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റിെൻറ ഉമർ ഖാലിദ്, നദീം ഖാൻ അടക്കമുള്ള നേതാക്കളെ 12 മണിയോടെ അറസ്റ്റ് ചെയ്തു.
വാർത്തകളുടെ ലൈവ് അപ്ഡേറ്റ്സ് താഴെ:
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ജലീൽ, നൗഷിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്തർ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.
ഇതിന് പിന്നാലെ അക്രമങ്ങൾ തടയാൻ പൊലീസ് അഞ്ചിടത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ബന്തർ, കദ്രി, ഉർവ, പാണ്ഡേശ്വർ, ബർകെ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സിറ്റി പൊലീസ് കമ്മീഷണർ പി.എസ്. ഹർഷ കർഫ്യൂ പ്രഖ്യാപിച്ചത്. കല്ലേറിൽ 10 സമരപ്രതിനിധികൾക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. പലരെയും അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. കണ്ണിൽ കണ്ടവരെയെല്ലാം ഒാടിച്ചിട്ടു തല്ലിയ പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാർ കല്ലെറിഞ്ഞു. റോഡിൽ ടയറുകൾക്ക് തീയിട്ടു. ഒരു മോേട്ടാർ ബൈക്കും കത്തിച്ചു. തുടർന്ന് പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.