സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത് കെട്ടിച്ചമച്ച കേസുകളുടെ പേരിലാണ്. നീതി ഇപ്പോഴും അകലെതന്നെ. നിസ്സാര കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർ
മറ്റനേകം കേസുകളിൽ പ്രതിചേർക്കപ്പെടുന്ന സാഹചര്യമാണിന്ന്. ഒന്നിൽനിന്ന് മോചനം ലഭിക്കുമ്പോൾ മറ്റൊന്നിൽ കുരുക്കും -എന്നും സഞ്ജീവ് ഭട്ടിന്റെ
കരുത്തായ ശ്വേത ഭട്ട് സംസാരിക്കുന്നു
കരുത്താർന്ന വാക്കുകളുടെ നേർത്ത പാളിയിലൂടെ നീറിപ്പുകയുന്ന ഒരു മനസ്സ് കാണാം. ചിരിയോടെ ഇടക്ക് സംസാരിക്കുന്നുണ്ടെങ്കിലും വലിയൊരു കരച്ചിലിനെ മൂടിവെക്കാൻ ശ്രമിക്കുകയാണ് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. സഞ്ജീവ് ഭട്ട് അറസ്റ്റിലായശേഷമുള്ള നാലുവർഷങ്ങൾ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ ക്കുറിച്ച് സംസാരിക്കുകയാണ്അ വർ. എല്ലാ പ്രതിബന്ധങ്ങളിലും സഞ്ജീവ് ഭട്ടിന്റെ കരുത്ത് ശ്വേതയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ശബ്ദവും അവർ തന്നെ.
ഒരു ദീപാവലികൂടി കടന്നുപോയിരിക്കുന്നു. ജീവിതത്തിൽനിന്ന് പ്രകാശം അകന്നിട്ട് നാലുവർഷം കഴിഞ്ഞു. നിർജീവമായ ഒന്നായി മാറിക്കഴിഞ്ഞു ഞങ്ങളുടെ ജീവിതം. നീതിക്കായി കോടതികൾ കയറിയിറങ്ങിക്കൊണ്ടേയിരിക്കുകയാണ്. പലപ്പോഴും തോന്നിപ്പോകും, അവസാനിക്കാത്ത പോരാട്ടമാണോയിതെന്ന്. വളരെ വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്.
സിവിൽ സർവിസിന് ഒന്നിച്ച് തയാറെടുത്തവരാണ് ഞങ്ങൾ. ജീവിതത്തിൽ രണ്ടിടത്ത് കഴിയേണ്ടിവരുമെന്ന് കണ്ട് ഞാൻ സിവിൽ സർവിസ് പാതിവഴിക്ക് നിർത്തി. 35 വർഷമായി ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഇങ്ങനെയൊരു വഴിയിലൂടെയാണ് വേർപിരിഞ്ഞിരിക്കുന്നത്... അത് കൂടുതൽ വേദനയുണ്ടാക്കുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ടത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസുകളുടെ പേരിലാണ്. നീതി ഇപ്പോഴും അകലെയാണ്. കള്ളക്കേസുകൾ ചുമത്തി പ്രതികാര നടപടി എന്ന നിലയില്‍ ഒരു തെളിവും ഇല്ലാതെ, രാഷ്ട്രീയ പ്രേരിതമായി ശിക്ഷിക്കപ്പെട്ടിട്ട് നാലുവർഷം പിന്നിട്ടു. അനന്തമായി തോന്നിയ നിമിഷങ്ങളാണിത്. വെളിച്ചമില്ലാത്ത നാലു ദീപാവലികളും നാല് ഇരുണ്ട പുതുവർഷങ്ങളുമാണ് കടന്നുപോയത്. ഈ ഘട്ടത്തിൽ മക്കളുടെ ഉന്നത ബിരുദങ്ങൾ പോലും അർഥശൂന്യമായി തോന്നി എന്ന് പറയാതെ വയ്യ.
സഞ്ജീവ് പറയുംപോലെ നീതി ലഭിക്കുംവരെ പോരാടും. സഞ്ജീവ് തളരാതെയും തല കുനിക്കാതെയും മുട്ടുമടക്കാതെയും ശക്തനായി തുടരുന്നു. ഈ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുകയാണ്. ഞങ്ങളിൽനിന്നുള്ള വേർപാട് അദ്ദേഹത്തിന് നൽകുന്ന വലിയ മാനസിക പീഡനമുണ്ടല്ലോ...അതിനേക്കാൾ വലിയൊരു ശിക്ഷ വേറെയില്ല. തടവറയെന്ന് കോടതി വിധിച്ചപ്പോൾപോലും അദ്ദേഹം സങ്കടപ്പെട്ടത് ഞങ്ങളെക്കുറിച്ചോർത്തും ഞങ്ങൾ എങ്ങനെ അതിജീവിക്കുമെന്നോർത്തുമായിരുന്നു.
ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും തനിച്ചാണെന്നു തോന്നിപ്പോകുന്ന സന്ദർഭങ്ങളിലും ഞാൻ കരയാറുണ്ട്. വികാരഭരിതയാകാറുണ്ട്. സമ്മിശ്രമായ പല വികാരങ്ങൾ മനസ്സിലൂടെ കടന്നുപോകും. ഇതിനിടയിലും പോരാട്ടത്തിനായുള്ള ഊർജം സംഭരിക്കും. ഇപ്പോൾ സഞ്ജീവിന്റെ ശബ്ദം ഞാനാണ്. എന്നിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് ലോകം അറിയുന്നത്. കാലിടറിയാൽ വലിയ ഒരു പ്രതീക്ഷതന്നെ ഇല്ലാതാകും. ഇവിടെ വീണുപോയാൽ ഒരുപാട് പേരുടെ പ്രതീക്ഷകളും അതോടെ അണയും. ഈ പോരാട്ടത്തിൽ ഒറ്റക്കല്ല എന്ന തോന്നലാണ് എന്റെ കരുത്ത്. കേരളത്തിൽനിന്ന് ആളുകൾ നൽകുന്ന പിന്തുണ മറക്കാൻ പറ്റില്ല.
ഭർത്താവില്ലാതെ കടന്നുപോയത് നാലുവർഷങ്ങളാണ്... നിങ്ങൾക്കത് വെറും വർഷങ്ങളായിരിക്കാം. അദ്ദേഹത്തിന്റെ നീതിക്കായി, ഈ ഭരണകൂടത്തിനെതിരെ ഞങ്ങള്‍ രാവും പകലും പോരാടിയത് 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്.
ശരിയാണ്, ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഞങ്ങളുടെ സുരക്ഷ എടുത്തുകളഞ്ഞു. 23 വർഷമായി താമസിക്കുന്ന വീടിെൻറ ചില ഭാഗങ്ങൾ ദുർബലമായ വാദങ്ങൾ നിരത്തി അധികൃതർ പൊളിച്ചുകളഞ്ഞു. ഒരുപാട് ഭീഷണികൾ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. ഒരു ദിവസം എല്ലാം വീണ്ടും പഴയതിനേക്കാൾ നല്ലതാകും. ആ പ്രതീക്ഷയാണ് മുന്നോട്ടുനടത്തുന്നത്.
ശ്വേത ഭട്ട്
അമ്മയും മക്കളും ഒന്നിച്ചുള്ള പോരാട്ടം
എല്ലായ് പ്പോഴും മക്കൾക്ക് എന്റെ ഒപ്പം നിൽക്കാൻ സാധിക്കില്ല. ജോലി സംബന്ധമായും മറ്റുമുള്ള തിരക്കുകൾ അവർക്കുണ്ട്. മക്കളായ ശന്തനുവും ആകാഷിയും അവരുടെ പഠനം പൂർത്തിയാക്കി. ശന്തനു ആർക്കിടെക്റ്റാണ്, ആകാഷി ഡോക്ടറും. ഓക്സ്ഫഡിലായിരുന്നു ആകാഷി. പിതാവിനെപ്പോലെ, എല്ലാ കാര്യങ്ങളും ഏറ്റവും നന്നായി ചെയ്യാനാണ് അവരും ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ മക്കളാണ് തങ്ങളെന്ന് തെളിയിക്കാനാണ് എല്ലായ് പ്പോഴും അവർ ആഗ്രഹിച്ചത്.
ദിവസങ്ങൾക്കുമുമ്പാണ് ഏറ്റവും ഒടുവിലായി സഞ്ജീവ് ഭട്ടിനെ കണ്ടത്. ശന്തനുവും അന്ന് ഒപ്പമുണ്ടായിരുന്നു. ശന്തനുവും സഞ്ജീവും തമ്മിലുള്ള ആ കൂടിക്കാഴ്ച വളരെ വികാരനിർഭരമായിരുന്നു.
കുട്ടികളുമായി വളരെ അടുത്ത ബന്ധമാണ് സഞ്ജീവിന്, സുഹൃത്തുക്കളെപ്പോലെ. കളിക്കളങ്ങളിൽ സഞ്ജീവും ശന്തനുവും ഒന്നിച്ചുണ്ടാകും. ഇപ്പോഴവൻ അമ്മയുടെ കരുത്താണ്. പിതാവിന്റെ നിഴലിൽ വളർന്ന കുട്ടി ഉത്തരവാദിത്തമുള്ള ചെറുപ്പക്കാരനായി വളർന്നു. അവർ കൂടെയില്ലായിരുന്നെങ്കിൽ... ഈ ഇരുട്ടിൽ എന്റെ വഴി തെറ്റിപ്പോകുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന കാലത്ത് അവർ ഒരുമിച്ചാണ് കോളജിൽ പോയിരുന്നത്, ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നതും വ്യായാമം ചെയ്തിരുന്നതുപോലും. വളരെ ഗാഢമായ ബന്ധമായിരുന്നു അത്. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കുട്ടികൾ ആഗ്രഹിക്കുന്നത് അമ്മയും അച്ഛനും ഒരുമിച്ചുള്ള വീടാണ്. അദ്ദേഹമില്ലാത്ത വീട് അവർക്ക് വേദന നിറഞ്ഞ കാഴ്ചയാണ്. വരുന്ന ഡിസംബറിൽ അദ്ദേഹത്തിന്റെ പിറന്നാളാണ്. ജയിലിലായതിൽപിന്നെ ഞങ്ങളുടെ ഒരു പിറന്നാളും ആഘോഷിച്ചിട്ടില്ല.
ബി.ജെ.പി സർക്കാർ ആളുകളെ മനഃപൂർവം ജയിലിലടച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് വെല്ലുവിളിയാണെന്നു കാണുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുന്നു. നിസ്സാര കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർ മറ്റനേകം കേസുകളിൽ പ്രതിചേർക്കപ്പെടുന്ന സാഹചര്യം. ഒന്നിൽ നിന്ന് മോചനം ലഭിക്കുമ്പോൾ, മറ്റൊന്നിൽ കുരുക്കുമുറുക്കും. അതേസമയം, അവരുടെ ആളുകൾ എത്ര വലിയ പാതകം ചെയ്യുന്നവരായാലും ശരി, കൊലക്കയറിൽനിന്ന് രക്ഷപ്പെടുത്താൻ ഏതുവിധേനയും ശ്രമിക്കും. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം ഒരുദാഹരണം മാത്രം. ഒരു സ്ത്രീയെന്ന നിലയിൽ അവർ അനുഭവിച്ച യാതന സമാനതകളില്ലാത്തതാണ്. എന്നിട്ടും നീതി ലഭിച്ചിട്ടില്ല.
നിശ്ശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബർ അഞ്ചിന് ഭരണകൂടം സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകർക്കാനും അപകീർത്തിപ്പെടുത്താനും നിശ്ശബ്ദനാക്കാനും ഒരുപാട് ശ്രമം നടന്നു.
35 വർഷം സത്യസന്ധതയോടെയും ആത്മാർഥതയോടും കൂടി ജോലിചെയ്തതാണ് അദ്ദേഹം. സഞ്ജീവിനെ പോലെ എത്രയോ നിരപരാധികൾ ജയിലിൽ കഴിയുന്നുണ്ട്. റിസ്ക് എടുക്കാൻ ആരും തയാറായില്ലെങ്കിൽ ഒന്നിനും മാറ്റമുണ്ടാകില്ല, ഇന്ത്യ ഒരു വഴിത്തിരിവിന്റെ വക്കിലാണെന്ന് സഞ്ജീവ് എപ്പോഴും പറയുമായിരുന്നു.
വീണ്ടും വീണ്ടും ഓരോരോ കേസുകൾ അദ്ദേഹത്തിനെതിരെ ചുമത്തുകയാണ്. ഈയവസ്ഥയിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ ചുമത്തുന്നത് വ്യാജ കേസുകളാണ്. കൂടുതൽ കൂടുതൽ കരുത്തോടെ മനസ്സിനെ മുന്നോട്ടുനയിക്കുകയാണ് ഓരോ ദിവസവും. ഓരോ കേസുകളും വരുമ്പോൾ അതെല്ലാം തെറ്റാണെന്നു തെളിയുന്ന ഒരു ദിവസത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. അദ്ദേഹം മോചിതനായി പുറത്തുവരുന്ന ആ ഒരു ദിവസവും വരും...
1990ലെ കസ്റ്റഡിമരണ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വി.എച്ച്.പി പ്രവർത്തകനായ പ്രഭുദാസ് മാധവ്ജി വൈഷ്ണാനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി. സഞ്ജീവ് ജാംനഗര്‍ അസി. പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണാനി മരണപ്പെട്ടത്. 1990 ഒക്ടോബർ 30ന് നടന്ന ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിെൻറ പേരില്‍ വൈഷ്ണാനി ഉള്‍പ്പെടെ 133 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പതുദിവസമാണ് വൈഷ്ണവി കസ്റ്റഡിയില്‍ കഴിഞ്ഞത്.
ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷം വൈഷ്ണവി മരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ രേഖകളിലുള്ളത്. എന്നാൽ, വൈഷ്ണാനിെയ കസ്റ്റഡിയിലെടുത്തത് സഞ്ജീവ് അല്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത്. സഞ്ജീവ് സ്റ്റേഷനില്‍ എത്തുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പായിരുന്നുവത്രെ അറസ്റ്റ്. അറസ്റ്റ് സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നുവെന്നും വാർത്തക്കുറിപ്പിലുണ്ട്.
വൈഷ്ണവിയെ ചോദ്യംചെയ്ത പൊലീസുകാരുടെ സംഘത്തിലും സഞ്ജീവ് ഇല്ലായിരുന്നു. 2002ലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് എസ്.ഐ.ടി. സംഘം ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഒരു മയക്കുമരുന്ന് കേസില്‍ 2018 മുതല്‍ ബനസ്കന്ത ജില്ലയിലെ പാലന്‍പുര്‍ ജയിലില്‍ തടവിലുള്ള സഞ്ജീവ് ഭട്ടിനെ പ്രത്യേക ഉത്തരവുമായെത്തിയായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.