ബ്രസീല്‍ മുന്‍ പ്രസിഡന്‍റിനെ വിചാരണ ചെയ്യും

റിയോ ഡെ ജനീറോ: പെട്രോള്‍ കമ്പനിയായ പെട്രോബ്രാസിനെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച കേസില്‍  ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ലൂയിസ് ലുല ഡാ സില്‍വ വിചാരണ നേരിടേണ്ടി വരും. ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിയെഴുതിയതോടെയാണിത്. വിചാരണയുടെ തീയതി തീരുമാനിച്ചിട്ടില്ല.
ബ്രസീലിലെ ഏറ്റവും പ്രഗല്ഭനായ രാഷ്ട്രീയക്കാരനെന്ന നിലയില്‍ വിചാരണ രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചേക്കും. സില്‍വയടക്കം അഞ്ചുപേര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ പെട്രോബാസ് അഴിമതിക്കേസില്‍ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതായും അധികാര ദുര്‍വിനിയോഗം നടത്തുന്നതായും കാണിച്ച് സില്‍വയുടെ അഭിഭാഷകന്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍െറ പ്രതികാരമാണ് കോടതിയിലേക്ക് മുന്‍ പ്രസിഡന്‍റിനെ വലിച്ചിഴക്കുന്നതിന് പിന്നിലെന്ന് അദ്ദേഹത്തിന്‍െറ അനുകൂലികള്‍ പറയുന്നു.
 ആരോപണങ്ങള്‍ നിഷേധിച്ച സില്‍വ, പൊലീസും അന്വേഷണോദ്യോഗസ്ഥരും തന്‍െറ പങ്ക് തെളിയിക്കട്ടെയെന്ന് വെല്ലുവിളിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.