കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ. യുവാവ് ചികിത്സ കിട്ടാതെ മരിച്ചുവെന്ന ആരോപണമാണ് ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. ട്രക്കിടിച്ച് പരിക്കേറ്റ യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ അഭാവം മൂലം ഇയാൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
ഹൂഗ്ളിയിലെ കൊന്നഗർ സ്വദേശിയായ ബിക്രം ഭട്ടാചാര്യയാണ് മരിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ എമർജൻസി വാർഡിൽ ഡോക്ടർമാരുണ്ടായിരുന്നില്ല. ഇത് ചികിത്സ വൈകാനിടയാക്കുകയും ഇത് ഇയാളുടെ മരണത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഒരുപാട് സമയം ചികിത്സ നൽകാതെ പാഴാക്കി. ഈ സമയത്ത് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കാമായിരുന്നു. പക്ഷേ ആശുപത്രിയിൽ ഡോക്ടറുണ്ടായിരുന്നില്ല. എമർജൻസി ഡോക്ടർ പോലും ആശുപത്രിയിലുണ്ടായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുകളിലൊരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, യുവാവിന്റെ ബന്ധുക്കളുടെ വാദം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ ഡോ. സപ്തർഷി ചാറ്റർജി ബ്രിക്രത്തെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞു. സി.ടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് തയാറെടുക്കുന്നതിനിടെ ഇയാൾ മരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
നേരത്തെ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആർ.ജികർ ആശുപത്രി വിവാദത്തിലായിരുന്നു. ഇതേ തുടർന്ന് രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.