കാലാവസ്ഥ വ്യതിയാനങ്ങളും കാർഷികോൽപന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകളും കർഷകരുടെ ദുരിതം കാലാകാലങ്ങളായി ഇരട്ടിപ്പിക്കുന്ന പ്രശ്നങ്ങളാണ്. അടുത്തിടെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐ.സി.എ.ആർ)- സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രൈലാൻഡ് അഗ്രികൾചർ (സി.ആർ.ഐ.ഡി.എ) നബാർഡിന്റെ ധനസഹായത്തോടെ കർഷക ദുരിത സൂചിക (Farmers Distress Index) രേഖപ്പെടുത്തുന്നതിനായി ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ നൂതനപദ്ധതിക്ക് നേതൃത്വം നൽകിയ ഹൈദരാബാദിലെ ഐ.സി.എ.ആർ- സി.ആർ.ഐ.ഡി.എ ഡിസൈൻ ആൻഡ് അനാലിസിസ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. എ. അമരേന്ദർ റെഡ്ഡി സംസാരിക്കുന്നു
വരൾച്ച, വെള്ളപ്പൊക്കം, രോഗങ്ങൾ, പ്രാണിശല്യം തുടങ്ങിയ പ്രശ്നങ്ങളും വിപണിവിലയിൽ വരുന്ന മാറ്റങ്ങളുമെല്ലാം കർഷകരുടെ കുടുംബ വരുമാനത്തിൽ പലപ്പോഴും ഗുരുതര ആഘാതങ്ങൾ സൃഷ്ടിക്കുന്നു. പല കൃഷികൾക്കും വലിയ മുതൽമുടക്കുണ്ട്. നല്ല വിളവു ലഭിച്ചാൽ അതിനു തക്ക ആദായമുണ്ടാവും. പക്ഷേ, നേരത്തേ പറഞ്ഞ ഏതെങ്കിലും പ്രശ്നമുണ്ടായാൽ വലിയ നഷ്ടം നേരിടേണ്ടിവരും.
വൈവിധ്യമേറിയ കാർഷിക പരിസ്ഥിതിയും വിള രീതിയുമുള്ള രാജ്യമെന്ന നിലയിൽ എല്ലാ സീസനിലും ഏതെങ്കിലുമൊരു പ്രദേശത്ത് ഇത്തരം വൈഷമ്യങ്ങളുണ്ടാവും. ഇത്തരമൊരു സാഹചര്യത്തിൽ കാലാവസ്ഥയിൽ സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ മുന്നറിയിപ്പുണ്ടായാൽ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും സാധിക്കും.
കർഷക ദുരിത സൂചിക ആപേക്ഷികമായ ഒരു ആശയമാണ്, ഇതിനെ അടിസ്ഥാനമാക്കി സർക്കാറുകൾക്കും മറ്റ് നിർവഹണ ഏജൻസികൾക്കും വിവിധ പ്രദേശങ്ങളെ ദുരിതബാധയുടെയോ സാധ്യതയുടെയോ തീവ്രത അനുസരിച്ച് തരംതിരിച്ച് പ്രവർത്തനങ്ങളിലും നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം.
ഏതു സമയവും വന്നു ഭവിച്ചേക്കാവുന്ന വിപത്തുകൾ മുന്നിലുണ്ടെന്ന ഭീതി അകന്നാൽ മാത്രമേ കർഷകർക്ക് കൃഷിയിലും കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ശ്രദ്ധിക്കാനാകൂ. രാജ്യത്തിന്റെ സർവ മേഖലകളിലെയും കർഷകരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാക്കുക എന്നതാണ് ഈ ആശയത്തിനു പിന്നിലെ പ്രേരണ. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സാധിച്ചാൽ മാത്രമേ രാജ്യത്തിന്റെ ഏതൊരു ക്ഷേമപ്രവർത്തനങ്ങളും ഫലപ്രാപ്തിയിലേക്ക് നീങ്ങൂ.
ആദ്യഘട്ടമെന്ന നിലയിൽ, കർഷക ദുരിതം, കട ബാധ്യതകളും തിരിച്ചു പിടിക്കലും, കന്നുകാലികളെ വിറ്റൊഴിവാക്കുന്ന അവസ്ഥ, കുടിയേറ്റം, ആത്മഹത്യകൾ എന്നിവയെപ്പറ്റിയെല്ലാം വിവിധ പ്രാദേശിക പത്രങ്ങൾ, സമൂഹമാധ്യമങ്ങൾ, മറ്റു വാർത്താ സ്രോതസ്സുകൾ എന്നിവയിൽ വന്ന റിപ്പോർട്ടുകൾ ശേഖരിക്കും. ദുരിത മേഖലകളെ ഞങ്ങൾ ട്രാക്ക് ചെയ്യും.
ആത്മഹത്യപോലുള്ള ദുരിതങ്ങൾ ഒരു പ്രത്യേക മേഖലയിലോ സമൂഹത്തിലോ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിവിധ തലങ്ങൾ വിശകലനം ചെയ്യുന്നതിനായി വിവരങ്ങൾ ശേഖരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനും കൃഷിനാശത്തിനുമൊപ്പം പണമിടപാടുകാർ നടത്തുന്ന അവഹേളനം, മാനസിക തകർച്ച, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കൂടിയാകുമ്പോഴാണ് പലപ്പോഴും കർഷകർ അറ്റകൈ പ്രയോഗത്തിന് തുനിയുന്നത്.
ദുരിത സൂചകങ്ങൾ വിലയിരുത്തിയശേഷം ആ മേഖലയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ നടത്തേണ്ട ഇടപെടലുകളും കർമപദ്ധതികളും നിർദേശിക്കുന്നു. വിളനാശം സംഭവിച്ചവർക്ക് യഥാസമയം സഹായധനവും വിള ഇൻഷുറൻസ് തുകയും സൗജന്യ റേഷനും മറ്റും ലഭ്യമാക്കുകയും തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ഉറപ്പാക്കകുയും ചെയ്യാൻ സാധിച്ചാൽ ഏറിയ കൂറും കർഷക ദുരിതത്തിന് താൽക്കാലിക ആശ്വാസമേകാനാവും.
പ്രാദേശിക തലങ്ങളിൽ പഴയകാല അനുഭവങ്ങളെ മുൻനിർത്തി പ്രശ്ന-ദുരിത-ദുരന്ത സൂചകങ്ങൾ നിലവിലുണ്ടാവാം. എന്നാൽ, പുതിയ സൂചിക യഥാസമയമുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രശ്ന സാധ്യത കണ്ടെത്തുന്നത്. വരാനിരിക്കുന്ന പ്രശ്നങ്ങൾ നേരത്തേ തന്നെ തിട്ടപ്പെടുത്തുന്നതിനാൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആദ്യമേ തന്നെ ആരംഭിക്കാനാവും.
നേരത്തേ സൂചിപ്പിച്ചതുപോലെ മാധ്യമ റിപ്പോർട്ടുകൾ വിലയിരുത്തി പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിലെ കർഷകരുമായി ബന്ധപ്പെടുകയും അവരുടെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കി മുന്നറിയിപ്പ് നൽകുകയും ചെയ്യും.
പ്രാദേശിക അധികാരികളെ വിഷയത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്താനും അവർ പ്രശ്നത്തിൽ ഇടപെടുകയും ചെയ്താൽ ആത്മഹത്യകളെ പ്രതിരോധിക്കാൻ സാധിക്കും എന്നു തന്നെയാണ് കരുതുന്നത്. വ്യക്തിതലത്തിൽ ഒതുങ്ങുന്ന പ്രശ്നങ്ങൾക്കും ഒരു പ്രദേശത്താകമാനം വ്യാപ്തിയുള്ള പ്രശ്നങ്ങൾക്കും വ്യത്യസ്തങ്ങളായ ഇടപെടലുകളാണ് അധികൃതർ നടത്തേണ്ടത്.
കർഷക ദുരിത സൂചിക ഔദ്യോഗിക തലത്തിൽ സ്വീകരിക്കുന്നതോടെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും അവ നിലനിൽക്കുന്ന പ്രദേശങ്ങളും സർക്കാറുകൾക്ക് എളുപ്പത്തിൽ കണ്ടെത്താനും കാലതാമസമില്ലാതെ പരിഹാര നടപടികൾ ആവിഷ്കരിക്കാനും സാധിക്കും. പൊതുവിതരണ ശൃംഖല വഴി ഭക്ഷ്യധാന്യങ്ങൾ നൽകുക, വായ്പ തിരിച്ചടവിന് സാവകാശം ലഭ്യമാക്കുക തുടങ്ങിയവയാണ് അടിയന്തരമായി സ്വീകരിക്കാവുന്ന നടപടികൾ.
പ്രശ്ന സാധ്യതകൾ സംബന്ധിച്ച് ആഴമേറിയ പഠനങ്ങൾക്കും ഈ സംവിധാനം ഫലപ്രദമാവും. വിള ആസൂത്രണം, മറ്റു തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ഇടപെടലുകളും നടത്താനാവും.
ഈ സൂചിക തയാറാക്കുമ്പോൾ വരൾച്ച, വെള്ളപ്പൊക്കം, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ, ഭാവിയിൽ സംഭവിച്ചേക്കാവുന്ന ദുരിതങ്ങൾ എന്നിവയുടെ സാധ്യതകളെല്ലാം ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. പാട്ട കൃഷി നടത്തുന്നവർ, വൻകിട കർഷകർ, മലയോര കർഷകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പരിതഃസ്ഥിതികളും ഉൾച്ചേർത്തിട്ടുണ്ട്.
അടിസ്ഥാനപരമായി, വായ്പ-വരുമാന അനുപാതം, വിളനഷ്ടം, ഇതര വരുമാന സ്രോതസ്സുകൾ, വായ്പ തിരിച്ചടവിന്റെ ഭാരം, ആരോഗ്യ പ്രശ്നങ്ങളും ഭീമമായ ചെലവ് വരുത്തിയേക്കാവുന്ന ബാധ്യതകളും, കുടുംബ-സാമൂഹിക-മാനസിക ഘടകങ്ങൾ, സാമൂഹിക ഒറ്റപ്പെട്ടൽ തുടങ്ങിയ പ്രവചന സൂചകങ്ങളെല്ലാം ഞങ്ങൾ ട്രാക്ക് ചെയ്യും. കാലവും ദേശവും കാലാവസ്ഥയും വ്യത്യസ്തമായാലും ദുരിത സാധ്യതകൾ വിലയിരുത്തുന്നതിൽ ഈ സൂചകങ്ങളുടെ സാധ്യത സാർവത്രികമാണ്.
അമേരിക്കയും യൂറോപ്പും പോലുള്ള വികസിത രാഷ്ട്രങ്ങളിൽ വികസിപ്പിച്ചെടുത്ത പല കാർഷിക മാതൃകകളും ഇന്ത്യയിൽ പ്രായോഗികമല്ല, ഇവിടത്തെ കർഷകരുടെ കാർഷിക-പാരിസ്ഥിതിക, സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ തികച്ചും വ്യത്യസ്തമാണ്.
ആകയാൽ, നമ്മുടെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നാം സ്വന്തം മാതൃകകൾ വികസിപ്പിക്കേണ്ടതുണ്ട്. സമാന അവസ്ഥകളുള്ള ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് വികസ്വര രാജ്യങ്ങൾക്ക് കൂടി അത് ഫലപ്രദമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.