ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന നേതാക്കളുമായുള്ള കടുത്ത അഭിപ്രായ ഭിന്നതക്കിടയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിൽ. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഒന്നര മണിക്കൂർ ചർച്ച നടത്തിയ യോഗി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരെ കാണും.
കോവിഡ് കെടുതിയടക്കം ജനങ്ങൾ ദുരിതക്കയത്തിലാണെങ്കിലും, അതിനോടെല്ലാം പുറംതിരിഞ്ഞുനിൽക്കുന്ന യോഗിക്ക് എതിരാണ് ബി.ജെ.പിയുടെ സംസ്ഥാനത്തെ എം.പി, എം.എൽ.എമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം കേന്ദ്രനേതാക്കളും തൃപ്തരല്ല. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ൈശലിയിലും ഭരണത്തിലും മാറ്റം വരുത്തണമെന്ന ആർ.എസ്.എസിെൻറ നിർദേശ പ്രകാരമാണ് ഒത്തുതീർപ്പു ശ്രമങ്ങൾക്കായി യോഗിയുടെ ഡൽഹി യാത്ര.
നിയമസഭ തെരഞ്ഞെടുപ്പു വരുന്നതിനാൽ ആർ.എസ്.എസ് പിന്തുണയുളള യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെങ്കിലും മന്ത്രിസഭ അഴിച്ചുപണി വൈകാതെ നടക്കുമെന്ന് ഉറപ്പായി. മോദിയുടെ വിശ്വസ്തനായ എം.െക. ശർമയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടിവരും. ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ശർമക്ക് ആ പദവി നൽകാനാണ് നീക്കം. ഇതിന് യോഗി എതിരാണെങ്കിലും ഒത്തുതീർപ്പിന് തയാറാകേണ്ടിവരും. ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് യോഗിയുടെ വരവ്.
താക്കൂർ വിഭാഗക്കാരനായ യോഗി മുഖ്യമന്ത്രിയായതോടെ യു.പിയിൽ താക്കൂർ മേധാവിത്വമാണെന്ന അമർഷം 13 ശതമാനം വോട്ടുള്ള ബ്രാഹ്മണ വിഭാഗത്തിനുണ്ട്. അവരെ തൃപ്തിപ്പെടുത്താൻ ബ്രാഹ്മണ മുഖമെന്ന നിലയിൽ ജിതിൻ പ്രസാദയെ ഉയർത്തിക്കാട്ടുന്നതിനൊപ്പം മന്ത്രിസ്ഥാനവും നൽകാൻ ഇടയുണ്ട്.
കോവിഡ് രണ്ടാം തരംഗത്തോടെ യോഗിയോടുള്ള അമർഷം ഉച്ചസ്ഥായിയിൽ എത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ജനപ്രതിനിധികളും പാർട്ടി നേതാക്കളുമായി സംസാരിക്കാൻ ആർ.എസ്.എസ് ചുമതലപ്പെടുത്തിയതനുസരിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ബി.കെ. സന്തോഷ് യു.പിയിൽ എത്തിയിരുന്നു. അതിനുശേഷമാണ് യോഗിയുടെ ഡൽഹി യാത്ര നിശ്ചയിച്ചത്. യു.പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടങ്ങിയശേഷമുള്ള യോഗിയുടെ ആദ്യ ഡൽഹി യാത്രയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.