രാജ്യദ്രോഹക്കുറ്റം: ആണവ ശാസ്ത്രജ്ഞനെ ഇറാൻ തൂക്കിലേറ്റി

തെഹ്​റാൻ: ആണവ രഹസ്യങ്ങള്‍ കൈമാറിയ കുറ്റത്തിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമിരിയെ ഇറാന്‍ തൂക്കിലേറ്റി. അമിരിയുടെ മരണവാര്‍ത്ത കുടുംബം ശനിയാഴ്ച സ്ഥിരീകരിച്ചു. അമിരിയുടെ കഴുത്തിന് ചുറ്റും കയറു മുറുകിയ പാടുകളുണ്ടായിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി.

അമേരിക്കയുടെ രഹസ്യ സംഘടനയായ സി.ഐ.എയുടെ തടങ്കലില്‍ നിന്ന് 2010ല്‍ തിരിച്ചെത്തിയ ഷഹറാം അമിരി രാജ്യത്തിന്‍റെ ആണവ രഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചതായി നേരത്തെ ഇറാന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2009ലെ സൗദി തീർഥാടന യാത്രയിലാണ് ഷഹറാം അമിരി അപ്രത്യക്ഷനാകുന്നത്. തുടര്‍ന്ന് വന്ന വിഡിയോയില്‍ സി.ഐ.എയുടെ തടങ്കലിലാണ് താനെന്ന് അമിരി വെളിപ്പെടുത്തിയിരുന്നു.

2010ല്‍ ഇറാനില്‍ തിരിച്ചെത്തിയ ഷഹറാം അമിരിക്ക്​ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇറാന്‍റെ ആണവ രഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനായി തന്നെ സി.ഐ.എ കടുത്ത മാനസിക പീഢനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു എന്ന് അമിരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ സി.ഐ.എ തള്ളിയിരുന്നു. അമിരി സ്വമേധയാ ആണ് രാജ്യം വിട്ടതെന്നും പിന്നീട് സ്വന്തം ആഗ്രഹപ്രകാരം തിരിച്ച് ഇറാനിലേക്ക് വന്നതാണെന്നുമായിരുന്നു സി.ഐ.എയുടെ വിശദീകരണം.

അമിരിയെ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് വന്നിരുന്നില്ലെങ്കിലും 2011ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇറാന്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടപടിക്കെതിരെ ആഗോളതലത്തില്‍ വൻ പ്രതിഷേധം ശക്തമാവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.