നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാൽ രക്ഷപ്പെട്ടതെങ്ങനെ? -പഞ്ചാബ് സർക്കാറിനോട് ഹൈകോടതി

ചണ്ഡീഗഡ്: ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിനെ കണ്ടെത്താനാകാത്ത പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പഞ്ചാബ്-ഹരിയാന ഹൈകോടതി. അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ തൽസ്ഥിതി അറിയിക്കണ​മെന്ന് കോടതി ആവശ്യപ്പെട്ടു.

നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ടായിട്ടും എങ്ങനെയാണ് അമൃത്പാൽ സിങ് രക്ഷപ്പെട്ടത്? -ഹൈകോടതി പഞ്ചാബ് സർക്കാറിനോട് ചോദിച്ചു. ഇത് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഖലിസ്ഥാൻ നേതാവിനും വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയിലെ അംഗങ്ങൾക്കും എതിരായ പഞ്ചാബ് പൊലീസ് നടപടിക്കിടെയാണ് കോടതിയുടെ പരാമർശം.

ശനിയാഴ്ച അമൃത് പാലിന്റെ 78 അനുയായികളെ അറസ്റ്റ് ചെയ്തുകൊണ്ട് പൊലീസ് ശക്തമായ തിരിച്ചടി നൽകിയിരുന്നു. ശനിയാഴ്ച വൈകീട്ട് ജലന്തറിൽ അതിവേഗത്തിൽ മോട്ടോർ സൈക്കിളിൽ പോകുമ്പോഴാണ് അമൃത് പാലിനെ അവസാനമായി കണ്ടത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചാബിൽ സജീവമാണ് അമൃത്പാൽ. സായുധ അണികൾക്കൊപ്പമാണ് ഇയാളെ കാണാറുള്ളത്. ഖലിസ്ഥാനി വിഘടനവാദി ജർണൈൽ സിങ് ഭിന്ദ്രൻവാലെയുടെ പിൻഗാമിയെന്നാണ് ഇയാൾ അവകാശപ്പടുന്നത്. അനുയായികൾ ഇയാളെ ഭിന്ദ്രൻവാലെ 2 എന്നാണ് വിളിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് അമൃത്പാലിന്റെ സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അമൃത്പാലും കൂട്ടാളികളും ആയുധങ്ങളുമായി എത്തി പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതിയെ രക്ഷിക്കുകയും ആക്രമണത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അമൃത് പാലിനെതിരായ നടപടി പൊലീസ് ശക്തമാക്കിയത്.

Tags:    
News Summary - "You've 80,000 Cops, How Did Amritpal Singh Flee?", High Court Asks Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.