രൂപവത്കരണത്തിന്റെ ഏഴര പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ രാജ്യത്തെ മുൻനിര ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ ഒന്നായ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു അഖിലേന്ത്യ മീഡിയ സെക്രട്ടറി സയ്യിദ് തൻവീർ അഹ്മദ് വിശദമാക്കുന്നു.
ഒരു സംഘടിത പ്രയത്നത്തിനിടെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവുക തികച്ചും സ്വാഭാവികമാണ്, ഇസ്ലാമിക പ്രസ്ഥാനം അതിനെ നിരുത്സാഹപ്പെടുത്തുകയോ എതിർക്കുകയോ ചെയ്യാറില്ല, മറിച്ച് സ്വാഗതം ചെയ്യുകയും പോസിറ്റീവ് ആയി കാണുകയും ചെയ്യുന്നു.
പിന്നെ ഒരുമയുടെ സുപ്രധാന ഘടകം ജമാഅത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഖുർആൻ കേന്ദ്രീകൃതമാണ്. ദൈവപാശത്തെ മുറുകെപ്പിടിക്കുക; നിങ്ങൾ ഭിന്നിക്കരുത് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. വ്യക്തിജീവിതവും സംഘടനാ ജീവിതവും ഖുർആൻ കേന്ദ്രീകൃതമാക്കുന്നിടത്തോളം ഏതൊരു അഭിപ്രായവ്യത്യാസത്തിനിടയിലും ഒരുമ പുലർത്താനാകും.
ജമാഅത്തിന്റെ ഐക്യത്തിന് മറ്റൊരു കാരണം അതിന്റെ സംഘടനാ സംവിധാനമാണ്. അതിന്റെ കർമപദ്ധതിയിൽ വെള്ളംചേർക്കാതിരിക്കാൻ സംഘടന സദാ ശ്രദ്ധപുലർത്തുന്നു.
മറ്റു സംഘടനകളുടെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് നമ്മൾ അഭിപ്രായം പറയുന്നത് ഭൂഷണമല്ല, ജമാഅത്തിന്റെ ഐക്യഭാവത്തെക്കുറിച്ച് വിശദമാക്കാനേ എനിക്ക് സാധിക്കൂ. ഏതു പ്രവൃത്തിയും ദൈവപ്രീതി ലക്ഷ്യം വെച്ചായിരിക്കണം എന്നതാണ് ജമാഅത്ത് അണികളെ ഏല്പിച്ചിരിക്കുന്ന സുപ്രധാന ദൗത്യം.
ഖുർആൻ നിർദേശിക്കുന്ന മാതൃകയിൽ നേതാവിനെ (അമീർ) അനുസരിക്കാനും അണികളെ പഠിപ്പിക്കുന്നു. അച്ചടക്കത്തിലും ഉത്തരവാദിത്തത്തിലും വിട്ടുവീഴ്ച വരുത്താത്തവരാണ് ജമാഅത്ത് അണികൾ.
ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിയാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. ഒപ്പം ദുർബലമായ മുസ്ലിം സമുദായത്തിന്റെ സംരക്ഷണവും.
മാനവ സമൂഹത്തിന് ജമാഅത്ത് നൽകിയ ഏറ്റവും വലിയ സംഭാവന അത് ജനങ്ങളെ കൃത്യമായ ജീവിതലക്ഷ്യത്തിലേക്ക് ക്ഷണിച്ചു എന്നതാണ്. ഇസ്ലാമിനെ ഏതാനും ആചാരങ്ങളിലൊതുക്കാതെ ഇതൊരു സമ്പൂർണ ജീവിതപദ്ധതിയാണ് എന്ന് പരിചയപ്പെടുത്താൻ സംഘടനക്ക് സാധിച്ചു.
രാഷ്ട്രീയവും ഇസ്ലാമിന്റെ ഭാഗമാണെന്ന നിലപാടാണ് പലർക്കും ജമാഅത്തിനോടുള്ള എതിരഭിപ്രായത്തിന് നിദാനം. എന്നാൽ, ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. വിവിധ മതശാഖകളിലുള്ള പണ്ഡിതരും ഉന്നതവിദ്യാഭ്യാസം നേടിയവരുമെല്ലാം ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാം വഴികാണിക്കുന്നുവെന്ന് തുറന്നു പറയുന്നു .
നമ്മുടേത് ഒരു ബഹുമത-ബഹുസ്വര രാജ്യമാണ്. ജനങ്ങൾ വർഗങ്ങളും വിഭാഗങ്ങളും ജാതികളുമായി വിഭജിക്കപ്പെട്ടിട്ടുമുണ്ടിവിടെ. എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ്, അവർക്കിടയിൽ വേർതിരിവരുത് എന്ന സന്ദേശം മുന്നോട്ടുവെക്കുന്നു ജമാഅത്ത്. എന്തൊരു സേവന പ്രവർത്തനവുമായി മുന്നോട്ടുവരുമ്പോഴും മതത്തിന്റെയോ ജാതിയുടേയോ പേരിൽ വിവേചനമില്ലെന്ന് ഉറപ്പാക്കുന്നുണ്ട് സംഘടന. ഈ മാനവിക ചിന്ത തുടക്കം മുതലിന്നോളം പാലിച്ചു പോരുന്നുണ്ട്.
തങ്ങളുടെ മതവും വേദഗ്രന്ഥവും പ്രവാചകനും തങ്ങളുടേത് മാത്രമാണ് എന്നൊരു തെറ്റായ ധാരണ മുസ്ലിംകൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. അമുസ്ലിംകൾ ഖുർആൻ വായിക്കുന്നത് തെറ്റാണ് എന്നുപോലും അവർ ധരിച്ചുവെച്ചിരുന്നു. എന്നാൽ, ഈ സന്ദേശവും പ്രവാചകനും മാനവരാശിക്ക് മുഴുവനുമുള്ളതാണ് എന്ന് ജമാഅത്ത് കരുതുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അത് ജമാഅത്തിന്റെ സവിശേഷ സംഭാവനയാണ്. ഇതിന്റെ പേരിൽ ജമാഅത്തിനെ വിമർശിച്ചിരുന്നവരും ഇപ്പോൾ അതേ ആശയത്തിലുള്ള കാമ്പയിനുകൾ ഒരുക്കുന്നു എന്നത് അതിസന്തോഷകരം തന്നെ.
ഏവരെയും ഉൾക്കൊള്ളുന്ന ഒരു രീതിയാണ് ജമാഅത്ത് ആവിഷ്കരിച്ചിട്ടുള്ളത്. അത് ജനം ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ന് രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും ജനകീയമാക്കിയതും ജമാഅത്താണ്. ഇന്ന് വലിയ ഒരു വിഭാഗം ആളുകൾ പലിശ രഹിത ബാങ്കിങ് രീതി പിൻപറ്റുന്നുണ്ട്. ജമാഅത്ത് അണികളുടെ എണ്ണത്തിൽ വർധനവുണ്ട്, പക്ഷേ, അത് ആനുപാതികമായ വർധനവല്ല. ഞങ്ങൾ തലയെണ്ണപ്പെരുക്കത്തിൽ വിശ്വസിക്കുന്നില്ല.
സാധാരണ ജനങ്ങൾക്ക് ഗുണപ്രദമാവുന്ന കാര്യങ്ങളാണ് ഐക്യത്തിലും മാനവികതയിലുമൂന്നി ജമാഅത്ത് നടപ്പിൽ വരുത്തുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനവികതയുടെയും നന്മയാണ് ഓരോ പ്രവർത്തനത്തിലും നാം വിഭാവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.