?????????? ????????????? ????? ????? ???????? ?????? ?????

ബ്രിട്ടന് രണ്ടാം വനിതാ പ്രധാനമന്ത്രി; തെരേസ മെയ് ചുമതലയേറ്റു

ലണ്ടന്‍: ഉരുക്കുവനിതയെന്ന് പേരെടുത്ത മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം  ബ്രിട്ടന്‍െറ രണ്ടാം വനിതാ പ്രധാനമന്ത്രിയായി തെരേസ മെയ് ചുമതലയേറ്റു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോരണമെന്ന ‘ബ്രെക്സിറ്റ്’ വോട്ടെടുപ്പ് ഫലം നടപ്പാക്കേണ്ട അധികജോലിഭാരവുമായാണ് മെയ് ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദമേറുന്നത്. ബ്രെക്സിറ്റ് ഫലം നടപ്പാക്കാന്‍ മുന്‍നിര സംഘത്തെ നിയോഗിക്കലായിരിക്കും 59കാരിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്‍െറ  പ്രഥമദൗത്യവും വെല്ലുവിളിയുമായി വിലയിരുത്തപ്പെടുന്നത്. 1979-90 കാലയളവുവരെ ബ്രിട്ടന്‍ ഭരിച്ച താച്ചര്‍ക്കുശേഷം വനിതാപ്രധാനമന്ത്രിയത്തെുന്നതിലൂടെ രാജ്യത്ത് രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യത്തിന്‍െറ പ്രാധാന്യമേറ്റുമെന്നും കൂടുതല്‍ കണ്‍സര്‍വേറ്റിവ് വനിതാ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന ഇന്ത്യക്കാരിയായ പ്രിതി പട്ടേലിന് കൂടുതല്‍ പ്രാധാന്യമുള്ള മറ്റൊരു വകുപ്പ് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 44കാരിയായ ഗുജറാത്തുകാരിയായ പ്രീതി പട്ടേല്‍ ബ്രെക്സിറ്റ് അനുകൂലിയും പ്രധാനമന്ത്രി പദത്തിലേക്ക് തെരേസയെ അടുത്തിടെ പിന്തുണച്ച് രംഗത്തുവരുകയും ചെയ്ത വനിതാ നേതാവാണ്. ഊര്‍ജമന്ത്രി ആംബര്‍ റൂഡ്, അന്താരാഷ്ട്ര വികസന മന്ത്രി ജസ്റ്റിന്‍ ഗ്രീനിങ് ആഭ്യന്തര മന്ത്രി കാരന്‍ ബ്രാഡ്ലി തുടങ്ങിയവര്‍ക്കും തെരേസ മന്ത്രിസഭയില്‍ ഉന്നത പദവികള്‍ക്ക് സാധ്യത കല്‍പിക്കുന്നുണ്ട്. 1997 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ മെയഡന്‍ഹെഡിനെ പ്രതിനിധാനംചെയ്യുന്ന എം.പിയാണ് തെരേസ. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ഏറ്റവുമധികം കാലം ആഭ്യന്തര സെക്രട്ടറിയായിരുന്ന വ്യക്തിയുമാണ് പുതിയ പ്രധാനമന്ത്രി. രാഷ്ട്രീയത്തില്‍ വരുന്നതിനുമുമ്പ് ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ ജീവനക്കാരിയുമായിരുന്നു തെരേസ. 

ഡേവിഡ് കാമറണ്‍ പദവി ഒഴിഞ്ഞ് ഒരു മണിക്കൂറിനുശേഷമാണ് ഭര്‍ത്താവ് ഫിലിപ് മെയ്ക്കൊപ്പം തേരേസ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലത്തെി ലോകമാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആധുനികനും മഹാനുമായ പ്രധാനമന്ത്രിയുടെ കാല്‍പാടുകളെ പിന്തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഡേവിഡ് കാമറണിനെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാറായിരിക്കും തന്‍േറതെന്നും വിശേഷാധികാരമുള്ള കുറച്ചുപേര്‍ക്കുവേണ്ടി മാത്രമുള്ള സര്‍ക്കാറായിരിക്കില്ളെന്നും ആദ്യ പൊതുപ്രസംഗത്തില്‍ അവര്‍ പ്രഖ്യാപിച്ചു. കൂടുതല്‍ നല്ല ബ്രിട്ടന്‍ കെട്ടിപ്പടുക്കലാണ് തന്‍െറ ലക്ഷ്യം. ഒരുവിധം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്കും ജീവിക്കാന്‍വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്നവര്‍ക്കുമെല്ലാം ജീവിതത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുനല്‍കുമെന്നും അവര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.