വിവരാവകാശ നിയമം രണ്ടാം പതിറ്റാണ്ടിലേക്ക് കടക്കുമ്പോൾ വിവരാവകാശ കമീഷണർ സംസാരിക്കുന്നു
ഏറ്റവും കരുത്തും ആവേശവും നൽകുന്ന നിയമമാണ് വിവരാവകാശ നിയമം. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനും അഴിമതി നിർമാർജനം ചെയ്യുന്നതിനുമായാണ് വിവരാവകാശ നിയമം. ഈ നിയമത്തിന്റെ സാധ്യതയെ ജനങ്ങൾക്കായി ഉപയോഗിച്ച് അറിയേണ്ടതെല്ലാം അറിയണമെന്ന് ശഠിച്ച് ആ കാര്യത്തിൽ ഒപ്പ് ചാർത്തിയയാളാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം. വിവരാവകാശ നിയമത്തെക്കുറിച്ച് ഡൽഹി സർവകലാശാലയിൽനിന്ന് ഗവേഷണവും പൂർത്തീകരിച്ചയാളാണ് അദ്ദേഹം. 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തിലായ വിവരാവകാശ നിയമം രണ്ടാം പതിറ്റാണ്ടിലേക്ക് കടക്കുമ്പോൾ എ. അബ്ദുൽ ഹക്കീം സംസാരിക്കുന്നു.
വിവരമുണ്ടാക്കാൻ മാത്രമല്ല
എല്ലാവർക്കും ഒരുപോലെ ലഭ്യമാവേണ്ടതാണ് വിവരങ്ങൾ. വിവരാവകാശ നിയമം ലക്ഷ്യം വെക്കുന്നത് മൊത്തത്തിലുള്ള ജനങ്ങളെയാണ്. ജനപ്രാതിനിധ്യമാണ് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ അന്തഃസത്ത. ഏതൊരു വലിയ പ്രക്രിയകൾക്കും അങ്ങെനയേ സാധിക്കൂ. നമ്മുടെ നാല് സ്തംഭങ്ങളും നോക്കൂ, നിയമനിർമാണ സഭകളിൽ ജനപ്രതിനിധികളാണ് ഉള്ളത്. എക്സിക്യൂട്ടിവിലും ജുഡീഷ്യറിയിലും തെരഞ്ഞെടുക്കപ്പെട്ടവരാണുള്ളത്. മാധ്യമമേഖലയിൽ അതിനായി നിയോഗിക്കപ്പെട്ടവരും. ഇതിൽനിന്ന് ജനങ്ങൾ പലതിലും നേരിട്ടല്ല ഉള്ളതെന്ന യാഥാർഥ്യം കൃത്യമായി മനസ്സിലാക്കാൻ കഴിയും. എന്നാൽ പ്രാതിനിധ്യ സ്വഭാവത്തിൽ ജനങ്ങൾ നിർണായകമാണ്. ജനാധിപത്യത്തിൽ അധികാരത്തിലേക്ക് ഒരു സർക്കാറിനെ നിയോഗിക്കുന്ന ജനത്തിന് പങ്കാളിത്തം മാത്രമാകുമ്പോൾ വിവരാവകാശ നിയമം ജനങ്ങളെ നേരിട്ട് ലക്ഷ്യംെവക്കുന്നു. ജനങ്ങളുടെ നികുതിപ്പണം സർക്കാറുകളുടെ മൂലധനമാകുമ്പോൾ ജനങ്ങളോട് വ്യവസ്ഥിതിക്ക് കൂടുതൽ ഉത്തരവാദിത്തം വന്നു ചേരുന്നു. പ്രാദേശികതലം മുതൽ ദേശീയതലം വരെ തന്റെ സർക്കാറും അത് ഉൾകൊള്ളുന്ന സംവിധാനങ്ങളും എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് അറിയാനുള്ള ആത്യന്തികമായ അവകാശം ജനത്തിനാണ്. ആ അവകാശത്തിന് നിയമപ്രാബല്യം ലഭിച്ചതാണ് വിവരാവകാശ നിയമം.
വിവരത്തിന്റെ പ്രതിഫലനം
രാജ്യത്തുണ്ടാകുന്ന നിയമങ്ങളും ആശയങ്ങളും പദ്ധതികളും എങ്ങനെയാണ് പ്രാവർത്തികമാകുന്നതെന്ന് അറിയാനുള്ള നിയമംകൂടിയാണ് വിവരാവകാശ നിയമം. മുമ്പ് മേലധികാരികളിൽനിന്ന് താഴേക്ക് ലഭിക്കുന്ന നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ സദാ സന്നദ്ധരായിരുന്നു. ഒരു ഉദ്യേഗസ്ഥന് ലഭിക്കുന്ന നിർദേശം നടപ്പിലാക്കാനുള്ള ബാധ്യതയായിരുന്നു. ഇന്ന് അത് ജനം നാളെ തിരക്കിവരും എന്ന ജാഗ്രതയോടെ മാത്രമേ നടപ്പു വന്നുള്ളൂ. ജനം വിവരം നേരിട്ട് ചോദിക്കുകയും അത് നൽകുകയും വേണം. അപ്പോൾ ജനത്തിന്റെ വിവരം അറിയാനുള്ള അവകാശത്തെ വകെവച്ചു കൊടുക്കാൻ ഉദ്യോഗസ്ഥന് തൊഴിൽപരമായി തന്നെ ബാധ്യതയായി. ജനത്തിന് അത് നേടാൻ കഴിയും എന്നത് അവകാശവുമായി. ഈ അവകാശം അങ്ങനെ ജനാധിപത്യത്തിന്റെ നട്ടെല്ലായി മാറി.
പ്രചാരം ലഭിക്കേണ്ട വകുപ്പുകളെ ശ്രദ്ധിക്കുന്നില്ല
വിവരാവകാശ നിയമത്തിൽ ആകെ 31 വകുപ്പുകളാണുള്ളത്. എന്നാൽ ഇതിന്റെ ശക്തിയും പ്രതാപവും, സ്വാധീനവും വളരെ വലുതാണ്. ആയിരക്കണക്കിന് വകുപ്പുകളുള്ള നിയമങ്ങളുടേയും ചട്ടങ്ങളുടേയും വ്യവസ്ഥകളുടേയും പ്രയോഗങ്ങളെക്കുറിച്ച് ചോദിക്കുകയും അവക്കെല്ലാംമേലേ അതിപ്രഭാവം ഉണ്ടായിരിക്കുകയും ചെയ്യുന്ന നിയമമാണിത്. മറ്റ് നിയമത്തിൽ എന്ത് പറഞ്ഞാലും വിവരാവകാശ നിയമത്തിൽ എന്ത് പറയുന്നുവോ അതിനാണ് പ്രാബല്യം. അത്രക്ക് ശക്തമാണ് ഈ നിയമം.
ഈ നിയമത്തിന്റെ എട്ടാം വകുപ്പാണ് വിവരം നൽകണ്ടായെന്ന് പറയുന്ന ഭാഗം. ഇതിൽ 10 ഖണ്ഡികയുണ്ട്. ഈ വകുപ്പും ഖണ്ഡികകളും അറിയാത്ത ഒരു ഉദ്യോഗസ്ഥനും രാജ്യത്തുണ്ടാകുമെന്ന് കരുതുന്നില്ല. വിവരം നൽകണ്ടായെന്ന് പറഞ്ഞ് ഒഴിവാകാൻ കഴിയുന്ന വകുപ്പിന് കാര്യമായ പ്രചാരം ലഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഈ പ്രചാരം മറ്റ് വകുപ്പുകൾക്ക് ലഭിച്ചിട്ടില്ല. മാത്രവുമല്ല ഈ വകുപ്പുകൾ നടപ്പാക്കുന്നതിൽ പലരും വേണ്ടത്ര ആത്മാർഥത കാണിക്കുന്നില്ലെന്നതും നേരാണ്.
വിവരം തേടിയ സമരമാണ് നിയമമായത്
ഈ നിയമത്തിന്റെ പിറവി തന്നെ ഒരു തൊഴിൽ സംഘത്തിന്റെ പ്രവർത്തനഫലംകൊണ്ടാണ്. കല്ല് വെട്ടിയും, പാചകത്തൊഴിൽ ചെയ്തും അധ്വാനിച്ച് കൈത്തഴമ്പ് വന്ന കൂലിത്തൊഴിലാളികളുടെ പ്രയാസങ്ങളിൽനിന്നാണ് ഈ നിയമം രൂപംകൊള്ളുന്നത്. രാജസ്ഥാൻപോലുള്ള സംസ്ഥാനങ്ങളിൽ ഇങ്ങനെയുള്ള തൊഴിലാളികൾക്ക് ലഭിച്ച വേതനവും അവർ ഒപ്പിട്ടു നൽകിയ സംഖ്യയും തമ്മിൽ വലിയ അന്തരമുണ്ടെന്ന സംശയമുണ്ടായി. അതേക്കുറിച്ച അന്വേഷണം നടന്നു. എന്നാൽ അത് ഔദ്യോഗിക രഹസ്യമാണെന്ന വിശദീകരണമാണ് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചത്. തൊഴിലാളികളുടെ നേതാക്കൾ പക്ഷേ അന്വേഷണം ശക്തമാക്കി, അത് സമരമായി രൂപം പ്രാപിച്ചു. സംഗതി കോടതിയിലെത്തി. അതോടെ കോടതി തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് കണ്ട് കൂലി നൽകുന്നതിന്റെ രേഖ നൽകണമെന്ന് വിധിച്ചു. അതിൽനിന്നാണ് ഈ നിയമത്തിന്റെ സാധ്യത തെളിഞ്ഞത്. ഇത്തരം അനുഭവങ്ങളിൽനിന്നുണ്ടായ നിയമത്തിന്റെ ആളുകളായി/ പ്രവർത്തകരായി സംഘങ്ങൾ രൂപംകൊള്ളുക സ്വാഭാവികമാണ്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ അങ്ങനെ ഉയർന്നു വന്നയാളാണ്. അണ്ണാ ഹസാരെ, അരുണാ റോയ്... ഇങ്ങനെ ധാരാളം പേർ രാജ്യത്തുണ്ടായി.
തൃപ്തി തന്ന സേവനം
മുപ്പത് വർഷം സർക്കാറിന്റെ വിവിധ സംവിധാനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. അതിനു മുമ്പ് കോളജ് അധ്യാപനവും മാധ്യമപ്രവർത്തനവും നടത്തിയിട്ടുണ്ട്. എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് ജീവിതത്തിലെ ഏറ്റവും സംതൃപ്തി തോന്നിയ സേവനമാണ് വിവരാവകാശ കമീഷണർ സ്ഥാനം. ഒരു ക്ഷേത്രത്തിന്റെ പണ്ഡാരപ്പുരയിടത്തിന്റെ രേഖകൾ ട്രഷറി ഓഫിസിലാണ് കാണേണ്ടത്. ആ രേഖകൾ 13 വർഷമായി കാണാനില്ല. ആ സർക്കാർ രേഖകൾ തൊട്ടടുത്ത വെണ്ടറുടെ കടയിൽനിന്ന് വിവരാവകാശ കമീഷൻ കണ്ടെത്തുകയായിരുന്നു. ഇങ്ങനെയെത്രയെത്ര സംഭവങ്ങൾ മുന്നിലുണ്ട്. ജീവിതങ്ങളെയും അവരുടെ പ്രശ്നങ്ങളെയും വിവരം നൽകി പരിഹരിക്കാൻ കഴിയുന്നതിൽപരം സംതൃപ്തിയേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.