സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി; അഖിലേഷിനെ പുറത്താക്കി

ലഖ്നോ: തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുലായത്തിന്‍െറ ബന്ധുവുമായ രാംഗോപാല്‍ യാദവിനെയും ആറുവര്‍ഷത്തേക്ക് പുറത്താക്കി. അഖിലേഷ് ഉടന്‍ രാജിവെക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി അഖിലേഷ് യാദവ് ശനിയാഴ്ച രാവിലെ 9.30ന് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 12 മണിക്ക് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിലൂടെ അസാധാരണ രാഷ്ട്രീയ- ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മുലായം സിങ് യാദവ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികക്ക് ബദലായി അഖിലേഷ് യാദവ് സ്വന്തം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതാണ് മുലായത്തെ പ്രകോപിപ്പിച്ചത്. 403 സീറ്റിലേക്ക് 325 പേരുടെ പട്ടികയാണ് മുലായം സിങ് യാദവ് ആദ്യം പ്രഖ്യാപിച്ചത്. തന്നോട് ആലോചിക്കാതെയും തന്‍െറ അടുപ്പക്കാര്‍ക്ക് സീറ്റ് നിഷേധിച്ചും പുറത്തിറക്കിയ പട്ടികയോട് അഖിലേഷ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രി മുലായം 78 പേരുടെ രണ്ടാമത്തെ പട്ടികയും പുറത്തിറക്കി. ഇതിനുപിന്നാലെയാണ് അഖിലേഷ് 235 പേരുടെ ബദല്‍ പട്ടിക പുറത്തിറക്കിയത്. 

അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അഖിലേഷിനും രാംഗോപാലിനും വെള്ളിയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകീട്ട് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി നാടകീയ പ്രഖ്യാപനം മുലായം നടത്തിയത്. പുതിയ മുഖ്യമന്ത്രിയെ സമാജ്വാദി പാര്‍ട്ടി ഉടന്‍ തീരുമാനിക്കുമെന്നും മുലായം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഖിലേഷിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതാണ് രാംഗോപാലിനെ പുറത്താക്കാന്‍ കാരണം. അഖിലേഷ് തയാറാക്കിയ പട്ടിക പിന്‍വലിക്കുന്ന പ്രശ്നമില്ളെന്നാണ് രാംഗോപാല്‍ യാദവ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ പലരും അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ളെന്നും എന്നാല്‍, ജനങ്ങള്‍ അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ, ജനുവരി ഒന്നിന് പാര്‍ട്ടിയുടെ അടിയന്തരയോഗം രാംഗോപാല്‍ വിളിച്ചുചേര്‍ത്തതും മുലായത്തെ പ്രകോപിപ്പിച്ചു. താന്‍ ടിക്കറ്റ് നല്‍കിയ സ്ഥാനാര്‍ഥികളുടെ യോഗം മുലായവും ശനിയാഴ്ച വിളിച്ചിട്ടുണ്ട്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ചിലര്‍ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുത്ത് അഖിലേഷ് നിര്‍ദേശിക്കുന്നവര്‍ക്ക് നല്‍കാനാണ് ഈ യോഗമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിന്നീടുണ്ടായത്. 180ഓളം സ്ഥാനാര്‍ഥികള്‍ ഇരു പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മുലായം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമോയെന്നതും രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. 

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഗവര്‍ണര്‍ രാം നായിക് പറഞ്ഞു. അഖിലേഷ് യാദവിനെ പുറത്താക്കിയത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, അഖിലേഷ് യാദവ് സര്‍ക്കാറിന്‍െറ പരാജയത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നാടകമാണ് യു.പിയില്‍ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. എല്ലാ രംഗത്തും പരാജയമായ അഖിലേഷ് യു.പിയിലെ ജനങ്ങളെ വഞ്ചിച്ചെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. 


അഖിലേഷിനെ പുറത്താക്കിയത് പാര്‍ട്ടിയെ രക്ഷിക്കാന്‍ -മുലായം
ലഖ്നോ: താന്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത പാര്‍ട്ടിയെ രക്ഷിക്കുന്നതിനാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും പുറത്താക്കിയതെന്ന് എസ്.പി അധ്യക്ഷന്‍ മുലായം സിങ് യാദവ്. പാര്‍ട്ടിയാണ് മുഖ്യമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച ശേഷം അഖിലേഷിന് എങ്ങനെയാണ് മറ്റൊരു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയുക. പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് അഖിലേഷും രാംഗോപാലും ശ്രമിക്കുന്നത്. അതിന് താന്‍ അനുവദിക്കില്ല. വന്‍ ജനപ്രീതിയോടെ അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് താനാണ്. രാം ഗോപാല്‍ യാദവ് പാര്‍ട്ടിയുടെ അടിയന്തര യോഗം ജനുവരി ഒന്നിന് വിളിക്കുകയും അഖിലേഷ് അതിനെ പിന്തുണക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരെയും പുറത്താക്കിയത്. പാര്‍ട്ടി അധ്യക്ഷന് മാത്രമാണ് യോഗം വിളിക്കാന്‍ അധികാരം. രാംഗോപാലിന്‍െറ തീട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. രാംഗോപാല്‍ അച്ചടക്കം ലംഘിക്കുക മാത്രമല്ല, പാര്‍ട്ടിയെ ദ്രോഹിക്കുകയും ചെയ്തു. ഇപ്പോള്‍ പുറത്താക്കുക മാത്രമാണ് ചെയ്തത്. രാംഗോപാലിനെതിരെ കൂടുതല്‍ നടപടിയുണ്ടാകും. രാംഗോപാലാണ് അഖിലേഷിന്‍െറ ഭാവി ഇല്ലാതാക്കിയത്. എന്നാല്‍, അഖിലേഷ് ഇക്കാര്യം മനസ്സിലാക്കുന്നില്ല. അതേസമയം, തന്നെയും അഖിലേഷിനെയും പുറത്താക്കിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന് രാംഗോപാല്‍ യാദവ് കുറ്റപ്പെടുത്തി. ഞായറാഴ്ച താന്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന പാര്‍ട്ടി യോഗം നടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Your Move, Mulayam. With Akhilesh Yadav's List, Samajwadi Party Verges On Split

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.