വേനൽച്ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കും നാട് നീങ്ങുകയാണ്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് മത്സരിച്ച് ഇന്ത്യൻ പാർലമെന്റിൽ മരിക്കുംവരെ പ്രതിപക്ഷ നേതാവായ എ.കെ.ജി തൊട്ട്
അദ്ദേഹത്തിന്റെ മരുമകൻ പി. കരുണാകരൻ, ഖാദർ മാങ്ങാട്, കെ.സി. വേണുഗോപാൽ, ടി. സിദ്ദീഖ്, കെ. സുരേന്ദ്രൻ എന്നിങ്ങനെ പല ഘട്ടങ്ങളിലായി നിയമസഭയിലേക്കും ലോക്സഭയിലേക്കും കാസർകോട് മണ്ഡലത്തിൽനിന്ന് മത്സരിച്ച പ്രമുഖർ നിരവധി. കാസർകോടിന്റെ മണ്ണിൽ ജനവിധി തേടിയവരുടെ പഴയകാല അനുഭവങ്ങളുമായി ഇന്നുമുതൽ ‘വോട്ടിനൊരോട്ടം’ തുടങ്ങുന്നു...
1998 ഫെബ്രുവരി ആറിനാണ് ആദ്യം മത്സരിച്ചത്. കാസർകോട്ട് മത്സരിച്ചപ്പോൾ ഒട്ടേറെ രസകരമായ അനുഭവങ്ങളാണ് എനിക്കുണ്ടായത്.
ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ ഇരുവശങ്ങളിലും പ്രവർത്തകർ സ്ഥാനാർഥിയെ കാണാൻ നിന്നിരുന്നു. അതിലൊരാൾ മുന്നോട്ടുവന്ന് എന്നോട് പറഞ്ഞു, സി.പി.എമ്മുകാരനായ ഞാൻ നിങ്ങൾക്കൊരു വോട്ട് ചെയ്തിട്ടുണ്ട്. ഞാൻ കടപ്പെട്ടവനായി അദ്ദേഹത്തെ നോക്കി. എന്റെ കണ്ണുതള്ളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘അതിനുശേഷം അന്നുതന്നെ ഒമ്പതു വോട്ടും ചെയ്തു. പക്ഷേ, എൽ.ഡി.എഫ് സ്ഥാനാർഥിക്കാണ് ചെയ്തത്’!. കള്ളവോട്ടിന്റെ രസകരമായ അനുഭവസാക്ഷ്യമായിരുന്നു ആ നിഷ്കളങ്കമായ തുറന്നുപറച്ചിൽ.
കോൺഗ്രസുകാർ പൊതുവേ പോയിട്ട് കാര്യമില്ലാത്ത സി.പി.എം കോട്ടയാണ് മടിക്കൈ. എന്നിരുന്നാലും പോകാമെന്നുവെച്ച് വണ്ടിയിൽ കയറി കൈവീശിയിരുന്നു. അവിടത്തെ പ്രചാരണത്തിൽ സംസാരിക്കുമ്പോൾ കേൾക്കാൻ ഒരു പൂച്ചക്കുട്ടിപോലും ഉണ്ടായിരുന്നില്ല. എന്റെ കൂടെ വന്ന രണ്ടുമൂന്നുപേർ മാത്രം. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ വന്ന് എന്റെ മുന്നിൽ ദയനീയമായ കണ്ണുകളോടെ താടിക്ക് കൈയുംവെച്ച് ഇരുന്നു.
90 വയസ്സു തോന്നിക്കുന്ന ഒരാൾ എന്റെ പ്രസംഗം കേൾക്കാൻ വന്നിരിക്കുന്നു. അതും കമ്യൂണിസ്റ്റ് കോട്ടയിൽ! എനിക്ക് ആവേശമായി. പ്രസംഗം അവസാനിച്ചപ്പോൾ ഞാൻ അടുത്തുപോയി അനുഗ്രഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ച് എന്റെ തലയിൽ വെച്ചു. ഈ അസാധാരണ പ്രവൃത്തികണ്ട് അദ്ദേഹമെന്നോട് പറഞ്ഞു, അനുഗ്രഹം മോനുണ്ടാകും. വോട്ട്, ചുറ്റിക അരിവാളിനും!...
കാസർകോടിന്റെ അതിർത്തി പ്രദേശങ്ങളിൽ പ്രചാരണത്തിന് പോകവേ സുഹൃത്തുക്കളുടെ അഭ്യർഥനമാനിച്ച് അവർ മലയാളത്തിൽ എഴുതിത്തന്ന കന്നട പ്രസംഗം പഠിക്കുകയുണ്ടായി. എങ്ങനെ പഠിച്ചിട്ടും ആവേശം വരുമ്പോൾ മറക്കുമോ എന്ന പേടികൊണ്ട് സുഹൃത്തുക്കളിലൊരാളെ വെള്ളപേപ്പറിൽ വലുതായി എഴുതിയിട്ട് സ്റ്റേജിൽ ഞാൻ പ്രസംഗിക്കുമ്പോൾ എനിക്ക് കാണുന്ന വിധത്തിലും ജനങ്ങൾ കാണാതെയും നിൽക്കാൻ ചട്ടംകെട്ടി.
കന്നടയിൽ പ്രസംഗം കത്തിക്കയറിയപ്പോൾ ജനങ്ങൾ കൈയടിച്ചു. എനിക്കാണെങ്കിൽ ആവേശം കയറി. പൊടുന്നനെ സുഹൃത്തിന്റെ കൈയിൽനിന്ന് പേപ്പർ പറന്നുപോയി. അയാൾ അതിന്റെ പിന്നാലെ ഓടി. ഞാനാണെങ്കിൽ വിയർക്കുകയാണ്. ഒടുവിൽ സന്ദർഭത്തിനൊത്തുയർന്ന് ഒരു ഐഡിയ കാച്ചി: കന്നട മനസ്സിലാകാത്തവർക്കുവേണ്ടി ഇനി മലയാളത്തിൽ സംസാരിക്കാമെന്നുപറഞ്ഞ് മലയാളത്തിൽ തുടർന്നു. അപ്പോൾ ഒരു വിരുതൻ പറഞ്ഞു ‘‘കന്നട സാക്കൂ’’... ഞാനത് കേട്ടതായി ഭാവിച്ചില്ല. പെട്ടെന്ന് പ്രസംഗം നിർത്തി വണ്ടിയിൽ കയറി സ്ഥലം കാലിയാക്കി.
’98ലെ ഒരുദിവസം കണ്ണൂരിലാണ് കാസർകോടിന്റെയും തെരഞ്ഞെടുപ്പ് റാലി. അന്ന് സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയുമെത്തിയിരുന്നു. അന്നത്തെ ഡി.സി.സി പ്രസിഡന്റ് കെ. സുധാകരനും കണ്ണൂർ മണ്ഡലം സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയായി സീനിയർ നേതാക്കൾ ഉണ്ടായിരുന്നു വേദിയിൽ. സോണിയ ഗാന്ധി പ്രസംഗം തുടങ്ങി. കണ്ണൂർ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.. എന്റെ തൊട്ടടുത്ത് ചെറുപ്പക്കാരനായ രാഹുലുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടു. എന്നിട്ട് മെല്ലെ ചെവിയിൽ പറഞ്ഞു: എനിക്കുവേണ്ടി ഒന്ന് വോട്ടഭ്യർഥിക്കണം. രാഹുൽ അത് കേട്ടതായി ഭാവിച്ചില്ല. വീണ്ടും പറഞ്ഞപ്പോൾ പറ്റില്ലെന്നു പറഞ്ഞു. ഞാനും വിട്ടില്ല, എനിക്കുവേണ്ടി വോട്ടഭ്യർഥിച്ചേ മതിയാകൂ എന്ന് പറഞ്ഞു.
അപ്പോൾ പറഞ്ഞു, എനിക്ക് പ്രസംഗിക്കാനറിയില്ല. ഞാൻ പറഞ്ഞു: സാരമില്ല, ഞാനെഴുതിത്തരാം. അതുപോലെ ഒറ്റവാചകം പറഞ്ഞാമതി. അപ്പോൾ പറഞ്ഞു, അമ്മ സമ്മതിക്കില്ല, ഞാനിതുവരെ പ്രസംഗിച്ചിട്ടില്ല എന്ന്. അമ്മ സമ്മതിച്ചാൽ പ്രസംഗിക്കുമോയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ ചിരിച്ചു. സോണിയ ഗാന്ധി പ്രസംഗം നിർത്തിയ ഉടൻ ഞാനവരോട് അനുവാദം ചോദിച്ചു, അവർ സമ്മതിച്ചു. രാഹുൽ മൈക്കിനുമുന്നിൽ ആദ്യമായി പ്രസംഗിച്ചു. ‘എല്ലാ.....വർ...ക്കും നമഷ്കാരം... സോ പ്ലീസ് വോട്ട് ഫോർ ഖാദർ’... ഞാൻ കോരിത്തരിച്ചു. അതുപറഞ്ഞ് രാഹുൽ ഗാന്ധി പിൻവാങ്ങി. ഞാൻ വേഗം വീണ്ടും രാഹുലിനെ മൈക്കിന് മുന്നിലേക്ക് കൊണ്ടുപോയി മുല്ലപ്പള്ളിക്കുകൂടി വോട്ടഭ്യർഥിക്കാൻ പറഞ്ഞു. വളരെ സീനിയർ നേതാവല്ലെ മോശമല്ലെ എന്നു വിചാരിച്ചാണിത് ചെയ്തത്. അപ്പോഴതാ രാഹുൽ മൈക്കിലൂടെ ‘മുള്ളപ്പള്ളി ആൾസോ...’ ഞാൻ ഞെട്ടി... ജനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.