കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ രാഷ്ട്രീയത്തിൽ ഓപണറായി എത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ യൂസുഫ് പത്താന് വിജയത്തോടെ അരങ്ങേറ്റം. കോൺഗ്രസ് പതിറ്റാണ്ടുകളായി കൈവശം വെച്ച ബെഹറാംപൂർ മണ്ഡലമാണ് യൂസുഫ് പത്താന്റെ ആഞ്ഞടിയിൽ അടിതെറ്റി വീണത്. വീഴ്ത്തിയതാകട്ടെ, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവും പശ്ചിമ ബംഗാൾ അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരിയെ. 1999 മുതൽ അദ്ദേഹം കൈവശം വെച്ച മണ്ഡലമാണ് ഇത്തവണ കൈവിട്ടത്.
വോട്ടെണ്ണൽ തുടരുമ്പോൾ 86,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പത്താൻ നേടിയിരിക്കുന്നത്. ഇതിനകം 5,20,000ത്തിലധികം വോട്ട് സ്വന്തമാക്കിയ പത്താന് പിന്നിൽ രണ്ടാമതായ അധിർ രഞ്ജൻ ചൗധരിക്ക് 4,33,000ത്തോളം വോട്ടാണ് നേടാനായത്. ബി.ജെ.പിയിലെ ഡോ. നിർമൽ കുമാർ സാഹ 3,65,000ത്തോളം വോട്ടുമായി മൂന്നാം സ്ഥാനത്തായി.
തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്-സി.പി.എം സഖ്യം, ബി.ജെ.പി എന്നീ കക്ഷികൾ തമ്മിൽ ത്രികോണ മത്സരമാണ് ഇത്തവണ ബംഗാളിൽ അരങ്ങേറിയത്. 29 സീറ്റിൽ തൃണമൂൽ മുന്നേറിയപ്പോൾ കഴിഞ്ഞ തവണ 18 സീറ്റിൽ ജയിച്ച ബി.ജെ.പി 12ൽ ഒതുങ്ങി. കോൺഗ്രസ് ഒരു സീറ്റിലാണ് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.