ഇക്കുറി കേരളത്തിൽ 20 സീറ്റും യു.ഡി.എഫിന് സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ലീഗ് ഒരിക്കലും യു.ഡി.എഫ് വിട്ടുപോവില്ലെന്നും ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു
കഴിഞ്ഞ പ്രാവശ്യത്തെക്കാൾ അനുകൂല അന്തരീക്ഷമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. സംഘ്പരിവാർ സർക്കാർ സൃഷ്ടിക്കുന്ന അപകടം എത്ര വലുതെന്ന് എല്ലാ വിഭാഗം ജനങ്ങൾക്കും ബോധ്യമുണ്ട്. ഏത് രീതിയിലും ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന കാലത്ത് കോൺഗ്രസിന്റെ പ്രസക്തി കൂടുതൽ വർധിച്ചിരിക്കുന്നു. സംസ്ഥാന സർക്കാറിനെതിരായ അതിരൂക്ഷ പ്രതിഷേധവും അമർഷവും ജനങ്ങളിലുണ്ട്. ഇപ്രാവശ്യം 20ൽ 20ഉം ജയിക്കാനാവശ്യമായ സംഘടന തയാറെടുപ്പുകളും ഞങ്ങൾ നടത്തിയിട്ടുണ്ട്.
സി.പി.എം ആകെ മത്സരിക്കുന്നത് കേരളത്തിലെ 15 സീറ്റിലും രണ്ട് സീറ്റ് തമിഴ്നാട്ടിലും ഒരു സീറ്റ് ഞങ്ങളോടൊപ്പം രാജസ്ഥാനിലുമാണ്. ബംഗാളിലും ത്രിപുരയിലും നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമാണ്. 18 സീറ്റിൽ മത്സരിക്കുന്ന ഇവർ അവിടെ പോയിട്ട് ഒരു കാര്യവുമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. മോദി ഭരണത്തെ താഴെയിറക്കണമെങ്കിൽ കോൺഗ്രസിന്റെ അംഗബലം ലോക്സഭയിൽ വർധിക്കണം. ഇവർ മത്സരിക്കുന്നത് ചിഹ്നവും കൊടിയും അംഗീകാരവും നഷ്ടപ്പെടാതിരിക്കാനാണ്. പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തല്ലേ സി.പി.എമ്മിന്റെ തലമുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായിരുന്ന വിശ്വനാഥ മേനോൻ ബി.ജെ.പിയിൽ പോയത്?
പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കെയല്ലേ സി.പി.എം എം.എൽ.എ പാർട്ടി വിട്ട് ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയായത്. ബി.ജെ.പിയെ പേടിച്ച് കഴിയുന്ന പാർട്ടിയാണ് സി.പി.എം. ലാവലിൻ, മാസപ്പടി, കരുവന്നൂർ ഉൾപ്പെടെ നിരവധി കേസുകളിൽപെട്ട് സി.പി.എം ഉഴലുകയാണ്. അവിഹിതമായ സി.പി.എം- ബി.ജെ.പി ബാന്ധവം വളരെ വ്യക്തമാണ്.ഇടത് കൺവീനർ പറഞ്ഞത് ഒരുപാട് സീറ്റുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നാണ്. കേരളത്തിൽ അപ്രസക്തമായ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലെ ഇടത് കൺവീനറും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയായ സ്ഥാനാർഥിയും തമ്മിൽ ബിസിനസ് പാർട്ണർഷിപ്പാണ്. അത് ഞാൻ പറഞ്ഞപ്പോൾ നിഷേധിച്ചു. ഇപ്പോൾ സമ്മതിച്ചില്ലേ രണ്ട് കൂട്ടരും.
ഹിന്ദുത്വയിലേക്ക് രാജ്യം പോകുന്നുവെന്ന ആശങ്ക ജനാധിപത്യ വിശ്വാസികൾക്കുണ്ട്. വിശേഷിച്ച് ന്യൂനപക്ഷങ്ങൾക്ക്. അത് പരിഹരിക്കാൻ യു.ഡി.എഫിന് കേരളത്തിൽ എന്ത് ഉറപ്പാണ് കൊടുക്കാനാവുക? ഭൂരിപക്ഷവും ന്യൂനപക്ഷവും എന്നാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ രാജ്യത്ത് ഉടനീളം യാത്ര ചെയ്ത് ജനങ്ങളെ ഒന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കരുതെന്ന വാശി ഞങ്ങൾക്കുണ്ട്.
പൗരത്വ നിയമംപോലെ ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന വിഷയത്തെ മുസ്ലിം വോട്ടിനുവേണ്ടി മാത്രമായാണ് സി.പി.എം ഉപയോഗിക്കുന്നത്. ഞങ്ങൾ അതിനെ ഒരു കോസ് ആയാണ് കാണുന്നത്. ന്യൂനപക്ഷങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കുന്ന സങ്കടങ്ങളും അരക്ഷിതത്വവും പ്രയാസവും ഉൾക്കൊണ്ട് അവരെ ചേർത്തുനിർത്താൻ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യത്തിൽനിന്നാണത്. ഇത് മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമല്ല. മണിപ്പൂരിലുൾപ്പെടെ ഇന്ത്യയിലെമ്പാടും ക്രൈസ്തവ സമൂഹവും ദേവാലയങ്ങളും അക്രമിക്കപ്പെടുമ്പോൾ അവരെ സംരക്ഷിക്കാൻ നിന്നത് ഞങ്ങളാണ്. പ്രധാനമന്ത്രി പോകാത്ത മണിപ്പൂരിൽ പോയത് രാഹുൽ ഗാന്ധിയാണ്. കേരളത്തിലുടനീളം പ്രതിഷേധ പരിപാടികൾ നടത്തിയത് യു.ഡി.എഫും കോൺഗ്രസുമാണ്. ഞങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ്.
ഞങ്ങൾ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി വന്നുപോയിട്ട് ഒരു ഇംപാക്ടും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി തുടർച്ചയായി വന്നതുകൊണ്ടോ കല്യാണത്തിന് വന്നതുകൊണ്ടോ ഇവിടെ ഒരു മാറ്റവും വരില്ല. മതേതര കേരളം മതേതര കേരളമായിതന്നെ നിലകൊള്ളും.
ഇൻഡ്യ മുന്നണി രൂപവത്കരിച്ചപ്പോൾതന്നെ ഇവർ പതറി. പിന്നെ മുന്നണിയെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ഘടകകക്ഷികളെ അതിശക്തമായി ആക്രമിച്ചു. ഇപ്പോൾ കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പക്ഷേ, ഭരണകൂടം ഏകാധിപത്യ ഭരണകൂടത്തിന്റെ നിലവാരത്തിലേക്ക് മാറിയത് രാജ്യത്ത് ഭീതിയും അരക്ഷിതത്വവും സൃഷ്ടിച്ചിട്ടുണ്ട്. ആ ഭീതിയാണ് യഥാർഥത്തിൽ സംഘ്പരിവാർ ശക്തികൾക്ക് ഭീഷണിയായി മാറുക. അതാണ് എല്ലാവരെയും ഒന്നിപ്പിക്കുന്ന സ്ഥിതിയിൽ വന്നത്. എല്ലാ ഏകാധിപത്യ-ഫാസിസ്റ്റ് ഭരണകൂടങ്ങളും തകർന്നത് ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാതെ എല്ലാ സീമകളും കടന്ന് അധികാരം ദുരുപയോഗം ചെയ്തപ്പോഴാണ്. അതിന്റെ പരമാവധിയിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇതായിരിക്കും ഇൻഡ്യ മുന്നണി എന്ന പ്ലാറ്റ്ഫോം കുറേക്കൂടി ശക്തമാകാനും അടിത്തറ ഭദ്രമാക്കാനുമുള്ള കാരണമാവുക. ഒരുമാസം മുമ്പുള്ള രാഷ്ട്രീയ അന്തരീക്ഷമല്ല ഇന്ന് ഇന്ത്യയിൽ. 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞിരുന്നവർക്ക് വെപ്രാളവും ഭയവും തുടങ്ങിയെന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്. അധികാരത്തിൽ തിരിച്ചുവരുമെന്ന് അവർക്ക് വിശ്വാസമില്ലാതായി തുടങ്ങി.
ലീഗ് ഒരു ചാഞ്ചാട്ടവും നടത്തിയിട്ടില്ല. ലീഗിനെ മുന്നണിയിലെടുക്കാനല്ല, ലീഗിനെ അടർത്തി പുറത്ത് നിർത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. യു.ഡി.എഫിൽ നിൽക്കാൻ ഞങ്ങൾക്ക് ആയിരം കാരണങ്ങളുണ്ട്, എൽ.ഡി.എഫിൽ ചേരാൻ ഒരു കാരണവുമില്ല എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അതിന് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഇവർ വിചാരിച്ചത് മൂന്നാം സീറ്റിന്റെ പേരിൽ അടിച്ചുപിരിയുമെന്നാണ്. ഒരു പരാതിയുമില്ലാതെ രണ്ടുകൂട്ടരും ചർച്ച ചെയ്ത് പരിഹരിച്ചു. ഞങ്ങൾ തമ്മിലെ സഹോദര ബന്ധം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ ദൃഢമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.