തിരുവനന്തപുരം: കേവലം ആറ് സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെതായ സ്ഥാനം കസേരയിട്ട് ഉറപ്പിച്ച സ്വതന്ത്ര സംവിധായകനാണ് ഡോൺ പാലത്തറ. കച്ചവട- വാണിജ്യ ചിത്രങ്ങൾക്കപ്പുറത്ത് സിനിമ എന്ന മാധ്യമത്തെ നിരന്തരം നവീകരിക്കുകയും നൂതനമായ ആഖ്യാനശൈലിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇത്തവണ ചലച്ചിത്രമേളയിൽ സുവർണചകോരത്തിനായി മത്സരിക്കുന്ന 14 ചിത്രങ്ങളിൽ ഡോണിന്റെ ‘ഫാമിലി’യുമുണ്ട്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്ന ‘ഫാമിലി’ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ആരംഭം, പുരുഷകേന്ദ്രീകൃതമായ കുടുംബങ്ങളുടെയും കൂടിയാണെന്നാണ് പറയുന്നു. തന്റെ നിലപാടുകളെക്കുറിച്ച് ഡോൺ പാലത്തറ ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
നാട്ടിൽ നിന്നാൽ ‘വഴിതെറ്റു’മെന്ന് ഭയന്ന് വീട്ടുകാർ കമ്പ്യൂർ ഇൻഫോർമേഷൻ ടെക്നോളജി പഠിക്കാൻ ആസ്ട്രേലിയയിലേക്ക് വിട്ട പയ്യൻ തിരികെ വന്നത് സംവിധായകനായി. ഇതെങ്ങനെ?
ചങ്ങനാശേരി എസ്.ഡി കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിഷയം ഫിസിക്സായിരുന്നു. പക്ഷേ ഫിസിക്സും പരീക്ഷ രീതികളും യോജിക്കില്ലെന്ന് കണ്ടതോടെയാണ് ടാസ്മാനിയ യൂനിവേഴ്സിറ്റിയിൽ കംപ്യുട്ടർ ഇൻഫോർമേഷൻ ടെക്നോളജി പഠിക്കാൻ തീരുമാനിച്ചത്. പിന്നീടായപ്പോൾ ഇതൊന്നും എനിക്ക് വേണ്ടിയല്ല പഠിക്കുന്നതെന്ന് തോന്നി. ഒടുവിൽ ഞാൻ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, അങ്ങനെയാണ് സിനിമകൾ കാണാൻ ഇഷ്ടമുള്ളതിനാൽ സിനിമ പഠിക്കാൻ തീരുമാനിച്ചത്. കൈയിൽ കാശ് ഉണ്ടായിരുന്നില്ല. ഇതിനായി ആസ്ട്രേലിയയിൽ ടാക്സി ഓടിച്ചും മറ്റ് പണികൾ ചെയ്തും കാശ് സമ്പാദിച്ചു. ഇന്റർനാഷനൽ ഫിലിം സ്കൂൾ സിഡ്നിയിൽ ചേർന്ന് സിനിമ പഠിച്ചു. അക്കാലത്താണ് ലോകത്തര സിനിമകൾ കാണാനും മികച്ച സംവിധായകരുമായി സംവദിക്കാനും സുഹൃത്തുകളുടെ സിനിമ സംരംഭങ്ങളിൽ പങ്കാളിയാകാനും സാധിച്ചത്. സിനിമയുടെ എല്ലാമേഖലയിലും കൈവെയ്ക്കാനായി. ഒടുവിൽ 28 -ാംൃ വയസിലാണ് മലയാളത്തിൽ സിനിമ ചെയ്യണമെന്നാഗ്രഹവുമായി കേരളത്തിലെത്തിയത്.
ആറു സിനിമകൾ. ഇതിൽ പലതും കത്തോലിക്കാസഭയെയും സഭയുടെയും ചിന്താഗതികളെയും ചോദ്യം ചെയ്യുന്നതാണ് , ഡോൺ നിരീശ്വരവാദിയാണോ, സഭയെ പേടിയില്ലേ?
എല്ലാ ദിവസം പള്ളിപോകണമെന്ന് നിഷ്കർക്കുന്ന കുടുംബമായിരുന്നു എന്റെത്. ഇടുക്കിയിലെ കരുണാപുരവും അവിടെ ജീവിക്കുന്നവരും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത് പള്ളിയെ ചുറ്റിപറ്റിയായിരുന്നു. പുരോഗമന വാദികളല്ല, കുടിയേറ്റ കർഷകരായിരുന്നു. മതങ്ങളുടെ പള്ളികളുടെയും ചുറ്റുമായിരുന്നു അവരുടെ ജീവിതം പക്ഷേ എന്നെപ്പോലെയുള്ള പുതുതലമുറയിലേക്ക് ഇത്തരം വിശ്വാസങ്ങൾ എത്തുമ്പോൾ അതൊക്കെ ബാധ്യത മാറുകയാണ്. പതിനഞ്ചാം വയസിൽ തന്നെ മതവിശ്വാസം നഷ്ടപ്പെട്ട ഒരുത്തനാണ് ഞാൻ. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് ഉത്തരം കിട്ടുന്നില്ലെങ്കിൽ പിന്നെന്തിന് നമ്മൾ അതിന്റെ പുറകെ നടക്കണം. ആദ്യഘട്ടത്തിൽ കുടുംബവുമായി ബന്ധപ്പെട്ട് ഇതൊരു വലിയപ്രശ്നമായിരുന്നു പക്ഷേ. പള്ളിയിലേക്ക് ഇനി എന്നെ പ്രതീക്ഷിക്കണ്ടെന്ന് പറയാനുള്ള ധൈര്യം ലഭിച്ചത് ആസ്ട്രേലിയയിൽ നിന്ന് തിരികെ എത്തിയശേഷമാണ്.
സ്വതന്ത്ര സിനിമാ ശ്രേണിയിലാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള് എല്ലാം തന്നെ ഉള്പ്പെടുന്നത്. അപ്പോഴും സ്വതന്ത്രസിനിമക്കാർക്കും സിനിമക്കും വേണ്ടി മറ്റ് സംവിധായകരെപ്പോലെ താങ്കൾ വാദിച്ചു കേട്ടിട്ടില്ല. എന്തുകൊണ്ടാണ്?
ആദ്യമൊക്ക സമാന്തര സിനിമക്കാർക്കൊപ്പം നിൽക്കാനൊക്കെ തീരുമാനിച്ചിരുന്നു. പക്ഷേ സ്വതന്ത്ര സിനിമ എന്ന് പറയുമെങ്കിലും പറയുന്നവരിൽ എത്രപേർക്കാണ് സ്വതന്ത്രകാഴ്ചപ്പാടുള്ളത്. ഇവരുടെ ചർച്ചകളെല്ലാം പോകുന്നത് എങ്ങനെ സർക്കാരിന്റെ ഫണ്ട് വാങ്ങിച്ചെടുക്കാം അല്ലെങ്കിൽ ഫെസ്റ്റിവലിലേക്ക് എങ്ങനെ കടന്നുകൂടാം ഇത്തരത്തിലാണ്. ഞാനൊരു ആക്ടിവിസ് റ്റല്ല. ഫിലിം മേക്കറാണ്. ലോകത്തെമൊത്തത്തിൽ നന്നാക്കിയ ശേഷം ഒരു സിനിമ എടുക്കാമെന്ന് വച്ചാൽ നടക്കില്ല. വായിട്ടലച്ച് എനർജിയും സമയവും കളയാൻ ഞാനില്ല. എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമകളിലുണ്ട്.
തിയറ്ററിൽ ആളുകൾ കയറാത്ത സിനിമകളൊക്കെ എടുക്കുന്ന ഡോ. ബിജുവിനെപ്പോലുള്ളവർക്ക് സമൂഹത്തിൽ എന്ത് പ്രസക്തിയെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് ചോദിക്കുന്നു. ഈ ചോദ്യം ഡോൺ പാലത്തറയോടാണെങ്കിൽ എന്താകും മറുപടി.
അക്കാദമി ചെയർമാൻ സ്ഥാനത്തിരുന്ന് പറയാവുന്ന കാര്യങ്ങളല്ല രഞ്ജിത്ത് പറഞ്ഞുകൊണ്ടിരിക്കുന്നത്. മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത് കച്ചവട സിനിമകളുടെ പേരിലല്ല. ലോക സിനിമ ഇന്നും മലയാള സിനിമയെ അടയാളപ്പെടുത്തുന്നത് അടൂർ അരവിന്ദൻ ടി.വി. ചന്ദ്രനിലൂടെയുമൊക്കെയാണ്. ഇവരുടെ എത്ര സിനിമയാണ് തിയേറ്റർ വിജയം നേടിയത്.ഇവർക്കൊന്നും പ്രസക്തിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. രഞ്ജിത്ത് അക്കാദമി ചെയർമാനായിരുന്നപ്പോഴാണ് കഴിഞ്ഞ വർഷം ബേലാ താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകിയത്. ബലേതാറിന്റെ ഏത് സിനിമക്കാണ് തിയേറ്ററിൽ ആളുകയറിയതെന്ന് അറിയില്ല. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പല സംവിധായകരെയും അക്കാദമി ആദരിച്ചിട്ടുണ്ടെങ്കിൽ അത് തിയേറ്റർ വിജയത്തിന്റെ പേരിലായിരുന്നോ?. തിയേറ്ററിൽ നിന്ന് പണം വാരിയ സിനിമകളും അവരുടെ സംവിധായകരെയും ലോകം അധികം ശ്രദ്ധിച്ചുകാണില്ല. രണ്ടും രണ്ട് സ്കുളുകളാണ്. ഒന്ന് പണത്തെ മുമ്പിൽ വെക്കുന്നു, മറ്റൊന്ന് കലക്ക് പ്രധാനം നൽകുന്നു
ചലച്ചിത്രമേളയിലേക്ക് സമർപ്പിക്കുന്ന പലചിത്രങ്ങളും ജൂറി കാണുന്നില്ലെന്ന ആക്ഷേപം പല സംവിധായകരും ആരോപിക്കുന്നുണ്ട്. 26ാമത് ചലച്ചിത്രമേളയിലെ മലയാള സിനിമ തെരഞ്ഞെടുപ്പ് ജൂറി അംഗമെന്ന നിലയിൽ ഈ ആരോപണങ്ങളിൽ കഴമ്പുണ്ടോ?
ജൂറി അംഗമാകുന്നത് വരെ എനിക്കും ഈ സംശയമുണ്ടായിട്ടുണ്ട്. കാരണം എന്റെ സിനിമകളും നിരസിക്കപ്പെട്ടിട്ടുണ്ട്.പക്ഷേ ഒരു കാര്യംപറയട്ടെ ലോകത്ത് നടക്കുന്ന ചലച്ചിത്രമേളകളിൽ ഏറ്റവും സുതാര്യമായ രീതിയിൽ സിനിമ തെരഞ്ഞെടുപ്പ് നടക്കുന്ന മേളയാണ് ഐ.എഫ്.എഫ്.കെ. ജൂറി അംഗങ്ങളെല്ലാം ഒരുമിച്ചിരുന്നാണ് തിയേറ്ററിലിരുന്ന് സിനിമ കാണുന്നത്. രണ്ടുവർഷം മുമ്പ് 98 സിനിമകളാണ് മത്സരരംഗത്തേക്ക് പരിഗണിക്കുന്നതിനായി വന്നത്. 10 ദിവസം കൊണ്ട് ഈ സിനിമകളെല്ലാം പൂർണമായി കാണാനാകില്ല. അതുകൊണ്ട് എല്ലാ ജൂറി അംഗങ്ങളുടെയും പിന്തുണയോടെ ചിത്രങ്ങൾ സ്കിപ് ചെയ്തു കാണും. എന്നാൽ ഒരു ജൂറി അംഗം അതിനെ എതിർത്താൻ, ആ ചിത്രത്തിൽ എന്തെങ്കിലും ഇടയ്ക്ക് കാണുമെന്നുമെന്ന് സൂചിപ്പിച്ചാൽ ആ ചിത്രം പൂർണമായി കാണും. ഒരുസിനിമയും ഒഴിവാക്കാറില്ല. അക്കാദമിയും തെരഞ്ഞെടുപ്പിൽ ഇടപെടാറില്ല. പക്ഷേ നിരാശയെന്ന് പറയട്ടെ മുന്നിലെത്തുന്ന സിനിമകളിൽ 15 എണ്ണംപോലും നിലവാരമുള്ളത് കാണില്ലെന്നതാണ് സത്യം. ഏത് സംവിധായകനും അയാളുടെ സിനിമ ലോകോത്തരമാണ് .അതാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നത്. എന്റെ മൂന്ന് സിനിമകൾ ഐ.എഫ്.എഫ്.കെയിൽ നിരസിച്ചിട്ടുണ്ട്. മൂന്ന് സിനിമകൾ പ്രദർശനത്തിന് തെരഞ്ഞെടുത്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.