ഗണേശോത്സവത്തിന് ഉച്ചഭാഷിണി ഹാനികരമെങ്കിൽ ഈദിനും അങ്ങനെതന്നെ -ബോംബെ ഹൈകോടതി

മുംബൈ: അനുവദനീയമായ ശബ്ദ പരിധിക്കപ്പുറം ഉച്ചഭാഷിണികളും ശബ്ദസംവിധാനങ്ങളും ഉപയോഗിക്കുന്നത് ഗണേശോത്സവത്തിൽ ദോഷകരമാണെങ്കിൽ ഈദ്-നബിദിന ഘോഷയാത്രകളിലും അതേഫലം തന്നെയാണുണ്ടാവുകയെന്ന് ബോംബെ ഹൈകോടതി. ഈദ്, നബിദിനം എന്നീ ആഘോഷവേളകളിൽ ഡി.ജെ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഒരു കൂട്ടം പൊതുതാൽപര്യ ഹരജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ഉയർന്ന ഡെസിബൽ ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പൗരസമിതികളോടും പൊലീസിനോടും നിർദേശിക്കണമെന്ന് ഹരജിക്കാർ ഹൈകോടതിയോട് ആവശ്യപ്പെട്ടു. ആഘോഷത്തിന് ഡി.ജെ സംവിധാനങ്ങളും ലേസർ ലൈറ്റുകളും ഉപയോഗിക്കണമെന്ന് ഖുർആനോ ഹദീസോ നിർദേശിക്കുന്നില്ലെന്ന് അവർ അവകാശപ്പെട്ടു.

2000ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം അനുവദനീയമായ പരിധിക്കപ്പുറം ശബ്ദം പുറപ്പെടുവിക്കുന്ന ശബ്ദസംവിധാനങ്ങളുടെയും ഉച്ചഭാഷിണികളുടെയും ഉപയോഗം നിരോധിക്കണമെന്ന് ഗണേശോത്സവത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ മാസം ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ മുൻ ഉത്തരവിൽ ഈദിനെ കൂടി ചേർക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ഒവൈസ് പെച്ച്‌കർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ‘പൊതു ഉത്സവങ്ങൾ’ എന്ന് അന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നതിനാൽ അതി​ന്‍റെ ആവശ്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. ഗണേശ ചതുർത്ഥിക്ക് ഹാനികരമാണെങ്കിൽ ഈദിനും ഹാനികരമാണെന്ന് ഹരജികൾ തീർപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു.

ലേസർ ലൈറ്റുകളുടെ ഉപയോഗം മനുഷ്യരിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ കാണിക്കാൻ ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടു. ഇത്തരം ഹരജികൾ സമർപ്പിക്കുന്നതിന് മുമ്പ് കൃത്യമായ ഗവേഷണം നടത്തണമെന്നും ബെഞ്ച് നിർദേശിച്ചു. ‘എന്തുകൊണ്ടാണ് നിങ്ങൾ ഗവേഷണം നടത്താത്തത്? ഞങ്ങൾ അതിൽ വിദഗ്ധരല്ല. മനുഷ്യർക്ക് ദോഷം വരുത്തുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തിടത്തോളം അത്തരമൊരു പ്രശ്നത്തെ എങ്ങനെ ഞങ്ങൾ ന്യായീകരിക്കുമെന്നും’ ബെഞ്ച് ചോദിച്ചു. ഫലപ്രദമായ നിർദേശങ്ങൾ നൽകാൻ ഹരജിക്കാർ കോടതികളെ സഹായിക്കണമെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - If use of loudspeakers harmful during Ganesh festival then same for Eid too: Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.