സുഭാഷ് നഗറിലെ വീട്ടിലിരുന്ന് നാഗ്പുർ കോൺഗ്രസ് സ്ഥാനാർഥി വികാസ് താക്കറെ സംസാരിക്കുന്നു
ഗഡ്കരിയുടേത് വികസന മുദ്രാവാക്യം. താങ്കളുടേത്?
സാധാരണക്കാരന് സംതൃപ്തി നൽകാത്ത വികസനം എന്തു വികസനമാണ്. കോടികളുടെ വികസനം മേൽത്തട്ടിൽ ഉള്ളവർക്കല്ലാതെ സാധാരണക്കാരന് സന്തോഷം നൽകുന്നില്ല. കുടിവെള്ളം, വൈദ്യുതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് സാധാരണക്കാർ ചോദിക്കുന്നത്.
മഹാ വികാസ് അഗാഡി നൽകുന്ന ആത്മവിശ്വാസം?
കോൺഗ്രസ് ഒറ്റക്കെട്ടാണ്. ഒപ്പം ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, ആപ്, സി.പി.ഐ, സി.പി.എം, വി.ബി.എ, മജ്ലിസ് പാർട്ടിയും ഒപ്പമുണ്ട്. ഇത് ജനത vs ബി.ജെ.പി പോരാട്ടമാണ്. ഭരണഘടനയെ തകർക്കുംവിധം ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അഴിമതി ആരോപിച്ച് ചില പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്നു. ചിലരെ കൂറുമാറ്റുന്നു. ഇതിൽ ജനങ്ങൾ സന്തുഷ്ടരല്ല, കണക്ക് പറയേണ്ടിവരും.
ഗഡ്കരിയുടെ അഞ്ചു ലക്ഷം ഭൂരിപക്ഷ ലക്ഷ്യം?
വളരെ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. പ്രചാരണം ചെയ്യില്ല, പോസ്റ്റർ പതിക്കില്ല എന്നൊക്കെ പറഞ്ഞു. എന്നാൽ, ഇപ്പോൾ അദ്ദേഹവും കളത്തിലിറങ്ങി. ഉത്തരഖണ്ഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരെ വോട്ട് ചോദിക്കാൻ കൊണ്ടുവന്നു. കാലടിയിൽ മണ്ണുചോരുന്നു എന്ന തിരിച്ചറിവിലാണിത്.
മുസ്ലിം ദലിത്, ഒ.ബി.സി വോട്ട് ബാങ്ക്.. മറാത്ത സംവരണം?
ഞാൻ ഉൾപ്പെട്ട മറാത്ത കുൺഭി വിഭാഗവും മുസ്ലിം ദലിതുകളും അടക്കം വോട്ടർമാരിൽ 68 ശതമാനം വരും. മറാത്ത സംവരണ തർക്കം നാഗ്പുർ ഉൾപ്പെട്ട വിദർഭയിൽ ഇല്ല. അത് മാറാത്ത്വാഡയിലെ മറാത്തകളാണ്. വിദർഭയിൽ ഉള്ളവർ ആദ്യമേ മറാത്ത കുൺഭികളാണ്. ഞങ്ങൾ ഒ.ബി.സിയാണ്. ഒ.ബി.സി സംവരണം മറ്റുമറാത്തകൾക്ക് നൽകുന്നതിൽ വിയോജിപ്പാണ്.
അഭിമുഖത്തിന് അവസരം തേടിയപ്പോൾ, നിതിൻ ഗഡ്കരി അഭിമുഖം നൽകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ മാധ്യമ മേൽനോട്ടം വഹിക്കുന്ന കൗസ്തുബ് എസ്.എം.എസ് വഴി പ്രതികരിച്ചത്. അദ്ദേഹം കേരളത്തിൽ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തിന് പാർട്ടി നിങ്ങളെ വിവരമറിയിക്കും എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.