'നിങ്ങളുടെ നിശബ്ദത, വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തും', പ്രധാനമന്ത്രിക്ക് വിദ്യാർഥികളുടെ കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും ജാതി അധക്ഷേപങ്ങൾക്കുമെതിരെ പ്രധാനമന്ത്രിയോട് പ്രതികരിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്( ഐ.ഐ.എം)ലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു.

പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തും. ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കത്തിലൂടെ അവർ ആവശ്യപ്പെട്ടു.

അടുത്തിടെ ഹരിദ്വാരിൽ നടന്ന ധരം സൻസദ് പരുപാടിയിൽ ചില ഹിന്ദു മത നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും ആയുധമെടുക്കാൻ ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഐ.ഐ.എം വിദ്യാർഥികൾ ഇത്തരമൊരു കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്.

മതംവും ജാതിയും അടിസ്ഥാനമാക്കി സമുദായങ്ങൾക്ക് നേരെ നടത്തുന്ന ഇത്തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കത്തിലൂടെ അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഓരോ മനുഷ്യനും സ്വന്തം മതത്തിലും ആചാരങ്ങളിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുമ്പോഴും രാജ്യത്ത് മതത്തിന്‍റെ പേരിൽ ഭീതി നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഭീതി നിറഞ്ഞ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മുസ്ലീം സഹോദരി സഹോദരൻമാർക്ക് നേരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുകയും വ്യാപകമായി മുസ്ലിം പള്ളികളും വീടുകളുംആക്രമിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും ഈ അവസ്ഥ ഭീഷണി ആണെന്നും അതിനാൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും അവർ കത്തിലൂടെ അഭ്യർഥിച്ചു.

ഐ.ഐ.എം അഹമ്മദാബാദ്, ഐ.ഐ.എം ബംഗളുരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർഥികളും ഉൾപ്പടെ 183 പേരാണ് കത്തിൽ ഒപ്പു വച്ചത്.

Tags:    
News Summary - Your Silence Emboldens Hate-Filled Voices-says Students To PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.