ലഖ്നോ: ഉത്തർ പ്രദേശിലെ ആദിത്യനാഥ് യോഗി സർക്കാരിലെ ഭിന്നത മറനീക്കി പുറത്ത്. ദലിത് ആയതിന്റെ പേരിൽ മാറ്റിനിർത്തുകയാണെന്നാരോപിച്ച് യോഗി സർക്കാരിൽ നിന്ന് ഒരു മന്ത്രി രാജിവെച്ചു. റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.പിയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥിന് ഇതു വലിയ ക്ഷീണമായി. രാജിക്കത്ത് മന്ത്രി ദിനേഷ് ഖാത്തിക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ചു. മുഖ്യമന്ത്രിയോടുള്ള അനിഷ്ടം പരസ്യമാക്കി മറ്റൊരു മന്ത്രി ജിതിൽ പ്രസാദ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. ആദ്യമായാണ് ആദിത്യ നാഥിനെതിരെ ബി.ജെ.പി അംഗങ്ങൾ പരസ്യമായി രംഗത്തുവരുന്നത്.
അധികാരത്തിലേറി 100 ദിവസമായിട്ടും ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്ന തന്നെ ഒരു ജോലിയും ഏൽപ്പിച്ചിട്ടില്ലെന്ന് ഖാത്തിക് ആരോപിച്ചു. വലിയ മനോവേദന അനുഭവപ്പെട്ടതിനാലാണ് രാജിക്ക് മുതിർന്നതെന്നും മന്ത്രി തുടർന്നു. ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളെ കുറച്ചും മന്ത്രി രാജിക്കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
''ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയിൽ എന്നെ മാറ്റിനിർത്തുന്നത്. മന്ത്രിയെന്ന നിലയിൽ എനിക്ക് യാതൊരു അധികാരവുമില്ല. ദലിത് സമൂഹത്തിൽ നിന്ന് വന്ന ഒരാൾ എന്ന നിലയിൽ എന്റെ മന്ത്രിസ്ഥാനം വെറുതെയായി. ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും പങ്കെടുപ്പിച്ചിട്ടില്ല. എന്റെ വകുപ്പിനെ കുറിച്ച് ആരും ഒന്നും ചോദിച്ചിട്ടുമില്ല. ദലിത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്'' -ഖാത്തിക് ആരോപിച്ചു.
ബി.ജെ.പി നേതൃത്വം ഇദ്ദേഹവുമായി ചർച്ചക്ക് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. തന്റെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്ന ജീവനക്കാരനെ മുഖ്യമന്ത്രി സസ്‍പെൻഡ് ചെയ്തതാണ് ജിതിൻ പ്രസാദയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം യു.പി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ടാണ് ജിതിൽ ബി.ജെ.പിയിൽ ചേർന്നത്. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹത്തിന് നൽകിയത്.
നിലവിൽ നിരവധി അഴിമതി ആരോപണങ്ങളാണ് വകുപ്പ് നേരിടുന്നത്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രസാദയുടെ ഓഫിസിന്റെ ചുമതലയുള്ള ഐ.എ.എസ് ഓഫിസർ അനിൽ കുമാർ പാൻഡെയും അഴിമതിക്കാരുടെ കൂട്ടത്തിൽ പെട്ടതായി ആരോപണമുയർന്നിരുന്നു. പാണ്ഡെയെ സസ്‍പെൻഡ് ചെയ്തശേഷം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.