ലക്നൗ: ഡോ.കഫീൽ ഖാനെ യോഗി ആദിത്യനാഥ് സർക്കാർ പിരിച്ചുവിട്ടു. ഗൊരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിലെ പീഡിയാട്രീഷനായിരുന്നു കഫീൽ ഖാൻ. നിയമ പോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് പിരിച്ചുവിടൽ നടപടി.
2017ലാണ് ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തിരുന്നു.
എന്നാൽ, 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഫീൽ ഖാൻ നടത്തിയ ശ്രമങ്ങളെ റിപ്പോർട്ടിൽ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയിൽ നിന്നുവരെ പണം ചെലവിട്ട് ഓക്സിജൻ സിലിണ്ടർ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് കഫീൽ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സർക്കാർ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നുമായിരുന്നു ആരോപണം.
ഇതിനെ എതിർത്ത് കഫീൽ ഖാൻ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ ജൂലൈ 29ന് വാദം കേട്ടിരുന്നു. 2020 ഫെബ്രുവരി 24നാണ് കഫീൽ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചത്. 2019 ഏപ്രിൽ 15ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ 11 മാസം വൈകിയാണ് പുനരന്വേഷണമെന്ന് കഫീൽ ഖാൻ കോടതിയെ ധരിപ്പിച്ചു. താൻ ഒഴികെ, അന്ന് സസ്പെൻഡ് ചെയ്ത മുഴുവൻ പേരെയും സർവിസിൽ തിരിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാല് വർഷത്തിലേറെയായി സസ്പെൻഷൻ തുടരുന്നത് വിശദീകരിക്കാനും കോടതി നിർദേശിച്ചിരുന്നു. കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ യു.പി സർക്കാർ തടവിലാക്കിയിരുന്നു. ഈ കേസിൽ കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.