ഒരു സർക്കാർ ദുർബലമായാൽ കോടതികൾ ശക്തി കാണിക്കുമെന്ന് പറഞ്ഞതുപോലെ സർക്കാർ ശക്തമാണെങ്കിൽ തിരിച്ചും സംഭവിക്കും. കനത്ത ഭൂരിപക്ഷത്തിലുള്ള സർക്കാറാണ് 2014ൽ വന്നത്, 2019ൽ അവർ ഭരണത്തുടർച്ചയും നേടി. അത്രയും ഭൂരിപക്ഷത്തിൽ ഒരു സർക്കാർ വരുമ്പോൾ ജുഡീഷ്യറി ദുർബലമാകും. ഇവ പരസ്പര ബന്ധിതമാണ്. ഇന്ദിര ശക്തമായ കാലത്ത് ജുഡീഷ്യറിക്കുണ്ടായ അപചയവും ഇതുപോലെയായിരുന്നു
കാൽ നൂറ്റാണ്ടുമുമ്പ് എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദവും നേടി രാജ്യതലസ്ഥാന നഗരിയിലെത്തുമ്പോൾ ഹാരിസ് ബീരാന്റെ മനസ്സിൽ സിവിൽ സർവിസ് സ്വപ്നങ്ങളായിരുന്നു.
വിഖ്യാത അഭിഭാഷകൻ ദുഷ്യന്ത് ദവെക്കൊപ്പം പ്രാക്ടിസ് ആരംഭിച്ച ഹാരിസ് പിൽക്കാലത്ത് പൗരത്വ നിയമ ഭേദഗതി, മുത്തലാഖ്, ഹിജാബ് നിരോധനം, അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യം തുടങ്ങി രാജ്യം ഉറ്റുനോക്കിയ നിരവധി കേസുകളിൽ വീറോടെ വാദിച്ചു. കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ കുരുങ്ങിയ നിരവധി മനുഷ്യർക്കു വേണ്ടിയും പ്രവാസികളുടെ വോട്ടവകാശത്തിനുവേണ്ടിയും സുപ്രീംകോടതി സമക്ഷം ഹാജരായി.
ഡൽഹി കെ.എം.സി.സി പ്രസിഡന്റ് എന്ന നിലയിൽ രാജ്യതലസ്ഥാനത്തെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ വിലാസം വീണ്ടും മാറിയിരിക്കുന്നു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ ഹാരിസ് കണ്ടുകണ്ടിരിക്കെ മാറിയ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
.....................
1998ൽ ഡൽഹിയിൽ വന്നപ്പോൾ 18 ഫിറോസ് ഷാ റോഡിൽ പോയി ഇ. അഹമ്മദിനെ കാണുകയാണ് ആദ്യമായി ചെയ്തത്. അദ്ദേഹത്തിന്റെ വീടിന് എതിർവശത്തെ ഔട്ട്ഹൗസിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രിക ഡൽഹി ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ മുഹമ്മദ് കുട്ടിക്കയാണ് എന്റെ ഡൽഹി ജീവിതം രൂപപ്പെടുത്തുന്നത്.
ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ അഹമ്മദ് സാഹിബും മുഹമ്മദ് കുട്ടിക്കയും തമ്മിൽ നടത്തുന്ന സംവാദങ്ങൾ കൗതുകകരമായിരുന്നു. പലപ്പോഴും വാഗ്വാദം പോലെ തോന്നും. എന്നാൽ, തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് അഹമ്മദ് സാഹിബ് കൃത്യത വരുത്തിയിരുന്നത് മാധ്യമപ്രവർത്തകരുമായുള്ള ഇത്തരം സംഭാഷണങ്ങളിലൂടെയായിരുന്നു. 2004ൽ കേന്ദ്രമന്ത്രിയായതോടെയാണ് അഹമ്മദ് സാഹിബ് തട്ടകം പൂർണമായും ഡൽഹിയിലേക്ക് മാറ്റുന്നത്.
പാർലമെന്റ് സമ്മേളനത്തിന് രണ്ടു ദിവസം മുമ്പ് അദ്ദേഹം ഒരുക്കങ്ങൾ തുടങ്ങും. കാണാനെത്തുന്ന മാധ്യമ പ്രവർത്തകർക്കുമുന്നിൽ അവർക്ക് താൽപര്യമുള്ള വിഷയമെടുത്തിടും. അവരിൽ നിന്ന് കിട്ടുന്ന പോയന്റുകൾ മനസ്സിൽ കുറിച്ചുവെക്കും, പല വിഷയങ്ങളിലും അവർ പുലർത്തുന്ന തെറ്റിദ്ധാരണകളെ സൗഹൃദബുദ്ധിയോടെ തിരുത്തിക്കുകയും ചെയ്യും.
പിതാവ് ആലുവ മണ്ഡലം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന കാലം തൊട്ടേ പാണക്കാട് കുടുംബവുമായുള്ള ബന്ധമുണ്ട്. പാണക്കാട് തങ്ങൾ വീട്ടിലേക്ക് വരുകയും പിതാവിനൊപ്പം ഞാൻ പാണക്കാട്ടേക്ക് പോകുകയും ചെയ്യുമായിരുന്നു. മുനവ്വറലി തങ്ങളുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്.
ഭരണത്തുടർച്ച ലഭിക്കുന്നതോടെ, ഏതൊരു സർക്കാറും പൊതുജനങ്ങളോട് ഒരു ഉത്തരവാദിത്തവും വേണ്ടതില്ല എന്ന മട്ടിലാണ് പെരുമാറുക. അതാണ് രണ്ടാം യു.പി.എ സർക്കാറിനും സംഭവിച്ചത്. ഒന്നാമതായി ധാരാളം അഴിമതി ആരോപണങ്ങൾ സർക്കാറിനെതിരെ ഉയർന്നുവന്നു. ആ ആരോപണങ്ങൾക്ക് പിന്നിലെ വസ്തുത ജനങ്ങളിലേക്കെത്തിക്കാൻ അവർക്ക് സാധിച്ചില്ല.
രണ്ടാമത് അവർ കോടതികളിൽ നിന്ന് നേരിട്ട തിരിച്ചടിയാണ്. സർക്കാർ ദുർബലമാണെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം കോടതികൾ അവക്കെതിരെ ആഞ്ഞടിച്ചിരിക്കും. കൽക്കരി, കോമൺവെൽത്ത്, 2 ജി അഴിമതി ആരോപണങ്ങളിലെല്ലാം കോടതി യു.പി.എ സർക്കാറിനെ നിരന്തരം അടിച്ചുകൊണ്ടിരുന്നു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം ഒരു പൊതുജന വികാരമായി മാറുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. അതൊരു അഴിമതി സർക്കാറാണെന്നുള്ള ധാരണ പരന്നു. അതിനിടെ, ഡൽഹി കൂട്ടമാനഭംഗമുണ്ടായി. ഇതോടെ, ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്താൻ കഴിവില്ലാത്ത സർക്കാറാണെന്ന പ്രതിച്ഛായയുമുണ്ടായി.
ഇത്തരം ധാരണകൾ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയില്ല. അണ്ണാ ഹസാരെ സമരത്തിനിറങ്ങിയപ്പോൾ തന്നെ അവരുമായി സംഭാഷണം നടത്തി അത് അവസാനിപ്പിക്കാൻ നോക്കേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. തുടർഭരണത്തിലെ അഹങ്കാരം കൊണ്ട് സംഭവിച്ചതാണത്.
ഒരു സർക്കാർ ദുർബലമായാൽ കോടതികൾ ശക്തി കാണിക്കുമെന്ന് പറഞ്ഞതുപോലെ സർക്കാർ ശക്തമാണെങ്കിൽ തിരിച്ചും സംഭവിക്കും. കനത്ത ഭൂരിപക്ഷത്തിലുള്ള സർക്കാറാണ് 2014ൽ വന്നത്, 2019ൽ അവർ ഭരണത്തുടർച്ചയും നേടി. അത്രയും ഭൂരിപക്ഷത്തിൽ ഒരു സർക്കാർ വരുമ്പോൾ ജുഡീഷ്യറി ദുർബലമാകും.
ഇവ പരസ്പര ബന്ധിതമാണ്. ഇന്ദിര ശക്തമായ കാലത്ത് ജുഡീഷ്യറിക്കുണ്ടായ അപചയവും ഇതുപോലെയായിരുന്നു. രണ്ട് ജഡ്ജിമാരെ മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിക്കുക പോലുമുണ്ടായി. അതു തന്നെയാണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ സംഭവിച്ചതുമെന്നാണ് എനിക്ക് തോന്നുന്നത്. ഏത് കേസിന്റെ സ്റ്റാറ്റസ് എടുത്താലും ഇത് കാണാൻ കഴിയും.
പ്രമാദമായ കേസുകൾ പ്രത്യേക ജഡ്ജിമാർക്ക് മാത്രം നൽകുന്ന സ്ഥിതിവിശേഷമുണ്ടായി. അത് കൊണ്ടാണല്ലോ നാല് ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയത്. ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും സമ്മർദത്തിലാക്കുകയെന്നത് സർക്കാറിന്റെ ഒരു തന്ത്രമാണ്. മൂന്നാം മോദി സർക്കാർ വന്ന ശേഷം സുപ്രീംകോടതി തുറക്കാൻ പോകുന്നേയുള്ളൂ. അതിനുശേഷമേ സമീപനത്തിൽ വല്ല മാറ്റവുമുണ്ടോ എന്ന് പറയാനാകൂ.
വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ ഇരകൾക്കിടയിൽ ദുരിതാശ്വാസവും പുനരധിവാസ പ്രവർത്തനങ്ങളും നടത്താൻ കെ.എം.സി.സി-എം.എസ്.എഫ് പ്രവർത്തകർ രംഗത്തിറങ്ങിയിരുന്നു. മറ്റു പല മലയാളി സംഘടനകളും മികച്ച രീതിയിൽ ഇരകൾക്ക് ആശ്വാസവുമായി എത്തി.
അർഹരായ ആളുകൾക്ക് സഹായം ഉറപ്പുവരുത്തുന്നതിന് ഒരു ഐക്യസ്വഭാവം ആവശ്യമായിരുന്നു. കേരളത്തിലെ പോലെ ആശയ സംഘട്ടനങ്ങളില്ലാത്ത ഡൽഹിയിൽ എല്ലാ മലയാളി സംഘടനകളുടെയും യോഗം വിളിച്ച് ഏകോപനത്തിന്റെ ബ്ലൂ പ്രിന്റ് ഉണ്ടാക്കാൻ ആലോചിച്ചത് ഇത്തരമൊരു ഘട്ടത്തിലാണ്. വളരെ നല്ല പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്.
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഡൽഹി മർകസ്, കെ.എം.സി.സി, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ എന്നിവരെല്ലാം സഹകരിച്ചു. എടുത്ത തീരുമാനങ്ങളെല്ലാം പ്രയോഗവത്കരിക്കാൻ കഴിഞ്ഞതാണ് ആ കൂട്ടായ്മയുടെ വിജയം.
ഗുണഭോക്താക്കളെ കണ്ടെത്താൻ ഓരോ സംഘടനയും നടത്തിയ സർവേയുടെ വിശദാംശങ്ങളും ഗുണഭോക്തൃ പട്ടികയും പരസ്പരം പങ്കുവെച്ചു. ഡൽഹി കലാപ ദുരിതാശ്വാസം നല്ല രീതിയിൽ നിർവഹിക്കാൻ ഇതു സഹായകമായി.
കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ച് നടത്താനും ക്വാറന്റീനിലായി പട്ടിണി കിടന്നവർക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും മലയാളി സംഘടനകൾക്ക് കഴിഞ്ഞത് ഇതേ കൂട്ടായ്മ കൊണ്ടായിരുന്നു. എല്ലാ സംഘടനകൾക്കും ലോക്ഡൗൺ പാസ് കിട്ടിയിരുന്നില്ല.
മർകസ്, വിഷൻ 2026 പോലുള്ളവർക്ക് സന്നദ്ധപ്രവർത്തനത്തിനുള്ള പാസുകൾ ലഭിച്ചിരുന്നു. മറ്റു സംഘടനകൾ സ്വരൂപിച്ച വിഭവങ്ങൾ ഇരുകൂട്ടരെയും ഏൽപിച്ച് എല്ലാവർക്കും ഭക്ഷണം കിട്ടിയെന്ന് ഉറപ്പുവരുത്തി. കെ.എം.സി.സി സഹായധനം കൈമാറിയത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരിക്കൽ ഫേസ്ബുക്കിലെഴുതുകയും ചെയ്തിരുന്നു.
അന്നത്തെ ആ സൗഹാർദം ഇന്നുംതുടരുന്നുണ്ട്. കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ എന്ന പ്ലാറ്റ് ഫോമും ഇത്തരം ഏകോപിച്ച പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. സംഘടനകൾ തമ്മിൽ ഐക്യമുണ്ടെങ്കിൽ മാത്രമേ സമുദായത്തിന് പുരോഗതിയിലേക്ക് കുതിക്കാനുള്ള ശക്തിയും പ്രാപ്തിയുമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.