സാമ്പത്തിക ശാസ്ത്രജ്ഞനും ബി.ജെ.പി ആന്ധ്രപ്രദേശ് ഘടകം മുൻ വക്താവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ജീവിതപങ്കാളിയുമായ ഡോ. പരകാല പ്രഭാകർ നരേന്ദ്ര മോദി സർക്കാറിന്റെ സാമ്പത്തികനയങ്ങളുടെ നിശിത വിമർശകനാണ്. ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം ബി.ജെ.പിയുടെ ജനവിരുദ്ധതയെയും സാമ്പത്തികനയത്തിലെ അബദ്ധങ്ങളെയും നിശിതമായി വിമർശിക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ കരണ്‍ ഥാപ്പർ thewire.inനുവേണ്ടി നടത്തിയ അഭിമുഖത്തിൽ അതിരൂക്ഷ ഭാഷയിലാണ് പരകാല പ്രഭാകർ അഭിപ്രായങ്ങൾ പറഞ്ഞത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പരകാല പ്രഭാകര്‍: നമ്മുടെ രാജ്യം വളരെ ആശങ്കജനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ റിപ്പബ്ലിക്കിന്റെ മൂല്യങ്ങളില്‍നിന്നും സ്ഥാപനതത്ത്വങ്ങളില്‍ നിന്നും ബഹുദൂരം വഴിമാറി സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു.
ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന തെരുവുദൃശ്യങ്ങളും പൊതു-രാഷ്ട്രീയവ്യവഹാരങ്ങളുമെല്ലാം അപകടകരമാംവിധം തെക്കന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മളെങ്ങനെ ഈ നിലയിലെത്തി? എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. നല്ലതൊന്നും നിങ്ങള്‍ കാണുന്നില്ലേ?
കുറ്റം പറയുകയാണെങ്കില്‍ ബദല്‍ മാര്‍ഗവും നിങ്ങള്‍ നിർദേശിക്കൂ എന്നും പറയും. ബദല്‍ നിര്‍ദേശിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമാണ് വിമര്‍ശിക്കാൻ അര്‍ഹതയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; ബദല്‍ തീരുമാനിക്കേണ്ടത് ജനങ്ങളാണ്.
സര്‍ക്കാറിന്റെ വാദങ്ങള്‍ വെറുംപൊള്ളയാണെന്ന് ഞാന്‍ പറയും. മാന്ദ്യം എന്നു പറയാനാവില്ലെങ്കിലും ജി.ഡി.പിയുടെ വളര്‍ച്ച കോവിഡിന് മുമ്പുതന്നെ തീരെ മന്ദഗതിയിലായിരുന്നു; കോവിഡിന്റെ പാരമ്യത്തില്‍ അത് മാന്ദ്യത്തിലേക്കെത്തി.
മന്ത്രിമാരും സര്‍ക്കാര്‍ വക്താക്കളും അവകാശപ്പെടുന്നത് നമ്മള്‍ വളര്‍ച്ച കൈവരിക്കുകയാണെന്നാണ്. എന്നാല്‍, അങ്ങേയറ്റം താഴേക്കു പതിച്ച സമ്പദ്‍വ്യവസ്ഥയിലെ നേരിയ ചലനങ്ങളെപ്പോലും വമ്പൻ വളര്‍ച്ചയായി ചിത്രീകരിക്കുകയാണവര്‍.
തുടക്കംമുതലേ ബി.ജെ.പിക്ക് ഒരു സുചിന്തിതവും യോജിച്ചതുമായ സാമ്പത്തികതത്ത്വശാസ്ത്രം ഉണ്ടായിരുന്നില്ല. എന്താണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന സാമ്പത്തിക തത്ത്വശാസ്ത്രം? 1980ൽ അവര്‍ തുടങ്ങുമ്പോള്‍ ഗാന്ധിയും സോഷ്യലിസവുമാണ് തങ്ങളുടെ ശൈലിയെന്ന് പറഞ്ഞു.
1991ലെ നവീകരണശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. നിലവില്‍ കുറെ ആഭിചാരക്കാരായ സാമ്പത്തിക വിദഗ്ധരാണ് മോദി സര്‍ക്കാറിന്റെ ഉപദേശകര്‍. അവര്‍ കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ വിനാശകരമായ നോട്ടുനിരോധനം നടപ്പാക്കി. അവരാരൊക്കെയാണെന്ന് എനിക്കറിയില്ല.
ഇന്ത്യയുടെ സാമൂഹികമനസ്സിനുള്ളില്‍ ആഴത്തില്‍ വേരിറങ്ങിക്കിടക്കുന്ന വര്‍ഗീയ വിഭജനവാസനയെ പുറത്തേക്കെടുത്തിടുന്നതിലൊഴിച്ച് എല്ലാ കാര്യങ്ങളിലും അങ്ങനെതന്നെ.
നല്ലതെന്നു പറയാന്‍ ഒന്നും ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത്. പണപ്പെരുപ്പം ആറോ ഏഴോ ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഏഴാണ്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 18 ശതമാനത്തിനു മുകളിലെത്തി. ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തിലും മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍, ചോദന-പ്രദാനങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എന്നുതുടങ്ങിയ കാര്യങ്ങളിലെല്ലാം തെമ്മാടിത്തം നിറഞ്ഞ സമീപനം കാണാം. കറന്‍സി ഡിജിറ്റലൈസേഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതുമായി തട്ടിച്ച് പറയാനാവില്ല.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നിങ്ങള്‍ അഭിമാനിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ വര്‍ധിച്ച സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ടിനെക്കുറിച്ചും അഭിമാനിക്കണം. ഇത്തരം നിയോലിബറല്‍ ആഖ്യാനങ്ങളിലേക്കു ചുരുങ്ങുന്നതിനു പകരം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ എണ്ണമാണോ യഥാര്‍ഥ വികസനമാപിനിയെന്നാണ് ചിന്തിക്കേണ്ടത്.
ഈ ഭരണകൂടത്തിന്റെ ജനകീയത അവരുടെ സാമ്പത്തികനയത്തിലോ മറ്റെന്തെങ്കിലും പ്രവര്‍ത്തനത്തിലോ അല്ല. മറിച്ച് വര്‍ഗീയധ്രുവീകരണ ഹിന്ദുത്വ അജണ്ടയുടെ ചുറ്റും ജനങ്ങളെ സമ്മേളിപ്പിക്കാനുള്ള സാമര്‍ഥ്യത്തിന്റെ പേരിലാണ്. നമ്മുടെ രാഷ്ട്രീയ സംവാദത്തിലിന്ന് മുന്‍പന്തിയിലുള്ളത് ഹിന്ദുത്വയാണ്.
ഒരു 10 വര്‍ഷം മുമ്പ് വരെയുള്ള നമ്മുടെ രാഷ്ട്രീയസംവാദങ്ങളിലെ പ്രധാന വാക്ക് മതേതരത്വം എന്നതായിരുന്നു. ഞങ്ങളാണ് യഥാര്‍ഥ സെക്കുലർ, കോണ്‍ഗ്രസും മറ്റു കക്ഷികളും സ്യൂഡോ സെക്കുലറുകളാണ് എന്നാണ് ബി.ജെ.പിപോലും അന്നൊക്കെ പറഞ്ഞിരുന്നത്.
2014ൽ അഴിമതിമുക്തമായ വികസിത ഇന്ത്യയായിരുന്നു ചര്‍ച്ച. മോദിപോലും അന്ന് പറഞ്ഞ ഒരു കാര്യം: തൊഴിലില്ലായ്മയും അഴിമതിയും ഒരുവശത്തും ഹിന്ദുക്കളും മുസ്‌ലിംകളും ഒറ്റക്കെട്ടായി മറുവശത്തും നിലകൊണ്ടുള്ള പോരാട്ടമാണെന്നായിരുന്നു. ഹിന്ദുത്വയെ ഒളിച്ചുകടത്തുകയാണ് അവർ ചെയ്തത്.
എല്ലാ അംഗങ്ങളും അതിനോട് യോജിക്കുന്നവരാണെന്ന അഭിപ്രായം എനിക്കില്ല. ബി.ജെ.പിയെ പിന്തുണക്കുന്നവര്‍ പലതരമാണ്. ഈ ആശയം ഇന്ത്യക്ക് അത്യാവശ്യമാണ് എന്നു പറയുന്നവരോട് എനിക്ക് മറുവാദം ഉന്നയിക്കാനുണ്ട്. പക്ഷേ, രാജ്യത്ത് നിലവില്‍ അധീശത്വമുള്ള ഒരു കൂട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന ജനങ്ങളുണ്ടാകും. രാജ്യത്തെ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ചായ്‍വ് അത്തരമൊരു ഫോസ്റ്റിയന്‍ വിലപേശലാണ് (ചെകുത്താനുമായുള്ള വിലപേശല്‍).
അതായത്, കരിയറും സമ്പാദ്യവും സ്വസ്ഥതയുമെല്ലാം പരിഗണിച്ച് നിങ്ങൾ നിങ്ങളുടെ ആത്മാവിനെ ചെകുത്താന് വില്‍ക്കുകയാണ്. ബി.ജെ.പിയിലെ വലിയൊരു ശതമാനം ആളുകളും അങ്ങനെയുള്ളവരാണെന്നാണ് എന്റെ നിരീക്ഷണം.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ കരുതുന്നത് ഇന്ത്യയുടെ സ്ഥാപിത-ഭരണഘടനാ മൂല്യങ്ങളായ മതേതരത്വ, ഉള്‍ക്കൊള്ളല്‍ തത്ത്വസംഹിതയെ അതേപടി ഏറ്റെടുക്കാമെന്നാണ്. പക്ഷേ, ആ ധാരണ അബദ്ധജടിലമാണ്. ഈ കക്ഷികളെല്ലാം ഒരുപക്ഷേ ചിന്തിക്കുന്നത് രാഷ്ട്രീയമെന്നാല്‍ ഒരു തെരഞ്ഞെടുപ്പ് മുതല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളാണ് എന്നാണ്.
രാഷ്ട്രീയം രാഷ്ട്രീയ സാമൂഹികശാസ്ത്രമാണ്, രാഷ്ട്രീയ സാമ്പത്തികശാസ്ത്രമാണ്. ബി.ജെ.പിയുമായുള്ള മത്സരം പ്രയോജനവാദപരമായി മാത്രം അവര്‍ കണ്ടു. ബി.ജെ.പിയെ അത്തരത്തില്‍ മനസ്സിലാക്കാതെ പോയതിനാലാണ് വാജ്‌പേയി സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലൊക്കെ അവരില്‍ ചിലര്‍ മുന്‍കാലങ്ങളില്‍ നിലപാടെടുത്തത്.
തങ്ങള്‍ തൊട്ടുകൂടായ്മ പിന്തുടരുന്ന പാര്‍ട്ടിയല്ല എന്ന തരത്തില്‍ എല്ലാവരെയും ബി.ജെ.പി സ്വാഗതംചെയ്തു. സംഘ്പരിവാറിനുള്ളില്‍തന്നെയുള്ള ചിലയാളുകള്‍ ബി.ജെ.പിയുടെ തന്ത്രപരതയെ ഒളിച്ചുവെച്ചിട്ടില്ല. അതിലൊരാളാണ് വാജ്‌പേയി ഞങ്ങളുടെ മുഖംമൂടി (മുഖോട്ട)യാണെന്നു പരസ്യമായി പറഞ്ഞത്.
ബി.ജെ.പി എന്താണെന്ന് തിരിച്ചറിയാതെ അവരുമായി അധികാരം പങ്കിടുന്ന തരത്തിലേക്ക് നിലവിലെ പ്രതിപക്ഷത്തെ പലരും വഴിതെറ്റിപ്പോയിട്ടുണ്ട്.
നമുക്കതിന് കരുത്തുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ റിപ്പബ്ലിക്കിന് ഇത്തരം ആഖ്യാനങ്ങളെ തള്ളിക്കളയാന്‍ ഇനിയും സാധിക്കുമെന്നും ഇതിന്റെ സ്ഥാപിത തത്ത്വങ്ങളായ ഒത്തൊരുമയും യോജിപ്പും തിരികെപ്പിടിക്കാനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു. സമ്പദ്‍വ്യവസ്ഥയും മറ്റും അവിടെ നില്‍ക്കട്ടെ, സമൂഹത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാൻ ആഗ്രഹിക്കുന്നത്.
ഒരു ഹിന്ദുവിന്റെ ഗര്‍ഭപാത്രത്തില്‍ ജനിക്കുകയെന്നത് എന്റെയോ നിങ്ങളുടെയോ ചോയ്‌സായിരുന്നില്ലല്ലോ. ഒരു പ്രത്യേക ഗര്‍ഭപാത്രത്തില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ ആരെയെങ്കിലും തല്ലിക്കൊല്ലാനോ രണ്ടാംകിടക്കാരായി കാണാനോ നമുക്കെന്തവകാശം? കാലാകാലങ്ങളായി ജനങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്.
എന്തിനാണ് വിവേചനം? ആ ആഖ്യാനത്തിന്റെ പേരിലാണോ നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത്, ആ ആഖ്യാനത്തിന്റെ പേരിലാണോ നിങ്ങള്‍ പൗരത്വ നിയമം പോലുള്ള നിയമങ്ങള്‍ പാസാക്കുന്നത്? അപ്പോള്‍ അതിനെ തള്ളണോ അതോ പ്രോത്സാഹിപ്പിക്കണോ എന്നതാണ് ഇന്ത്യയിലെ പൗരജനങ്ങൾക്കു മുന്നിലുള്ള ഇന്നത്തെ ആദ്യത്തെ ചോദ്യം.
ഇതൊരു ഹിന്ദുരാഷ്ട്രമായി മാറ്റപ്പെടുകയും ഭൂരിപക്ഷ മതത്തോട് യോജിക്കാത്തവരെല്ലാം രണ്ടാംകിട പൗരരായി മാറ്റപ്പെടുകയും ചെയ്യും. മോദിയുടെ മൂന്നാമൂഴം രാജ്യത്തിന് ഒരു ഭീമമായ ദുരന്തമായി ഭവിക്കും. നാനാത്വത്തെ മാനിക്കാത്ത, മതേതരത്വത്തെ മാനിക്കാത്ത ഒറ്റ മതവും ഒറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഒറ്റ ദേശവും ഒരുപക്ഷേ ഒറ്റ ഭാഷയുമുള്ള രാഷ്ട്രമായേക്കും. ഇന്ത്യയെന്ന ആശയത്തിന്റെ പര്യവസാനമായിരിക്കുമത്.
വിവർത്തനം: റമീസുദ്ദീൻ വി.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.