സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാനും പരിഹാരം നിർദേശിക്കാനും 2018ലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് കെ. ഹേമ കമീഷനെ നിയോഗിച്ചത്. 'വിമൻ ഇൻ സിനിമ കലക്ടീവ്' (ഡബ്ല്യൂ.സി.സി.) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജസ്റ്റിസ് ഹേമ, റിട്ട ഐ.എ.എസ് ഓഫിസർ കെ.ബി. വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമീഷന് അംഗങ്ങൾ. പരാതികൾ സ്വീകരിച്ച കമീഷൻ 2020 ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നാളിതുവരെയായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു സംബന്ധിച്ച് വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ മുൻനിര ഡബ്ബിങ് ആർട്ടിസ്റ്റും സിനിമ ലോകത്തെ വേറിട്ട ശബ്ദവുമായ ഭാഗ്യലക്ഷ്മി സംസാരിക്കുന്നു
ജസ്റ്റിസ് കെ. ഹേമ കമീഷൻ എന്നെയും വിളിപ്പിച്ചിരുന്നു. അന്ന് ഞാൻ അവരോട് ചോദിച്ചു. പ്രശ്നങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എന്താണു ചെയ്യാൻ പോകുന്നത് എന്ന്. സിനിമയിൽ സ്ത്രീകൾ ഒരുപാടു ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അവർക്ക് പറയാൻ ഇടമില്ല. പറഞ്ഞാൽ പരിഹാരമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കമീഷൻ രൂപവത്കരിച്ചത് എന്നായിരുന്നു മറുപടി. ഹേമ കമീഷൻ മാറ്റം കൊണ്ടുവരും, സ്ത്രീകളെവെച്ച് സർക്കാർ സിനിമയെടുക്കും എന്നും പറഞ്ഞിരുന്നു.
ഞാൻ അവരോട് തുറന്നുപറഞ്ഞു. കേരളത്തിലെന്നല്ല, ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരു ഭാഷയിലും അങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കില്ല എന്ന്. കാരണം എല്ലാ ഭാഷകളിലും പുരുഷാധിപത്യം നിലനിൽക്കുന്ന രംഗമാണ് സിനിമ. അവിടെ മാറ്റംകൊണ്ടുവരുക അസാധ്യമാണ്. വെറുതെ സ്ത്രീകളെവെച്ച് സിനിമയെടുത്തിട്ട് കാര്യമില്ലല്ലോ. അത് തിയറ്ററിൽ കൊണ്ടുവരണം, വിതരണക്കാർ, എക്സിബിറ്റേഴ്സ്, ഫൈനാൻസിയേഴ്സ് എല്ലാം വേണം. ഈ പറയുന്ന രംഗങ്ങളിലൊന്നും സ്ത്രീകൾക്ക് മാർക്കറ്റ് വാല്യൂ ഇല്ലെന്നു കരുതുന്ന മേഖലയാണിത്.
അപ്പോഴും കമീഷൻ പറഞ്ഞു. അങ്ങനെയല്ല നമുക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിയും എന്ന്. ഇതൊരു നന്മക്ക് തുടക്കമാകുമെങ്കിൽ നല്ലതെന്നു കരുതി കുറച്ചു കാര്യങ്ങൾ ഞാനും പറഞ്ഞിരുന്നു. എനിക്ക് നന്നായിട്ട് അറിയാമായിരുന്നു ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന്. സിനിമയെന്നല്ല ഏതു രംഗത്തായാലും ഒരു പെൺ ശരീരമാണെങ്കിൽ അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കും. അതിനെ എങ്ങനെയാണ് ചെറുത്തുനിൽക്കുന്നത്, എങ്ങനെയാണ് മറികടക്കുന്നത്, അതിജീവിക്കുന്നത് എന്നത് അവളുടെ സാമർഥ്യം പോലിരിക്കും. ആ സാമർഥ്യം ഉണ്ടെങ്കിൽ മാത്രമേ കാര്യമുള്ളൂ. അല്ലാതെ സംഘടനയുണ്ടാക്കിയതുകൊണ്ടോ കമീഷൻ വെച്ചതുകൊണ്ടോ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു.
എന്നെപ്പോലെ പലരും പരാതികൾ പറഞ്ഞു. അതൊക്കെ എവിടെപ്പോയി. പരിഹാരം കിട്ടും എന്നു വിശ്വസിച്ചാണ് നമ്മൾ ഒരിടത്തുചെന്ന് പരാതി പറയുന്നത്. അത് കോടതിയായാലും കമീഷനായാലും സർക്കാറായാലും ആരാണെങ്കിലും പരിഹാരമുണ്ടാക്കിത്തരണം. ഓരോ വിഭാഗത്തിൽനിന്നുള്ളവരെയാണ് കമീഷൻ വിളിച്ചിരുന്നത്. ഡബ്ബിങ് വിഭാഗത്തിൽനിന്ന് എന്നെ മാത്രമേ വിളിച്ചിട്ടുള്ളൂ. പുരുഷൻമാരും എത്തിയിരുന്നു. പരാതിയുള്ള, പല വിഭാഗങ്ങളിലുള്ളവരുടെ നമ്പർ ഞാൻ നൽകിയിരുന്നു. അവരെ വിളിച്ചോ എന്നറിയില്ല.
റിപ്പോർട്ട് പുറത്തുവരുമോ എന്നത് അതിന്റെ ഉള്ളിലെ വിഷയവും പരാതികളിലെ പേരുകളും അനുസരിച്ചിരിക്കും. ഞാൻ ആരുടെയും പേര് പറയാതെയാണ് നൽകിയത്. പേരു പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ടാകും. അതുകൊണ്ട് പൊതുവിൽ സ്ത്രീ അനുഭവിക്കുന്ന മാനസികപീഡനം, തൊഴിലിടങ്ങളിലുണ്ടാകുന്ന മാനസികപീഡനം തുടങ്ങിയവയാണ് തുറന്നു പറഞ്ഞത്. എന്നാൽ, മറ്റു പലരും അവർക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങൾ, വ്യക്തികളുടെ പേര് സഹിതം തന്നെ നൽകിയിട്ടുണ്ട്. ഇത്രയും ചെയ്തിട്ട് നമ്മളെല്ലാവരെയും മണ്ടികളാക്കുന്ന നിലപാടായി കമീഷന്റേത്.
എന്തുകൊണ്ടാണ് ആ റിപ്പോർട്ട് ഇങ്ങനെ മൂടിവെക്കുന്നത്. അതിനു മാത്രം ഗുരുതര പ്രശ്നങ്ങൾ ആ റിപ്പോർട്ടിലുണ്ടോ. ആ ചോദ്യത്തിന് ഹേമ കമീഷൻ മറുപടി പറയണം. സർക്കാറും മറുപടി പറയണം. നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ മീഡിയയോട് പറഞ്ഞോളൂ എന്ന് കമീഷൻ പറഞ്ഞതായി പാർവതി തിരുവോത്ത് ഒരു ചാനലിൽ പറഞ്ഞുകേട്ടു. മീഡിയയോട് പറയാനാണെങ്കിൽ കമീഷന്റെ ആവശ്യമില്ലല്ലോ. രണ്ടും മൂന്നു മണിക്കൂറെടുത്തിട്ടാണ് അവരുടെ മുന്നിൽ പോയി സംസാരിച്ചത്. ഞങ്ങളുടെ സമയത്തിന് വിലയില്ലേ. വികാരങ്ങൾക്ക് വിലയില്ലേ. നമ്മുടെ കൈയിൽനിന്ന് വിവരങ്ങളെല്ലാമെടുത്തിട്ട് ഇനി നിങ്ങൾ മീഡിയയിൽ പോയി പറഞ്ഞോളൂ എന്ന് നിർദേശിക്കുന്നതൊരു ശരിയായ മറുപടിയോ നടപടിയോ അല്ല.
റിപ്പോർട്ട് പഠിക്കാൻ മൂന്നംഗസമിതിയെ വെച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ കമീഷന്റെ ആവശ്യമുണ്ടായിരുന്നോ. അതിനി എത്രകാലം പോകും. അതിനിടയിൽ എത്ര പേർ സിനിമയിൽനിന്ന് പുറത്തായിട്ടുണ്ടാകും. മലയാള സിനിമയുടെ മാത്രം കാര്യമല്ല. സിനിമാരംഗത്ത് ഞാൻ വന്നിട്ട് 42 വർഷമായി. പുരുഷാധിപത്യം അരങ്ങു വാഴുന്ന ഇടമാണ് ഇന്ത്യൻ സിനിമാരംഗം. അവിടെ എവിടെപ്പോയി, ആരെയാണ് തിരുത്തുക.
സെക്സ് റാക്കറ്റ് ഉണ്ടോ എന്നത് എനിക്ക് അറിയാത്ത കാര്യമാണ്. പൾസർ സുനി വിഹരിച്ചിരുന്ന മേഖലയിൽ ഉണ്ടായിരിക്കാം. ഡബ്ബിങ് ചെറിയൊരു മേഖലയിലാണ്. ഒരു പരിധിവരെ സുരക്ഷിതവുമാണ്. ഡബ്ബിങ് അറിഞ്ഞാൽ മാത്രമേ അവിടെ നിലനിൽപുള്ളൂ. ഡബ്ബിങ് മേഖലയിൽ ഇത്തരം ചൂഷണങ്ങൾ കുറവാണ്. ഞാൻ സെക്രട്ടറിയായിരിക്കുമ്പോൾ ഡബ്ബിങ് അസോസിയേഷനിൽ ഇത്തരം പരാതികൾ വന്നിട്ടില്ല. എന്റെ തുടക്കകാലത്ത് ഞാൻ കുറച്ചൊക്കെ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ലൈംലൈറ്റിൽ വന്നശേഷം അങ്ങനെ പെരുമാറാൻ ആരും ധൈര്യം കാണിച്ചിട്ടില്ല.
ഒരു പടത്തിൽ അഭിനയിക്കാൻ പോയപ്പോൾ അവർ കാരവൻ തന്നില്ല. അതിനുള്ള ബജറ്റ് ഇല്ല എന്നാണു പറയുന്നത്. ഞാൻ സഹകരിച്ചു. പ്രശ്നം വന്നാൽ വരുന്നിടത്തുവെച്ചു കാണാം എന്നു കരുതി. ഷൂട്ടിങ്ങിനു ചെന്നാൽ വീടുകളിലാണ് വസ്ത്രം മാറുന്നത്. അവിടെ എവിടെയെങ്കിലും മൊബൈൽ കാമറ വെച്ചിട്ടുണ്ടോ എന്നുപോലും അറിയാനാവില്ല. അതൊന്നും പറഞ്ഞാൽ പുരുഷന്മാർക്ക് മനസ്സിലാവുന്നില്ല. അതേസമയം, വലിയ ആർട്ടിസ്റ്റുകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ ഒരു മടിയുമില്ല. ഇപ്പോൾ എല്ലാ വലിയ ആർട്ടിസ്റ്റുകൾക്കും കാരവൻ ഉണ്ട്. നടികൾക്കു മാത്രമാണ് കാരവൻ ഇല്ലാത്തതെന്നു തോന്നുന്നു. അമ്മ അസോസിയേഷനിൽ ഇതിനെകുറിച്ച് ഒരിക്കൽ സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
നമ്മൾ ഇപ്പോഴും നടിമാരെക്കുറിച്ചു മാത്രമാണ് പറയുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളായ സ്ത്രീകളെകുറിച്ച് ആരും എവിടെയും പറയുന്നില്ല. അവരുടെ അവസ്ഥ ആലോചിച്ചുനോക്കൂ. രാവിലെ പത്തുമണിക്കാണ് ഷൂട്ടെങ്കിൽ എട്ടുമണിയാകുമ്പോൾ വല്ല മരത്തണലിലോ മറ്റോ കൊണ്ടുവന്നിരുത്തും. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരുതരത്തിലുള്ള ഭക്ഷണം, അതിനുമുകളിലുള്ളവർക്ക് മറ്റൊരു തരം ഭക്ഷണം. ഇരിക്കാൻ ഇടം പോലുമില്ല. ഹെയർ ഡ്രെസേഴ്സ് പരാതിപറഞ്ഞിട്ടുണ്ട്, ബാത്റൂമിൽ പോകാനാവില്ല എന്ന്. രാത്രിവരെ അടക്കിപ്പിടിച്ചിരിക്കും. ആണുങ്ങൾ പറമ്പിലും മറ്റും പോകും.
ശാരീരിക മാനസിക, സാമ്പത്തിക ചൂഷണം മാത്രമല്ല, ഭക്ഷണത്തിൽപോലും വിവേചനം ഉണ്ട്. എങ്ങനെയാണ് ഇത് മാറ്റാൻ സാധിക്കുക. പ്രതികരിച്ചതിന് ഒന്നോ രണ്ടോ സിനിമയിൽനിന്ന് എന്നെ മാറ്റിയിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞുനടക്കുന്നവരാണ്, ഭാഗ്യലക്ഷ്മിയെ സിനിമയിലേക്ക് വിളിക്കണ്ട എന്ന് മലയാളസിനിമയിലെ പ്രധാന നടൻ പറഞ്ഞു. ആ പടം ഇല്ലാതായതുകൊണ്ട് എനിക്കൊന്നും സംഭവിച്ചിട്ടില്ല. സംവിധായകൻ മോശമായി പറഞ്ഞപ്പോൾ 'തന്റെ പടം വേണ്ടടോ' എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്. തന്റേടം കാണിക്കുകയേ നിവൃത്തിയുള്ളു. നമ്മളിൽ വിശ്വാസം വേണം. ആ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കുറെ സമയമെടുക്കും. പൊരുതാനുള്ള ചങ്കുറപ്പും നമുക്കുവേണം.
ആക്രമണത്തിനിരയായ നടിക്ക് പിന്തുണ അറിയിക്കാൻ പലരും അവസാന നിമിഷം മുന്നോട്ടുവന്നത് നിവൃത്തികേടുകൊണ്ടാണ്. സമൂഹം തെറിവിളിക്കുമെന്ന പേടി. മനസ്സുണ്ടായിട്ടല്ല. അകത്തൊന്ന്, പുറത്ത് മറ്റൊന്നാണ്. മറ്റു ഭാഷകളിൽനിന്ന് എത്രയോ ആർട്ടിസ്റ്റുകളാണ് അവളെ വിളിച്ച് പിന്തുണ അറിയിച്ചത്.
മലയാളസിനിമയിൽനിന്ന് എത്ര പേർ വിളിച്ച് ആശ്വസിപ്പിച്ചു? സ്ത്രീകൾതന്നെ അവൾക്കെതിരായിരുന്നില്ലേ? പ്രശസ്ത നടന്മാർ പോസ്റ്റിട്ടത് നമ്മൾ കണ്ടു. എന്തുകൊണ്ടാണ് പിന്തുണയുമായി പെണ്ണുങ്ങൾ വരാത്തത്? പിന്നെങ്ങനെയാണ് മാറ്റം കൊണ്ടുവരാൻ കഴിയുക?. സിനിമയിൽ മാറ്റം കൊണ്ടുവരണമെങ്കിൽ സ്ത്രീകൾ ഒന്നിച്ചുനിന്നാലല്ലേ കഴിയൂ. റിപ്പോർട്ട് പുറത്തുവിടണമെന്ന് നമ്മൾ ആവശ്യപ്പെട്ടാൽ എത്ര പേർ കൂടെയുണ്ടാവും. എത്ര പേർക്ക് ഇതിന്റെ ഗൗരവം അറിയാം.
പണ്ട് പ്രേംനസീറിനും സത്യനും ഷീലക്കും ജയഭാരതിക്കുമൊന്നും ഫാൻസ് അസോസിയേഷനുണ്ടായിരുന്നില്ല. സേതുമാധവൻ സാറിന്റെ സിനിമ, വിൻസെന്റ് മാഷിന്റെ സിനിമ എന്നാണു പറഞ്ഞുകൊണ്ടിരുന്നത്. കാലക്രമേണ സിനിമ നടന്റേതായി. അതെങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുക. സിനിമയിൽ എത്ര സ്ത്രീകൾക്ക് ഫാൻസ് അസോസിയേഷനുണ്ട്. തമിഴിൽ അജിത്തും മലയാളത്തിൽ ഫഹദ് ഫാസിലും മാത്രമാണ് ഫാൻസ് അസോസിയേഷൻ വേണ്ടെന്നുപറയാൻ ധൈര്യം കാണിച്ചത്.
ഏതു ഭാഷയെടുത്താലും ഇതാണ് അവസ്ഥ. സിനിമാരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുക അസാധ്യമാണ്. സിനിമ ഭരിക്കുന്നത് പുരുഷന്മാരാണ്. അവർക്ക് എന്തെങ്കിലും മാറ്റം വന്നാലല്ലേ. എന്താണ് അമ്മയിലും മറ്റു സംഘടനകളിലും ഒരു വനിത സെക്രട്ടറി വരാത്തത്. 30 ശതമാനമെങ്കിലും ഭാരവാഹിത്വം സ്ത്രീകൾക്ക് കൊടുക്കാത്തത്. പിന്നെയെങ്ങനെയാണ് മാറ്റം ആഗ്രഹിക്കുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിധിവന്നപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഈ രാജ്യത്ത് മാത്രമാണോ ഇങ്ങനെ സംഭവിക്കുന്നത്. പണമുള്ളവർമാത്രം രക്ഷപ്പെട്ടുപോവുന്നു.
പണമില്ലാത്തവർക്ക് ജീവിക്കണ്ടേ. പണമില്ലാത്തവൻ എവിടെപ്പോയാണ് സങ്കടം പറയേണ്ടത്. തെറ്റായ സന്ദേശമാണ് ഇത്തരം വിധികളിലൂടെ സമൂഹത്തിനുനൽകുന്നത്. സമൂഹം മുഴുവൻ എതിർത്താലും ന്യായത്തിന്റെ കൂടെനിൽക്കുക എന്നതാണ് ഞാൻ പഠിച്ചിട്ടുള്ളത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.