ബംഗ്ലാദേശ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ കടന്നുപോവുകയാണ്. പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിനെക്കുറിച്ച് രാജ്യത്തെ പൊതുജനങ്ങൾക്കിടയിൽ വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഭരണകൂട വേട്ടയിൽ പ്രതിഷേധിച്ചും നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. അഞ്ചാമതും അധികാരത്തിലെത്തിയ ശൈഖ് ഹസീന അത്ര ജനപ്രീതിയുള്ള നേതാവാണെന്ന് പറയാനാവില്ല.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വലിയൊരു പ്രതിഷേധത്തിന് വഴിവെച്ചത്. ഈ സംവരണം സുപ്രീം കോടതി വിധിയെത്തുടർന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് നടപടികൾക്കെതിരായ വിമർശനവും ഹസീനയുടെ കൂടെയുള്ളവർ അഴിമതിക്കാരാണെന്ന ആക്ഷേപവും ശക്തമായി നിലനിൽക്കുന്നു. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടു എന്നത് വസ്തുതയാണ്.
പ്രതിഷേധങ്ങൾ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ നിലപാട് വേദനിപ്പിക്കുന്നതാണെന്നാണ് ബംഗ്ലാദേശിലെ സാമ്പത്തിക വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടത്. എന്താണ് ബംഗ്ലാദേശിൽ സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് ഇപ്പോൾ പ്രവചിക്കാനാവില്ല. സംവരണത്തിനെതിരായ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തുകയാണ് ശൈഖ് ഹസീനയുടെ സർക്കാർ ചെയ്തത്.
കാര്യങ്ങൾ അവിടെ നിൽക്കുമെന്ന് തോന്നുന്നില്ല. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ ഇന്ത്യ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ട ഘട്ടമാണിത്. ഇന്ത്യ പരസ്യമായി ഒരു പ്രഖ്യാപനം പുറപ്പെടുവിക്കണമെന്ന് പറയാനാവില്ല. നയതന്ത്ര മാർഗത്തിലൂടെ വേണം നമ്മൾ ഈ വിഷയത്തിൽ ഇടപെടാൻ. പൊതുവായ പ്രഖ്യാപനങ്ങൾ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിലെ കൈകടത്തലായി വ്യാഖ്യാനിക്കപ്പെടും.
യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും ഭരണതലത്തിലെ അഴിമതിയും സാമ്പത്തിക മാന്ദ്യവുമാണ് ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ഹസീനയെ എതിർക്കുന്ന ജമാഅത്തെ ഇസ്ലാമിക്കും ഐ.എസ്.ഐക്കും കുറച്ച് സ്വാധീനമുണ്ട്. ഐക്യരാഷ്ട്ര സഭക്ക് എന്തെങ്കിലും ഇടപെടൽ നടത്തണമെങ്കിൽ റഷ്യയും ചൈനയും അമേരിക്കയും സമ്മതിക്കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കാനുള്ള സാധ്യത വളരെ കുറവാണ്. തന്നെ വേണ്ടത്ര മാനിക്കാത്ത ബീജിങ്ങിന്റെ നടപടിയിൽ അസ്വസ്ഥയായി ശൈഖ് ഹസീന ചൈന സന്ദർശനം വെട്ടിച്ചുരുക്കി ഒരു ദിവസം മുമ്പ് ധാക്കയിലേക്ക് മടങ്ങിയിരുന്നു. ബംഗ്ലാദേശിൽ ഇപ്പോൾ രൂപപ്പെട്ട ആശങ്കാജനകമായ സംഭവവികാസങ്ങളെ ലോകരാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.